ആർബിഐ തീരുമാനത്തിലേയ്ക്ക് കണ്ണുനട്ട് ഓഹരി വിപണി


ഇന്നും നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ വീണ് നേരിയ നഷ്ടത്തിലവസാനിച്ചു. ഇന്ന് 22,346 പോയിന്റ് വരെ വീണ ശേഷം റെക്കോർഡ് ഉയരത്തിന് അടുത്തെത്തിയ നിഫ്റ്റി 22434 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 73876 പോയിന്റിലും ക്ളോസ് ചെയ്തു. 
പൊതു മേഖല ബാങ്കുകളും ഐടി സെക്ടറും ഇന്ന് യഥാക്രമം 1.80%വും, 0.70%വും മുന്നേറിയപ്പോൾ നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികയും ഒരു ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കി. റിയൽറ്റി സെക്ടർ ഇന്ന് 2%ൽ കൂടുതൽ തകർച്ച നേരിട്ടു.  ഗോൾഡ്, ഡിഫൻസ്, ഫെർട്ടിലൈസർ, എനർജി, മെറ്റൽ ഓഹരികളും ഇന്ന് മുന്നേറ്റം നേടി. 

ആർബിഐ നയാവലോകനയോഗം
ഇന്ന് ആരംഭിച്ച റിസർവ് ബാങ്കിന്റെ നയാവലോകനയോഗം ഏപ്രിൽ അഞ്ചിന് വെള്ളിയാഴ്ച പുതുക്കിയ നിരക്കുകളും, നയംമാറ്റവും, ആഭ്യന്തര ഉല്പാദന-പണപ്പെരുപ്പ വളർച്ച അനുമാനങ്ങളും പ്രഖ്യാപിക്കാനിരിക്കുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. ആർബിഐ ഗവർണറുടെ പ്രസംഗത്തിന് മുൻപ് ‘പലിശബാധിത’ സെക്ടറുകളായ ബാങ്കിങ്, ഫിനാൻസ്, ഓട്ടോ, റിയൽറ്റി സെക്ടറുകളിലെ തിരുത്തലുകൾ നിക്ഷേപ അവസരമാണ്. 
റീപോ നിരക്ക് 6.50%ലും, റിവേഴ്‌സ് റീപ്പോ നിരക്ക് 3.35%ലും, ക്യാഷ് റിസർവ് റേഷ്യോ 4.50%ലും നിലനിർത്തുമ്പോഴും ആർബിഐയുടെ ജിഡിപി അനുമാനങ്ങളിലുണ്ടായേക്കാവുന്ന വലിയ മുന്നേറ്റം വിപണിക്ക് പ്രതീക്ഷയാണ്.    
നോൺഫാം പേറോൾ ഡേറ്റ വെള്ളിയാഴ്ച 

അമേരിക്കയുടെ മികച്ച മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും ഫെഡ് നിരക്ക് കുറയ്ക്കൽ പതിയെയാകുമെന്ന ധാരണ പടർത്തിയത് ഇന്നലെ ബോണ്ട് യീൽഡിന് മുന്നേറ്റം നൽകിയതും അമേരിക്കൻ വിപണിക്ക് തിരുത്തലിന് കാരണമായി. ഡൗ ജോൺസ്‌ 1% നഷ്ടം കുറിച്ചപ്പോൾ എസ്&പിയും, നാസ്ഡാക്കും തിരിച്ചു വരവ് നടത്തി നഷ്ടം ഒരു ശതമാനത്തിലും താഴെ നിർത്തി. ഇന്ന് അമേരിക്കൻ ഫെഡ് ചെയർമാനും, ഫെഡ് അംഗങ്ങളും സംസാരിക്കാനിരിക്കെ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറുന്നത് വിപണിക്ക് വീണ്ടും ക്ഷീണമാണ്. 
ഇന്ന് വരുന്ന എഡിപി എംപ്ലോയ്‌മെന്റ് ഡേറ്റയും, ഫെഡ് അംഗങ്ങളായ റാഫേൽ ബോസ്റ്റിക്കിന്റെയും, മിഷേൽ ബൗമാന്റെയും പ്രസ്താവനകൾ വരുന്നതും വിപണിക്ക് ഇന്ന് നിർണായകമായേക്കാം. നാളത്തെ ജോബ് ഡേറ്റയും, വെള്ളിയാഴ്ച വരുന്ന നോൺഫാം പേറോൾ കണക്കുകളും വിപണിക്ക് പ്രധാനമാണ്. 
ടെസ്‌ലയുടെ വില്പനവീഴ്ച 
ഇവി ഭീമനായ ടെസ്‌ലയുടെ ആദ്യപാദ വില്പനസംഖ്യകൾ അനുമാനത്തിനും വളരെ താഴെ പോയത് ഓഹരിക്ക് 6% തിരുത്തൽ നൽകിയത് മറ്റ് പ്രതികൂലഘടകങ്ങളുടെയെല്ലാം സ്വാധീനശക്തി വർദ്ധിപ്പിച്ചു. ചിപ്പ് ഓഹരികളടക്കമുള്ള മറ്റ് ടെക് ഓഹരികളുടെയും വീഴ്ചയുടെ വ്യാപ്തി വർദ്ധിക്കാൻ ടെസ്‌ലയുടെ വീഴ്ച കാരണമായി. ഇതും ഇന്നലെ അമേരിക്കൻ വിപണിയുടെ തിരുത്തലിന് ആക്കം കൂട്ടി. 

