മദ്യനയക്കേസ്: എഎപിയുടെ സഞ്ജയ് സിങ്ങിന് ജാമ്യം; ‘എവിടെ തെളിവ്?’ – Supreme Court granted bail to Aam Aadmi Party leader Sanjay Singh on Liquor policy case | Malayalam News, India News | Manorama Online | Manorama News
മദ്യനയക്കേസ്: എഎപിയുടെ സഞ്ജയ് സിങ്ങിന് ജാമ്യം; ‘എവിടെ തെളിവ്?’
മനോരമ ലേഖകൻ
Published: April 03 , 2024 04:04 AM IST
1 minute Read
രൂക്ഷ വിമർശനവുമായി സുപ്രീം കോടതി
ജാമ്യത്തിൽ എതിർപ്പില്ലെന്ന് ഒടുവിൽ ഇ.ഡിയും
സഞ്ജയ് സിങ് (ഫയൽ ചിത്രം)
ന്യൂഡൽഹി ∙ ‘ആറു മാസമായി നിങ്ങൾ കസ്റ്റഡിയിൽ വച്ചിരിക്കുന്നു. പണം വാങ്ങിയെന്നു തെളിയിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടുമില്ല’– ഡൽഹി മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ.ഡി) രൂക്ഷ വിമർശനമുയർത്തിയതിനു പിന്നാലെ, മുതിർന്ന ആംആദ്മി പാർട്ടി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിങ്ങിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചു.
ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി.ബി. വരാലെ എന്നിവരുടെ ബെഞ്ചാണു രാവിലെ ജാമ്യാപേക്ഷ പരിഗണിച്ചത്. കടുത്ത പരാമർശങ്ങൾക്കുശേഷം ഹർജിയിൽ നിലപാടറിയിക്കാൻ ഇ.ഡിയോട് ആവശ്യപ്പെടുകയും ചെയ്തു. ‘പണം എവിടെയെന്നു നിങ്ങൾ കണ്ടെത്തിയിട്ടില്ല. പിഎംഎൽഎ നിയമപ്രകാരം ഒരു കുറ്റവും ചെയ്തിട്ടില്ലെന്നു പ്രഥമദൃഷ്ട്യാ രേഖപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് ഓർക്കുക. അതു വിചാരണഘട്ടത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാം’ – ജഡ്ജി ഖന്ന പറഞ്ഞു. വസ്തുതകളുടെ അടിസ്ഥാനത്തിൽ വാദിക്കാനുണ്ടെങ്കിൽ മാത്രം കേസ് അടുത്ത ദിവസത്തേക്കു മാറ്റാമെന്നും പറഞ്ഞു. ഉച്ചയ്ക്കുശേഷം കോടതി വീണ്ടും ചേർന്നപ്പോഴാണു ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു അറിയിച്ചത്.
ജാമ്യനടപടികൾ പൂർത്തിയാക്കി സഞ്ജയ് സിങ് ഇന്നു പുറത്തെത്തുമെന്നാണു വിവരം. രാഷ്ട്രീയ പ്രവർത്തനം തുടരാമെന്നും കേസുമായി ബന്ധപ്പെട്ടു പരസ്യപ്രസ്താവനകൾ നടത്തരുതെന്നും സുപ്രീം കോടതി നിർദേശിച്ചു. ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിക്കു തീരുമാനിക്കാം. ഈ ഉത്തരവ് കീഴ്‌വഴക്കമായി കണക്കാക്കരുതെന്നും വ്യക്തമാക്കി. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ കഴിഞ്ഞവർഷം ഒക്ടോബർ 4ന് ആണു സഞ്ജയ് സിങ് അറസ്റ്റിലായത്.
ആദ്യ 9 മൊഴിയിലും സഞ്ജയ് സിങ്ങില്ല
വ്യവസായി ദിനേശ് അറോറയുടെ ജോലിക്കാരൻ സഞ്ജയ് സിങ്ങിന്റെ വീട്ടിലെത്തി 2 കോടി രൂപ നൽകിയെന്നായിരുന്നു ഇ.ഡിയുടെ വാദം. അറസ്റ്റിലായശേഷം മാപ്പുസാക്ഷിയായി മാറിയ അറോറയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണു സഞ്ജയ് സിങ്ങിനെതിരായ കേസെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വി വാദിച്ചു. അറോറ ആദ്യം നൽകിയ 9 മൊഴികളിലും സഞ്ജയ് സിങ്ങിന്റെ പേരുണ്ടായിരുന്നില്ല. സഞ്ജയ് സിങ്ങിനെതിരെ മൊഴിനൽകിയശേഷം അറോറയുടെ ജാമ്യാപേക്ഷയെ ഇ.ഡി എതിർത്തതുമില്ല.
ഒരാൾ കൈക്കൂലി വാങ്ങുക മാത്രമാണെങ്കിൽ കള്ളപ്പണം വെളുപ്പിക്കൽ നിയമം (പിഎംഎൽഎ) ബാധകമാകുമോ എന്നു ജസ്റ്റിസ് ഖന്ന ചോദിച്ചപ്പോൾ ഇല്ലെന്നും ആദായനികുതി നിയമം മാത്രമേ ബാധകമാകൂ എന്നും സിങ്‌വി ചൂണ്ടിക്കാട്ടി. വാദം പൂർത്തിയായതിനു പിന്നാലെ കേസ് അടുത്തദിവസത്തേക്കു മാറ്റണമെന്ന് ഇ.ഡിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ നിശിത വിമർശനം.
English Summary:
Supreme Court granted bail to Aam Aadmi Party leader Sanjay Singh on Liquor policy case
40oksopiu7f7i7uq42v99dodk2-2024-04 6anghk02mm1j22f2n7qqlnnbk8-2024-04 40oksopiu7f7i7uq42v99dodk2-list mo-judiciary-supremecourt 6anghk02mm1j22f2n7qqlnnbk8-2024-04-02 40oksopiu7f7i7uq42v99dodk2-2024-04-02 mo-judiciary-lawndorder-enforcementdirectorate mo-politics-parties-aap mo-news-common-delhiliquorpolicyscam mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 4fiqoaj2pv2okfdvs2h65ficu8 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link