CINEMA

അന്തിക്കാട് നിന്നും സംവിധായകന് കത്തെഴുതിയ പത്തൊൻപതുകാരൻ; ഒരേയൊരു സത്യം…!


സത്യന്‍ അന്തിക്കാടിന്റെ ചലച്ചിത്ര പ്രവേശം ഒരു സത്യന്‍ സിനിമ പോലെ ലളിതസുന്ദരവും കൗതുകപൂര്‍ണവുമാണ്. അക്കാലത്ത് നര്‍മ രസപ്രധാനമായ സിനിമകള്‍ ഒരുക്കിയിരുന്ന ഡോ.ബാലകൃഷ്ണന് തൃശൂര്‍ ജില്ലയിലെ അന്തിക്കാട് എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്ന് സത്യന്‍ എന്ന പത്തൊൻപതുകാരന്‍ ഒരു കത്ത് എഴുതി. അങ്ങയുടെ സിനിമയില്‍ പാട്ടെഴുതാനും കഴിയുമെങ്കില്‍ സഹസംവിധായകനായി സിനിമ പഠിക്കാനും അവസരം ഒരുക്കണമെന്നായിരുന്നു ഉളളടക്കം.
പ്രഖ്യാതനായ ഒരു ചലച്ചിത്രകാരന് (ഡോ.ബാലകൃഷ്ണന്‍ അന്ന് നിര്‍മാതാവും തിരക്കഥാകൃത്തും സംവിധായകനുമാണ്) മുന്‍പരിചയമില്ലാത്ത ഒരു പയ്യന്‍ എഴുതുന്ന കത്ത് ചവറ്റുകൊട്ടയില്‍ സ്ഥാനം പിടിക്കുമെന്നാണ് സത്യന്‍ കരുതിയത്. എന്നാല്‍ അദ്ദേഹത്തെ അമ്പരപ്പിച്ചുകൊണ്ട് ഡോക്ടറുടെ മറുപടി വന്നു, മദ്രാസിലേക്ക് പുറപ്പെടാന്‍. അങ്ങനെ 1973 ല്‍ മഹാനഗരത്തിലേക്ക് തീവണ്ടി കയറിയ സത്യന്‍, ഡോ.ബാലകൃഷ്ണന്‍ തിരക്കഥയെഴുതി നിര്‍മിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത കോളജ് ഗേള്‍ എന്ന സിനിമയിലുടെ സംവിധാന സഹായി ആയി അരങ്ങേറി.

1974 ല്‍ റിലീസ് ചെയ്ത സിനിമയുടെ ടൈറ്റിലില്‍ ആദ്യമായി ആ പേര് തെളിഞ്ഞു. സംവിധാനസഹായി: സത്യന്‍ 
ആ ചെറിയ തുടക്കത്തില്‍ നിന്ന് 50 വര്‍ഷം കൊണ്ട് ഈ അന്തിക്കാട്ടുകാരന്‍ നടന്നു കയറിയത് മലയാള സിനിമയുടെ നെറുകയിലേക്കായിരുന്നു. സംവിധാനം ചെയ്ത സിനിമകളിലേറെയും സൂപ്പര്‍ഹിറ്റുകള്‍. അതിലുപരി കാമ്പും കഴമ്പും കാതലുമുള്ള ചിത്രങ്ങള്‍. പരാജയത്തിന്റെ രുചി അറിഞ്ഞ പടങ്ങള്‍ വിരളം. മലയാള സിനിമയില്‍ സത്യന്‍ അന്തിക്കാടിനെക്കാള്‍ മികച്ച സംവിധായകരുണ്ടാകാം. ആശയപരമായും സാങ്കേതിക മികവിലും അവര്‍ ബഹുദൂരം സഞ്ചരിച്ചിട്ടുമുണ്ടാവാം. എന്നാല്‍ മലയാളി ജനതയെ ഇത്രമേല്‍ ആഴത്തില്‍ സ്വാധീനിച്ച, ഒരു ഹേറ്റ് ക്യാംപെയ്നിങ്ങിനും വിധേയനാകാത്ത ഒരേ ഒരു സത്യം മാത്രയുളളു. അതിന്റെ പേരാണ് സത്യന്‍ അന്തിക്കാട്. മറ്റുളളവര്‍ക്കില്ലാത്ത സവിശേഷതകളാല്‍ സമ്പന്നമാണ് സത്യന്റെ സിനിമാ ജീവിതവും വ്യക്തിജീവിതവും.

സത്യൻ അന്തിക്കാട്

സമകാലിക രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ അവബോധമുളള സംവിധായകനാണ് സത്യന്‍. കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. സമകാലികാരില്‍ പലരും ഫിലിംമേക്കിങ്ങിലും ടെക്‌നോളജിയിലും മാത്രം അപ്‌ഡേറ്റ് ചെയ്യുമ്പോള്‍, ഈ ലോകം എവിടേക്കു സഞ്ചരിക്കുന്നു എന്നതിനാണ് സത്യന്റെ മുഖ്യപരിഗണന. പരന്ന വായന തന്നെയാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തെ സഹായിക്കുന്നത്. ചുറ്റുപാടുകളിലേക്കു തുറന്നു വച്ച കണ്ണും മനസ്സും ഒപ്പമുണ്ട്.

കരിയറിന്റെ തുടക്കം മുതല്‍ തന്നെ, ഒരു സിനിമയുടെ ജോലികള്‍ തീര്‍ത്താല്‍ ആറുമാസക്കാലം വീട്ടുകാര്യങ്ങളും കൃഷിയും പിന്നെ ആഴത്തിലുളള വായനയുമായി നാട്ടില്‍ ഒതുങ്ങിക്കൂടുന്നതാണ് ശീലം. വാസ്തവത്തില്‍ ഇത് ഒതുങ്ങിക്കൂടലല്ല, സ്വയം നവീകരണമാണ്. സമൂഹത്തിലെ മാറ്റങ്ങളെ കൃത്യമായി നിരീക്ഷിക്കാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ അദ്ദേഹം ഉപയോഗിക്കുന്നു. ഇന്നും ചെറിയ ചായപ്പീടികകളില്‍ പോയി ചായ കുടിക്കാനും നാട്ടുകാരുമായി കുശലം പറഞ്ഞിരിക്കാനും സത്യനു കഴിയുന്നത് ഈ മാനസികാവസ്ഥ കൊണ്ടാണ്.