സ്വകാര്യ ആവശ്യത്തിനായുള്ള കാറിന്റെ ഡൗൺ പേയ്മെന്റ് നിയമങ്ങളിൽ ചൈനീസ് കേന്ദ്ര ബാങ്ക് ഇളവ് പ്രഖ്യാപിച്ചത് ജെഎൽആർ ഉടമസ്ഥരായ ടാറ്റ മോട്ടോഴ്സിനൊപ്പം ടെസ്‌ലക്കും അനുകൂലമാണ്. 
ക്രൂഡ് ഓയിൽ
അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ രണ്ട് ദശലക്ഷത്തിലേറെ ബാരലിന്റെ വീഴ്ചയുണ്ടായി എന്ന സൂചന ഇന്നലെ ക്രൂഡ് ഓയിലിന് വീണ്ടും മുന്നേറ്റം നൽകി. ഇന്ന് വരുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകൾക്കൊപ്പം ഒപെകിന്റെ യോഗ തീരുമാനങ്ങളാകും ക്രൂഡ് ഓയിലിന്റെയും ഗതി നിർണയിക്കുക. ബ്രെന്റ് ക്രൂഡ് ഓയിൽ വില 89 ഡോളറിലാണ് വ്യാപാരം തുടരുന്നത്. 
സ്വർണം 

ഇന്നലെ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിയപ്പോഴും രാജ്യാന്തര വിപണിയിൽ മുന്നേറി 2300 ഡോളർ പിന്നിട്ട സ്വർണവില 2300 ഡോളറിന് താഴെയാണ് വ്യാപാരം തുടരുന്നത്. ഫെഡ് ചെയർമാന്റെ പ്രസ്താവനകൾ ഡോളറിനൊപ്പം സ്വർണത്തിന്റെയും ഗതി നിർണയിക്കും. 
സ്വർണത്തിനൊപ്പം കുതിച്ച് സ്വർണ ഓഹരികൾ 
അമേരിക്കൻ ബോണ്ട് യീൽഡ് വീണതിനൊപ്പം മുന്നേറിയ സ്വർണം പിന്നീട് സങ്കീർണമാകുന്ന യുദ്ധമേഖലകളുടെ പിൻബലത്തിൽ റെക്കോർഡ് തിരുത്തി മുന്നേറുന്നത് ജ്വല്ലറി ഓഹരികൾക്കൊപ്പം, സ്വർണപണയ ഓഹരികൾക്കും അനുകൂലമാണ്. മണപ്പുറം, മുത്തൂറ്റ് ഓഹരികൾ ഇന്ന് നാല് ശതമാനത്തിൽ കൂടുതൽ മുന്നേറി. 
ടാറ്റ ടെക്‌നോളജി & ബിഎംഡബ്ലിയു 

ടാറ്റ ടെക്‌നോളജിയും ബിഎംഡബ്ലിയുവും സംയുക്തമായി ഓട്ടോമോട്ടീവ് സോഫ്ട്‍വെയർ ഉല്പാദനം ആരംഭിക്കുന്നത് ടാറ്റ ടെക്‌നോളജി ഓഹരിക്കും അനുകൂലമാണ്.  
ഐപിഓ 
ഇന്ന് ആരംഭിച്ച എയർടെലിന്റെ ഉപകമ്പനിയായ ഭാരതി ഹെക്‌സാകോമിന്റെ ഐപിഓ വെള്ളിയാഴ്ച അവസാനിക്കുന്നു. രാജസ്ഥാനിലും, നോർത്ത് ഈസ്റ്റ് മേഖലയിലും ബ്രോഡ്ബാന്റ് സർവീസ് നൽകുന്ന കമ്പനിയുടെ ഐപിഓ വില 542-570 രൂപയാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക


Source link
Exit mobile version