തായ്പെയ്: തായ്വാനിലുണ്ടായ അതിശക്ത ഭൂകന്പത്തിൽ ഒന്പതു പേർ മരിക്കുകയും 821 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഭൂകന്പ മാപിനിയിൽ 7.4 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. കാൽനൂറ്റാണ്ടിനിടെ തായ്വാനിലുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ ഭൂകന്പമാണിത്. കിഴക്കൻതീരത്തെ ഹുവാലിയൻ മലയോര മേഖലയാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. വ്യാപകമായി മലയിടിച്ചിലുണ്ടായി. തലസ്ഥാനമായ തായ്പേയിലടക്കം കെട്ടിടങ്ങൾ കുലുങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഫിലിപ്പീൻസ്, ജപ്പാൻ എന്നിവിടങ്ങളിൽ പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു.
ഹുവാലിയനിലെ ടാരോകോ സംരക്ഷിത മേഖലയിൽ ആയിരത്തിലധികം പേർ കുടുങ്ങിയിട്ടുണ്ട്. ഭൂരിഭാഗവും മലയകറ്റ വിനോദത്തിന് എത്തിയവരാണ്. മലനിരകൾക്കടിയിലൂടെയുള്ള തുരങ്കപാതകളിലും കൽക്കരിഖനിയിലും ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ട്. തുരങ്കപാതയിലേക്കുള്ള റോഡുകൾ തകർന്ന നിലയിലാണ്. ഹുവാലിയൻ വ്യോമസേനാ താവളത്തിലുണ്ടായിരുന്ന എട്ട് എഫ്-16 യുദ്ധവിമാനങ്ങൾക്ക് നിസാര കേടുപാടുകളുണ്ടായി. ഭൂകന്പത്തിൽ വിമാനങ്ങൾ പാർക്ക് ചെയ്തിരുന്ന ഹാങ്കറുകളുടെ ഭിത്തി ഇടിഞ്ഞുവീണു.
Source link