ഈ വിശ്രമകാലത്തിനു പിന്നില്‍ മറ്റൊരു രഹസ്യം കൂടിയുണ്ട്. ജീവിതം കളഞ്ഞു സിനിമ ചെയ്യില്ല എന്ന സത്യന്റെ നിലപാട്. കുടുംബവുമൊത്തുളള നിമിഷങ്ങളെ അദ്ദേഹം അത്രമേല്‍ വിലമതിക്കുന്നു. പണവും അതിപ്രശസ്തിയും മോഹിച്ച് ഇടവേകളില്ലാതെ സിനിമകള്‍ ചെയ്യുന്ന സത്യനെ ഒരു കാലത്തും കാണാന്‍ സാധിക്കില്ല.

സത്യൻ അന്തിക്കാട് മോഹൻലാലിനൊപ്പം

സൗഹൃദങ്ങള്‍ കേവലം കെട്ടുകാഴ്ചകള്‍ മാത്രമായ ഒരു കാലത്ത് ആഴമേറിയ ബന്ധങ്ങള്‍ നിലനിര്‍ത്താനും സത്യനു കഴിയുന്നു. തന്റെ സിനിമകളിലെ സ്ഥിരം അഭിനേതാക്കളായ ഇന്നസന്റും മാമുക്കോയയും ശ്രീനിവാസനും ഒടുവിലും ലളിതയുമൊന്നും സത്യന് കേവലം സിനിമാ ബന്ധങ്ങളല്ല. വ്യക്തിജീവിത്തിലും അഗാധമായ അടുപ്പം അവര്‍ തമ്മില്‍ സൂക്ഷിക്കുന്നു. ബന്ധങ്ങള്‍ ഉള്‍ക്കൊളളുന്നവര്‍ക്കു മാത്രമേ കലയിലും ആഴത്തില്‍ ആവിഷ്‌കരിക്കാന്‍ കഴിയൂ എന്ന് സത്യന്‍ വിശ്വസിക്കുന്നു. ഇന്നസന്റ് ഒരിക്കല്‍ പറഞ്ഞു, ‘‘സിനിമയില്‍ എനിക്ക് നൂറുകണക്കിന് സുഹൃത്തുക്കളുണ്ട്. പക്ഷേ യഥാർഥ സൗഹൃദം സൂക്ഷിക്കുന്ന ചുരുക്കം ചിലരേയുളളു. അതില്‍ ഒരു പേര് പറയാം. സത്യന്‍ അന്തിക്കാട്’’…. കാരണം എന്തെന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി വിചിത്രമായിരുന്നു. ‘‘അത് പറഞ്ഞറിയിക്കാനൊന്നും പറ്റില്ല. അനുഭവിച്ചറിയേണ്ടതാണ്.’’
അന്യഭാഷകളോട് നോ
സത്യന്‍ സിനിമകള്‍ മെഗാഹിറ്റുകളായ കാലം മുതല്‍ തമിഴ് ഉള്‍പ്പെടെ ഇതരഭാഷകളില്‍ സിനിമകള്‍ ചെയ്യാന്‍ ധാരാളം ഓഫറുകള്‍ അദ്ദേഹത്തെ തേടി വന്നിരുന്നു. ഒരു ഓഫറും അദ്ദേഹം സ്വീകരിച്ചിട്ടില്ല. ഭാഷ അറിയാത്തതോ ആ സമൂഹത്തിന്റെ സംസ്‌കാരത്തെക്കുറിച്ച് അവബോധമില്ലാത്തതോ അല്ല പ്രശ്‌നം. മദ്രാസില്‍ ദീര്‍ഘകാലം താമസിച്ച സത്യന് ഇതു രണ്ടും നന്നായി അറിയാം. എന്നാല്‍ അദ്ദേഹം ആത്മാവില്‍ തനി മലയാളിയാണ്. കേരളത്തിന്റെ നിറവും മണവുമുളള സിനിമകള്‍ ഒരുക്കാനാണ് സത്യനിലെ ചലച്ചിത്രകാരന്‍ വെമ്പുന്നത്. അത്രമേല്‍ പൂർണതയോടെ മറ്റൊരു ഭാഷയില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന് അദ്ദേഹം കരുതുന്നു. ഒരിക്കല്‍ എംടി പറഞ്ഞതു പോലെ, അറിയാത്ത മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന നിളയാണെനിക്ക് ഇഷ്ടം എന്ന് സത്യനും കരുതുന്നു.

ഒരേ റൂട്ടില്‍ ഓടുന്ന വണ്ടിയാണ് സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ എന്ന് ഒരു നടന്‍ പരിഹസിക്കുകയുണ്ടായി. ഇതേ നടന്‍ സ്വന്തമായി രണ്ടു പടങ്ങള്‍ സംവിധാനം ചെയ്തപ്പോള്‍ അത് ഒരു റൂട്ടിലും ഓടാന്‍ കഴിയാത്ത സിനിമകളായി. അതേ സമയം എല്ലാ ജനുസ്സിലുമുളള പ്രേക്ഷക മനസ്സുകളില്‍ സത്യന്റെ പുതിയ സിനിമകള്‍ക്കൊപ്പം പഴയ സിനിമകളും നിലനില്‍ക്കുന്നു. യഥാർഥത്തില്‍ ഈ നടന്റെ ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഗ്രാമ്യാന്തരീക്ഷത്തില്‍ ഇടത്തരം കുടുംബ പശ്ചാത്തലത്തിലാണ് സത്യന്‍ അന്തിക്കാടിന്റെ സിനിമകളില്‍ ഏറിയ പങ്കും സംഭവിച്ചിട്ടുളളത്. തനിക്ക് പരിചിതമായ ഭൂമിക കഥാകഥനത്തിനായി ഒരു കലാകാരന്‍ സ്ഥിരമായി പിന്‍തുടരുന്നത് ഒരു കുറ്റമല്ല. മറിച്ച് സമാനസ്വഭാവമുളള ഇതിവൃത്തങ്ങളില്‍ കുടുങ്ങിക്കിടക്കുമ്പോഴാണ് അയാളിലെ പരിമിതി വെളിപ്പെടുന്നത്. സന്ദേശം, ഒരാള്‍ മാത്രം, പിന്‍ഗാമി, വരവേല്‍പ്പ്, സന്മനസുളളവര്‍ക്ക് സമാധാനം, നാടോടിക്കാറ്റ് എന്നിവയെല്ലാം പറയാന്‍ ശ്രമിക്കുന്നത്  പ്രത്യഭിഭിന്നമായ പ്രമേയങ്ങളാണ്. ഏതെങ്കിലും ഘട്ടത്തില്‍ സത്യന്‍ സ്വയം ആവര്‍ത്തിച്ചതായി അറിവില്ല.
വ്യാപകമായി പ്രചരിപ്പിക്കപ്പെടും പോലെ ഒരേ ജനുസ്സിലുളള സിനിമകള്‍ മാത്രമല്ല അദ്ദേഹം ഒരുക്കിയിട്ടുളളത്. ത്രില്ലര്‍ സിനിമകളായ ഒരാള്‍ മാത്രം, പിന്‍ഗാമി, അര്‍ത്ഥം, വേറിട്ട പശ്ചാത്തലത്തില്‍ ഒരു അന്വേഷണത്തിന്റെ കഥ പറഞ്ഞ ഇന്ത്യന്‍ പ്രണയകഥ, നമ്പര്‍ 20 സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത് ഇങ്ങനെ വേറിട്ട നിരവധി സിനിമകള്‍ സത്യന്റെ സിനിമാ പ്രപഞ്ചത്തിലുണ്ട്.

മലയാളത്തില്‍ ഏറ്റവും റിപ്പീറ്റ് വാല്യൂ ഉളള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ഏറ്റവുമധികം ആളുകള്‍ ആവര്‍ത്തിച്ച് കാണുന്ന സിനിമകള്‍ അദ്ദേഹത്തിന്റേതാണ്. അതില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു സന്ദേശവും നാടോടിക്കാറ്റും സന്മനസും മറ്റും. സന്ദേശം യുട്യൂബിൽ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട മലയാള സിനിമയെന്നും വിലയിരുത്തപ്പെടുന്നു.
മലയാളത്തിലെ യഥാര്‍ഥ രാഷ്ട്രീയ സിനിമ എന്ന് വിലയിരുത്തപ്പെട്ട സന്ദേശം റിലീസായി മൂന്ന് ദശകങ്ങള്‍ക്കു ശേഷവും ചര്‍ച്ച ചെയ്യപ്പെടുന്നു. എന്താണ് ഈ സിനിമയുടെ പ്രത്യേകത? പ്രകടമായി മുദ്രാവാക്യ സമാനമായി രാഷ്;ട്രീയം പറഞ്ഞ പല മലയാള സിനിമകളിലും സ്‌റ്റേജ് നാടകങ്ങളെയും കവല പ്രസംഗങ്ങളെയും അനുസ്മരിപ്പിക്കുന്ന തലത്തില്‍ കഥാപാത്രങ്ങള്‍ സംഭാഷണങ്ങള്‍ ഉരുവിടുന്നത് കാണാമായിരുന്നു. യാഥാർഥ്യവുമായി ചേര്‍ന്നു നില്‍ക്കാത്ത വിധം മന്ത്രിമാരുടെ കുത്തിന് പിടിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍മാരെയും മറ്റും ഇത്തരം സിനിമകളില്‍ നാം കണ്ടു. പലതും സമകാലീന വിഷയങ്ങളുടെ നേര്‍പകര്‍പ്പുകളായിരുന്നു. എന്നാല്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചേര്‍ന്ന് സൃഷ്ടിച്ച സന്ദേശം എല്ലാ കാലത്തിനും വേണ്ടിയുള്ള സിനിമയായിരുന്നു.

ശ്രീനിവാസനൊപ്പം സത്യൻ അന്തിക്കാട്

രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ആഴത്തില്‍ വിശകലനം ചെയ്ത ഈ സിനിമ നര്‍മത്തിന്റെ മുഖാവരണത്തിലൂടെ ഇതിവൃത്തത്തിന്റെ ഗൗരവപൂര്‍ണമായ ആന്തരിക തലത്തെ സമർഥമായി മറച്ചു പിടിച്ച് ഏത് സാധാരണക്കാരനും പ്രാപ്യമാം വിധം സറ്റയറിക്കല്‍ സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് കഥാകഥനം നിര്‍വഹിച്ചു. അതേസമയം അനവധി അടരുകളും വ്യാഖ്യാനസാധ്യതകളുമുളള ചലച്ചിത്രം എന്ന തലത്തില്‍ സന്ദേശം സര്‍വകാലപ്രസക്തമാവുകയും ചെയ്തു.
ഗഹനചിന്തകളുടെ ഭാരം പേറാത്ത സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് എന്താണ് സത്യന്‍ അന്തിക്കാടിന്റെ പ്രാധാന്യം എന്ന ചോദ്യത്തിനുളള ഉത്തരം ലളിതമാണ്. തിയറ്ററില്‍ വലിയ ചലനമുണ്ടാക്കാതെ പോയ സത്യന്‍ സിനിമകള്‍ പോലും ഇപ്പോള്‍ കണ്ടാലും മുഷിയില്ല. അപ്പുണ്ണി, വെറുതെ ഒരു പിണക്കം, കഥ തുടരുന്നു, സന്ദേശം… എത്ര പഴക്കമുളള സത്യന്‍ സിനിമയും ഇപ്പോള്‍ കാണുമ്പോഴും ഒരു പുതിയ സിനിമയുടെ ഫ്രഷ്‌നസ് പ്രദാനം ചെയ്യുന്നു.
കേരളീയ സമൂഹത്തില്‍ താരതമ്യേന മഹാഭൂരിപക്ഷം ഇടത്തരക്കാരാണ്. അവര്‍ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയുണ്ട്– ഉമ്മറത്തുനിന്ന് ഇറങ്ങുകയും ചെയ്തു, അമ്മാത്ത് ഒട്ട് എത്തിയതുമില്ല. താഴ്ന്ന തലത്തില്‍ ജീവിക്കാന്‍ പറ്റില്ല, ഉപരിവഗര്‍ത്തെ പോലെയാകാന്‍ ആഗ്രഹമുണ്ടെങ്കിലും അതിനുളള പണവുമില്ല. ചുരുങ്ങിയപക്ഷം ഉപരിവര്‍ഗമായി ഭാവിക്കാനെങ്കിലും ശ്രമിക്കണം. ഈ തരത്തില്‍ തത്രപ്പെടുന്ന ഒരു ജനതയുടെ പൊളളത്തരങ്ങളും സങ്കടങ്ങളും നിസ്സഹായതകളും മറ്റും സത്യന്‍ സിനിമകളില്‍ പലതിലും കാണാം. എന്നാല്‍ ഉപരിതലസ്പര്‍ശിയായ ഇത്തരം പ്രശ്‌നങ്ങളില്‍ മാത്രം അഭിരമിക്കുന്നവല്ല സത്യന്‍ സിനിമകള്‍. ശ്രീനിവാസനുമായി ചേര്‍ന്ന് അദ്ദേഹം ഒരുക്കിയ ഭൂരിഭാഗം സിനിമകളിലും രാഷ്ട്രീയവും പൊതുബോധവും ജനങ്ങളെ എങ്ങനെ വിപത്കരമായി ബാധിക്കുന്നു അഥവാ സ്വാധീനിക്കുന്നു എന്നത് സംബന്ധിച്ച സഫലമായ അന്വേഷണമുണ്ട്.

സത്യൻ അന്തിക്കാട് കുടുംബത്തിനൊപ്പം

വരവേല്‍പ്പ് ഒരു നല്ല സിനിമയല്ലെന്നും സന്ദേശം എന്തു സന്ദേശമാണു നല്‍കുന്നതെന്ന് അറിയില്ലെന്നും മലയാളത്തിലെ ഒരു നവതരംഗ തിരക്കഥാകൃത്ത് സന്ദേഹപ്പെടുകയുണ്ടായി. എല്ലാ പരിവര്‍ത്തനവും വ്യക്തിയില്‍നിന്നു തുടങ്ങണമെന്ന് സന്ദേശം എന്ന സിനിമ പറയുന്നു. അതുവഴി കുടുംബവും സമൂഹവും രാഷ്ട്രവും പരിവര്‍ത്തിക്കപ്പെടുകയും വികസിക്കുകയും ചെയ്യും. ദിശാബോധം നഷ്ടപ്പെട്ട, സ്വന്തം കുടുംബത്തോടും അവനവനോടു തന്നെയും ഉത്തരവാദിത്തമില്ലാത്തവര്‍ കൊടി പിടിക്കുമ്പോള്‍ ആ കൊടി സമൂഹത്തിന്റെ കഴുത്തില്‍ ചുറ്റുന്ന പാമ്പായി മാറുന്നു. ഇത്ര തീവ്രപ്രഹരശേഷിയുളള സിനിമയാണ് സന്ദേശം. ബുദ്ധിജീവിനാട്യമില്ലാതെ അവതരിപ്പിക്കുന്നതു കൊണ്ട് ആ സിനിമയെ അര്‍ഹിക്കുന്ന തലത്തില്‍ പരിഗണിക്കാന്‍ പല നിരൂപകര്‍ക്കും കഴിയാതെ പോയി.

വരവേല്‍പ്പ് സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശത്തിനു മേല്‍ ട്രേഡ് യൂണിയന്‍ സംസ്‌കാരം സൃഷ്ടിക്കുന്ന പ്രതിലോമകരമായ ഇടപെടലുകള്‍ ഏറ്റവും സമർഥമായി വരച്ചു കാട്ടിയ ചിത്രമാണ്. നാലു പേര്‍ക്ക് തൊഴില്‍ ലഭിക്കണമെങ്കില്‍ ഒരു തൊഴിലുടമ ഉണ്ടായേ തീരൂ. ലോണെടുത്ത് സംരംഭം തുടങ്ങുന്ന വ്യക്തിയില്‍നിന്നു സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയും അതിനു വഴങ്ങിയില്ലെങ്കില്‍ ബൂര്‍ഷ്വാ എന്ന് മൂദ്രകുത്തി അയാളുടെയും തൊഴിലാളികളുടെയും കുടുംബം പട്ടിണിയാക്കി സംരംഭം പൂട്ടിക്കുകയും ചെയ്യുന്ന പ്രവണതയ്ക്ക് ഏത് പ്രത്യയശാസ്ത്രത്തിന്റെ മുഖമുണ്ടെങ്കിലും നീതീകരിക്കാനാവില്ല. സംഘടനാ പ്രവര്‍ത്തനം ഒരു സമൂഹത്തിന്റെ നന്മയ്ക്കായി നിലകൊളളുമ്പോള്‍ മാത്രമാണ് അത് അർഥ പൂര്‍ണമാവുന്നത്. ഒരേ സമയം തൊഴിലാളിയെയും തൊഴിലുടമയെയും വഞ്ചിച്ച് അവരുടെ ചോരയൂറ്റിക്കുടിച്ച് തഴച്ചു വളരുന്ന ഇനമായി പരിണമിക്കുമ്പോള്‍ അവര്‍ ഒരു നാടിനെ പിന്നോട്ട് നടത്തുകയാണ്.

സത്യൻ അന്തിക്കാട്

സിനിമയിലും ജീവിതത്തിലും മാന്യന്‍
സിനിമകളില്‍ ദീക്ഷിക്കുന്ന സംസ്‌കാരം ജീവിതത്തിലും പുലര്‍ത്തുന്ന സത്യന്‍ അന്തിക്കാടിനെക്കുറിച്ചും കഥകളുണ്ട്. ഒരിക്കല്‍ ഏതോ സിനിമയുടെ കഥാചര്‍ച്ചയ്ക്കായി സത്യനും ശ്രീനിവാസനും ഒരു ഹോട്ടല്‍ മുറിയില്‍ തങ്ങുന്നു. അവിടെ എത്തിയ യുവാവ് സഹസംവിധായകനാകാന്‍ അവസരം ചോദിക്കുന്നു. തന്റെ കൂടെ ഇപ്പോള്‍ ധാരാളം സഹസംവിധായകരുണ്ടെന്നും താന്‍ വര്‍ഷത്തില്‍ ഒരു പടം മാത്രം ചെയ്യുന്ന ആളാണെന്നും വര്‍ഷത്തില്‍ ധാരാളം പടങ്ങള്‍ ചെയ്യുന്ന ജോഷിയെയോ ഐ.വി.ശശിയെയോ കണ്ടാല്‍ നന്നായിരിക്കുമെന്നും സത്യന്‍ പറയുന്നു. ചെറുപ്പക്കാരന്‍ നന്ദി പറഞ്ഞ് മടങ്ങുന്നു. എല്ലാം കേട്ടിരുന്ന ശ്രീനിവാസന്‍ സത്യനെ കളിയാക്കുന്നു. ‘‘എടോ പേരില്‍ മാത്രം സത്യന്‍ ഉണ്ടായാല്‍ പോരാ, വാക്കുകളിലും പ്രവൃത്തിയിലും അതുണ്ടാവണം’’ എന്നാണ് കമന്റ്്. സത്യന്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അദ്ദേഹം പറഞ്ഞ രണ്ട് സംവിധായകരും ഈ യുവാവിനെ കൂടെ കൂട്ടില്ലെന്ന ബോധ്യത്തോടെയാണ് സത്യന്‍ അത് പറഞ്ഞത്. 
എന്നാല്‍ സത്യന്‍ ഇതിന് നല്‍കുന്ന വിശദീകരണം മറ്റൊന്നാണ്. ആരും നിങ്ങളെ അസിസ്റ്റന്റാക്കില്ല എന്നു പറഞ്ഞാല്‍ ആ ചെറുപ്പക്കാരന്‍ മാനസികമായി തകര്‍ന്ന് പോകും. ഒരുപക്ഷേ അയാള്‍ കഴിവുളള ആളായിരിക്കാം. മറിച്ച് നമുക്ക് ഒരു അവസരം കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും അയാള്‍ക്ക് ആശ്വാസം പകരുന്ന പ്രതീക്ഷാനിര്‍ഭരമായ ഒരു വാക്ക് പറഞ്ഞ് അയയ്ക്കുന്നതാണ് അഭികാമ്യം. വന്നയാളെ പിണക്കിയില്ല, വേദനിപ്പിച്ചില്ല, അയാളുടെ പ്രതീക്ഷ കെടുത്തിയില്ല, നിരാശപ്പെടുത്തിയില്ല. ഇതാണ് സത്യന്‍ അന്തിക്കാട്.

സത്യൻ അന്തിക്കാട്

മലയാളത്തിലെ ഒരു നായകനടന്‍ തന്റെ കരിയറില്‍ വലിയ പിന്‍തുണ നല്‍കിയ സത്യന് ഡേറ്റ് നല്‍കാതെ ഒഴിവാക്കിത്തുടങ്ങി. പന്ത്രണ്ട് വര്‍ഷത്തോളം നീണ്ടുനിന്നു ഈ അകല്‍ച്ച. ഇതിനിടയില്‍ മറ്റ് നായകന്‍മാരെ ഉള്‍പ്പെടുത്തി സത്യന്‍ സൂപ്പര്‍ഹിറ്റുകളുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഒരിക്കല്‍ പോലും ഒരു വേദിയിലും പരസ്യമായോ രഹസ്യമായോ സത്യന്‍ ആ നടനെ തളളിപ്പറഞ്ഞില്ല. എന്തുകൊണ്ട് നിങ്ങള്‍ ഒരുമിച്ച് സിനിമകള്‍ ചെയ്യുന്നില്ല എന്ന് ചോദിച്ച മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. ‘‘അദ്ദേഹം വല്ലാത്ത തിരക്കില്‍ നില്‍ക്കുന്ന ഒരു താരമാണ്. പലപ്പോഴും ഞാന്‍ സിനിമകള്‍ പ്ലാന്‍ ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന് ഫ്രീയാകാന്‍ കഴിഞ്ഞെന്ന് വരില്ല. അല്ലാതെ ഞങ്ങള്‍ തമ്മില്‍ പിണക്കമൊന്നുമില്ല.’’
മാത്രമല്ല, ആ നടന്റെ നല്ല അഭിനയമുഹൂര്‍ത്തങ്ങളുളള സിനിമകള്‍ റിലീസ് ചെയ്യുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കാനും സത്യന്‍ മടിക്കാറില്ല.
പരാതികളും പരിഭവങ്ങളും കുറ്റപ്പെടുത്തലുകളും ഏഷണികളും പറഞ്ഞ് നെഗറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നതാണ് പൊതുവെ സിനിമാക്കാരുടെ രീതി. സത്യന്‍ എല്ലായ്‌പോഴും ഇതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. നയചാതുര്യവും പക്വതയും ഔചിത്യബോധവുമാണ് ആ വ്യക്തിത്വത്തിന്റെ കാതല്‍.
നിമ്മിയും മാരുതിയും
എത്ര പുണ്യവാളനെയും ഗോസിപ്പില്‍ കുടുക്കുന്നതാണ് സിനിമയുടെ ശീലം. പലർക്കും കരിയറിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഇത്തരം ആക്രമണങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. സത്യന്‍ അവിടെയും മികച്ച മെയ്‌വഴക്കം പുലര്‍ത്തി. ഷൂട്ടിങ് കഴിഞ്ഞാല്‍ വീട്, വീട് വിട്ടാല്‍ ലൊക്കേഷന്‍- എന്ന തലത്തില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ഖ്യാതി. മറിച്ച് ഒരു വര്‍ത്തമാനത്തിന് അദ്ദേഹം ഇതുവരെ ഇടം കൊടുത്തിട്ടില്ല.

സത്യൻ അന്തിക്കാടും ഭാര്യ നിമ്മി സത്യനും

ഭാര്യ നിമ്മിയെ കൗമാരപ്രായത്തില്‍ പ്രണയിച്ച് വിവാഹം കഴിച്ച സത്യന്‍, ഉലയാത്ത ദൃഢതയോടെ സ്വന്തം ദാമ്പത്യം മൂന്നോട്ട് കൊണ്ടുപോകുന്നു. ബന്ധങ്ങളിലുളള ഈ വിശ്വാസം മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല അചേതന വസ്തുക്കളോടും സത്യനുണ്ട്. ആദ്യമായി വാങ്ങിയ മാരുതി 800 ഇന്നും സത്യന്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നു. നാട്ടിലെ ലോക്കല്‍ ഓട്ടങ്ങളില്‍ വലിയ കാറുകള്‍ മാറ്റി നിര്‍ത്തി ഇന്നും മാരുതിയെ ആശ്രയിക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ശ്രീനിവാസനുമെല്ലാം സഞ്ചരിച്ച ആ കാറിന്റെ കഥകള്‍ ഇപ്പോഴും അദ്ദേഹം അതിഥികളോട് വിവരിക്കും. നെല്‍കൃഷി ചെയ്യുന്ന പാടവും മറ്റ് കൃഷിയിടങ്ങളുമെല്ലാം ഈ തരത്തില്‍ പ്രിയപ്പെട്ടതാണ്. ഗൃഹാതുരതയെ മുറുകെ പിടിക്കുന്ന ഈ സത്യന്‍ മനോഭാവം അതുകൊണ്ടുതന്നെ സിനിമകളിലും പ്രതിഫലിക്കുന്നു.
സംവിധാനം തന്നെ പ്രധാനം
ഗാനരചയിതാവായി കരിയര്‍ ആരംഭിച്ച സത്യനിലെ പ്രായോഗികമതി സംവിധായകപ്പട്ടം കെട്ടിയപ്പോള്‍ എല്ലാം കൂടി കയ്യാളാന്‍ നിന്നില്ല. തന്നേക്കാള്‍ മികച്ചതെന്ന് അദ്ദേഹത്തിന് തോന്നിയ കൈതപ്രം അടക്കമുളളവരെ ആ ചുമതല ഏല്‍പിച്ചു. തിരക്കഥ എഴുതാന്‍ അറിയാമായിരുന്നിട്ടും ലോഹിതദാസിനെയും ശ്രീനിവാസനെയും രഘുനാഥ് പലേരിയെയും ഇക്ബാല്‍ കുറ്റിപ്പുറത്തെയും രഞ്ജന്‍ പ്രമോദിനെയും കൂട്ടുപിടിച്ചു. ഇതിന് അദ്ദേഹം നല്‍കിയ ന്യായീകരണം ആ വ്യക്തിത്വ സവിശേഷത എടുത്തു കാട്ടുന്നതാണ്.
‘ഒരാള്‍ മാത്രമായി ചിന്തിക്കുമ്പോള്‍ അത് ഏകതാനമായി പോകും. മറിച്ച് എന്നേക്കാള്‍ മെച്ചപ്പെട്ട ഒരു എഴുത്തുകാന്‍ കൂടി വരുമ്പോള്‍ രണ്ട് തലച്ചോറുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും. പരസ്പരമുളള ചര്‍ച്ചകളും സംവാദങ്ങളും ആശയരൂപീകരണങ്ങളും കഥയെ മറ്റൊരു തലത്തിലെത്തിക്കും.’

മക്കളായ അനൂപിനും അഖിലിനുമൊപ്പം

ഇതൊക്കെ പറയുമ്പോഴും ഒരു മോശം ഗാനരചയിതാവോ തിരക്കഥാകൃത്തോ അല്ല സത്യന്‍. മികച്ച കഥയ്ക്കും (ടി.പി.ബാലഗോപാലന്‍) തിരക്കഥയ്ക്കും (വിനോദയാത്ര) സംസ്ഥാന പുരസ്‌കാരം വാങ്ങിയ സത്യന്‍ തുവല്‍ക്കൊട്ടാരത്തിലുടെ മികച്ച സംവിധായകനുളള സര്‍ക്കാര്‍ അംഗീകാരവും സ്വന്തമാക്കി. ഇന്നും സംഗീത പ്രേമികള്‍ മൂളി നടക്കുന്ന ‘ഒരു നിമിഷം തരൂ നിന്നിലലിയാന്‍’, ‘ഓ…മൃദുലേ. ഹൃദയമുരളിയിലൊഴുകി വാ’, ‘ഇല്ലിക്കാടും ചെല്ലക്കാറ്റും തമ്മില്‍ ചേരും നിമിഷം’ ഇവയെല്ലാം സത്യന്റെ തൂലികയില്‍ വിരിഞ്ഞ ഗാനങ്ങളാണ്.
ഫോക്കസ്ഡാവുക എന്നതിനാണ് സത്യന്‍ എന്നും മുന്‍തൂക്കം നല്‍കിയത്. താന്‍ ആഗ്രഹിച്ച തിരക്കഥാകൃത്തുക്കളെ സമയത്ത് കിട്ടാതെ വന്നപ്പോള്‍ മാത്രം തൂലിക കയ്യിലെടുത്ത സത്യന്‍ അല്ലാത്ത സന്ദര്‍ഭങ്ങളിലെല്ലാം സംവിധാന കലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
അഭിനേതാക്കളെയും എഴുത്തുകാരെയും മോള്‍ഡ് ചെയ്യാനുളള സത്യന്റെ കഴിവ് അപാരമാണ്. തട്ടുപൊളിപ്പന്‍ സിനിമകളില്‍ അഭിനയിച്ചു വന്ന മോഹന്‍ലാലിനെ ഇടത്തരക്കാരന്റെ ജീവിതസമസ്യകള്‍ ഉള്‍ക്കൊളളുന്ന നാടന്‍ കഥാപാത്രങ്ങളിലേക്ക് പറിച്ചു നട്ട സത്യന്‍ അദ്ദേഹത്തിലെ  സൂക്ഷ്മാഭിനയം പുറത്തെടുത്ത് മലയാളികളെ വിസ്മയിപ്പിച്ചു. കളിയില്‍ അല്‍പ്പം കാര്യത്തിലും അപ്പുണ്ണിയിലും തുടങ്ങിയ ആ സപര്യ നാടോടിക്കാറ്റിലും ഗാന്ധിനഗറിലും സന്മനസിലുമെല്ലാം പരമകാഷ്ഠയില്‍ എത്തി.
ബോയിങ് ബോയിങ്, ഓടരുതമ്മാവാ ആളറിയാം, ഹലോ മൈഡിയര്‍ റോങ് നമ്പര്‍, അരം അരം കിന്നരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്നിങ്ങനെ ഉപരിപ്ലവമായ ഹാസ്യ സിനിമകള്‍ക്ക് തിരക്കഥ രചിച്ചു വന്ന ശ്രീനിവാസന്റെ കരിയര്‍ ബെസ്റ്റ് തിരക്കഥകള്‍ ഒന്നടങ്കം സംഭവിക്കുന്നത് സത്യന്‍ അന്തിക്കാടുമായുളള കൂട്ടുകെട്ടിന് ശേഷമാണ്.
വരവേല്‍പ്പും സന്ദേശവും പോലുളള ഗൗരവപൂര്‍ണമായ വിഷയങ്ങളിലേക്ക് ശ്രീനിവാസന്റെ പ്രതിഭയെ പറിച്ചു നട്ട സത്യന്‍ രഘുനാഥ് പലേരിക്കും ഇക്ബാല്‍ കുറ്റിപ്പുറത്തിനും രഞ്ജന്‍ പ്രമോദിനും പുതിയ മുഖം നല്‍കി.
സ്വാഭാവികതയും യഥാർഥജീവിതവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ആസ്വാദനക്ഷമമായ സിനിമകള്‍ ഒരുക്കാമെന്ന് അദ്ദേഹം തെളിയിച്ചു. സ്ലാപ്‌സ്റ്റിക് കോമഡികള്‍ക്ക് പകരം അനായാസവും നൈസര്‍ഗികവും ഔചിത്യപൂര്‍ണവുമായ നര്‍മത്തിന്റെ സാധ്യതകളെ സത്യന്‍ ചൂഷണം ചെയ്തു. മഴവില്‍ക്കാവടിയില്‍ വായില്‍ വെളളം കുലുക്കുഴിഞ്ഞുകൊണ്ട് സംസാരിക്കുന്ന ഇന്നസന്റിന്റെ കഥാപാത്രം മുതല്‍ സന്ദേശത്തില്‍ പേരക്കൂട്ടിയുടെ ചോറൂണ് ഒഴികെയുളള ദിവസങ്ങളില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന താത്ത്വികാചാര്യന്‍ വരെയുളള നിരവധി സന്ദര്‍ഭങ്ങള്‍ സത്യന്‍ സിനിമകളിലുണ്ട്
അതീവഗൗരവമുളളതും കാലിക പ്രാധാന്യമുളളതും പലപ്പോഴും കാലാതിവര്‍ത്തിയുമായ സിനിമകളാണ് സത്യന്‍ ഒരുക്കിയത്. അവയ്ക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നും അവ എക്കാലവും ആസ്വാദനക്ഷമമായി നിലനില്‍ക്കുന്നു എന്നും പറഞ്ഞത് അക്കാദമിക് തലത്തിലുളളവരല്ല, സാധാരണക്കാരായ പ്രേക്ഷകരാണ്. അവരുടെ ഹൃദയത്തിലാണ് സത്യന്‍ നിലനില്‍ക്കുന്നത്.
അയ്യേ എന്ന് പറയിക്കുന്ന ഒരു സിനിമ അദ്ദേഹം ചെയ്തിട്ടില്ല. മുഖം ചുളിക്കാന്‍ ഇടിയാക്കുന്ന ഒരു സീനോ കഥാസന്ദര്‍ഭമോ പ്രമേയമോ എന്തിന് സംഭാഷണശകലം പോലും സത്യന്‍ സിനിമയില്‍ കാണാനാവില്ല. ജീവിതം സത്യസന്ധമായി പകര്‍ത്താന്‍ ബാധ്യസ്ഥനായ ഒരു ചലച്ചിത്രകാരന്‍ ഇങ്ങനെ സദാചാര പോലീസ് കളിക്കേണ്ടതുണ്ടോയെന്ന് നമുക്ക് തോന്നാം. പക്ഷേ കുടുംബവുമായി ഒന്നിച്ചിരുന്ന് കാണാന്‍ പാകത്തിലുളള സിനിമകളേ ആ ക്യാമറ പകര്‍ത്തുകയുളളു. ജീവിതത്തില്‍ അപ്രിയസത്യങ്ങള്‍ പറയാന്‍ വൈമുഖ്യം കാട്ടുന്ന സത്യന്‍ സിനിമയിലും ആ പക്വത ദീക്ഷിക്കുന്നു എന്നതാണ് സത്യം.
സത്യനും സാങ്കേതിക മേന്മയും
സത്യന്റെ സിനിമകള്‍ക്ക് ടെക്‌നിക്കല്‍ ബ്രില്യന്‍സ് പോരാ എന്ന് വിമര്‍ശിക്കുന്ന ചിലരുണ്ട്. എന്താണ് ടെക്‌നിക്കല്‍ ബ്രില്യന്‍സ് എന്ന് അറിയാത്തവരാണ് ഇവരില്‍ പലരും. കഥ പറയുക/ കാണിച്ചുകൊടുക്കുക എന്നതാണ് സിനിമയുടെ അടിസ്ഥാന ധര്‍മവും മര്‍മവും.ഇതിന് ഉപയുക്തമായ വിധത്തില്‍ ഔചിത്യബോധത്തോടെ ഉപയോഗിക്കേണ്ട ഒരു ഉപകരണം മാത്രമാണ് ക്യാമറ. അനാവശ്യമായ വിഷ്വല്‍ ഗിമ്മിക്കുകള്‍ക്ക് വേണ്ടി സിനിമ നിര്‍മ്മിക്കുന്ന ചില സംവിധായകര്‍ ഇതേക്കുറിച്ച് ബോധവാന്‍മാരല്ല. ഷോട്ടുകളുടെ ധാരാളിത്തമാണ് സിനിമ എന്ന് ഇവര്‍ വിശ്വസിക്കുന്നു. തികഞ്ഞ അബദ്ധ ധാരണയാണിത്. സത്യന്‍ അന്തിക്കാട് വാസ്തവത്തില്‍ സിനിമയിലെ ഒരു വൈക്കം മുഹമ്മദ് ബഷീറാണ്. കാച്ചിക്കുറുക്കി കഥ പറയുക എന്നതാണ് അദ്ദേഹത്തിന്റെ രീതി. ഏറ്റവും കുറഞ്ഞ ഷോട്ടുകളിലുടെ ഏറ്റവും ഫലപ്രദവുമായി ആശയസംവേദനം സാധ്യമാക്കുക. സത്യജിത്ത് സേറയും അടൂര്‍ ഗോപാലകൃഷ്ണനും കെ.ജി.ജോര്‍ജും അടക്കം ഇന്ത്യന്‍ സിനിമയിലെ പല മഹാരഥന്‍മാരും അനുവര്‍ത്തിച്ചു വന്നതും ഇപ്പോള്‍ ന്യൂജനറേഷന്‍ ചലച്ചിത്രവക്താക്കള്‍ സ്വീകരിച്ചു വരുന്നതുമായ സമീപനവും സത്യന്റെ നിലപാടുകള്‍ക്ക് സമാനമാണ്.
കട്ട് ഷോട്ടുകള്‍ കൊണ്ട് അഭിഷേകം ചെയ്യുന്ന സിനിമകള്‍ കളം നിറഞ്ഞാടിയ കാലത്തും ബില്‍ഡ് അപ്പ് ഷോട്ടുകളില്‍ മിതത്വം പാലിച്ച സംവിധായകനാണ് സത്യന്‍. പത്ത് ഷോട്ടുകള്‍ കൊണ്ട് സംവേദനം ചെയ്യാന്‍ കഴിയാത്ത ഒരു ഭാവം ഒറ്റഷോട്ട് കൊണ്ട് സാധിച്ചെടുക്കുന്ന സത്യനെ പല സിനിമകളിലും കാണാം.
സത്യന്‍ അന്തിക്കാട് ഇത്ര മഹാനായ സംവിധായകനാണോ എന്ന് സന്ദേഹിക്കുന്നവരുണ്ട്. അതിന് ഉത്തരം നല്‍കേണ്ടത് കാലമാണ്. എന്തായാലും കഴിഞ്ഞ ഏതാനും ദശകങ്ങളായി മലയാളിയെ മുഖം ചുളിയാതെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന സംവിധായകരില്‍ ആദ്യത്തെ പേരുകാരന്‍ ഈ അന്തിക്കാട്ടുകാരനാണെന്ന സത്യത്തില്‍ രണ്ടുപക്ഷമുണ്ടാവാനിടയില്ല.

ഫഹദ് ഫാസിലിനൊപ്പം സത്യൻ അന്തിക്കാട്

സ്വയം തിരിച്ചറിയാനുളള കഴിയാണ് സത്യനിലെ ചലച്ചിത്രകാരനെയും വ്യക്തിയെയും വേറിട്ട് നിര്‍ത്തുന്നത്. വീണ്ടും ചില വീട്ടുകാര്യത്തിലെ നായകന്‍ തനത് അസ്തിത്വം തേടി അലയുകയും ഒടുവില്‍ അത് കണ്ടെത്തുകയും ചെയ്യുന്ന ആളാണ്. എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ത്തന്നെ ഈ തിരിച്ചറിവിന്റെ ഗുണഫലം കൊയ്ത ചലച്ചിത്രകാരനാണ് സത്യന്‍ അന്തിക്കാട്.
താനാരാണ്, തന്റെ കഴിവുകളും പരിമിതികളും എന്താണ്, എന്താണു തനിക്ക് വേണ്ടത്, എന്താണു വേണ്ടാത്തത്, എങ്ങനെയുളള ജീവിതമാണ് തനിക്ക് അഭികാമ്യം ഇതെല്ലാം സത്യന് നന്നായറിയാം. അതുകൊണ്ടുതന്നെ പല കാലങ്ങളില്‍ പലതായി ജീവിക്കാതെ എന്നും സ്വന്തം നിലപാടുകളില്‍ ഉറച്ചു നിന്ന് സിനിമകള്‍ ചെയ്യാനും ഒപ്പം നല്ല ഭര്‍ത്താവും അച്ഛനും സുഹൃത്തും എല്ലാമായി നിലനില്‍ക്കാനും അദ്ദേഹത്തിന് കഴിയുന്നു. ആത്മസുഹൃത്തായ ഇന്നസന്റിന്റെ വാക്കുകള്‍ തന്നെ കടമെടുക്കാം. ‘‘സിനിമയില്‍നിന്ന് കിട്ടുന്ന കോടികളേക്കാള്‍ സത്യനെ സന്തോഷിപ്പിക്കുന്നത് തൊടിയില്‍ വിളഞ്ഞു നില്‍ക്കുന്ന ഒരു വാഴക്കുല കാണുന്നതാവാം. ഒരു അണ്ണാറക്കണ്ണന്റെ മരംചാട്ടമാവാം. ഒരു കുയിലിന്റെ പാട്ടാവാം…’’
അദ്ദേഹത്തിന്റെ ഗാനശകലത്തില്‍ തന്നെ ആ മനസ്സുണ്ട്. ‘‘ഇല്ലിക്കാടും ചെല്ലക്കാറ്റും തമ്മില്‍ ചേരും നിമിഷം…’’


Source link

Related Articles

Back to top button