കന്യാകുമാരി: തമിഴ് രാഷ്ട്രീയത്തിലെ വേറിട്ട തീരം; പൊൻ വിജയിയാര്? | Malayalam News, Kerala News | Manorama Online | Manorama News
കന്യാകുമാരി: തമിഴ് രാഷ്ട്രീയത്തിലെ വേറിട്ട തീരം; പൊൻ വിജയിയാര്?
ഫിറോസ് അലി
Published: April 03 , 2024 03:58 AM IST
Updated: April 03, 2024 04:53 AM IST
2 minute Read
വിജയ് വസന്തിലൂടെ മണ്ഡലമുറപ്പിക്കാൻ കോൺഗ്രസ്; പൊൻ രാധാകൃഷ്ണനിലൂടെ തിരിച്ചുപിടിക്കാൻ ബിജെപി
കന്യാകുമാരിയിലെ കോൺഗ്രസ് സ്ഥാനാർഥി വിജയ് വസന്തിന്റെ കാറിനു മുന്നിൽ കോൺഗ്രസ്, സിപിഎം, സിപിഐ, ലീഗ് തുടങ്ങി മുന്നണിയിലെ 11 പാർട്ടികളുടെയും പതാകകൾ സ്ഥാപിച്ചിരിക്കുന്നു. ചിത്രം: ഫഹദ് മുനീർ/മനോരമ
ചേമ്പിലയിൽ വെള്ളമെന്ന പോലെ, തമിഴകത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിൽനിന്നു മാറി നിൽക്കുന്ന മണ്ഡലമാണ് കന്യാകുമാരി. അൻപതാണ്ടിലേറെയായി സംസ്ഥാനം അടക്കി ഭരിക്കുന്ന ദ്രാവിഡ പാർട്ടികളുടെ പ്രതിനിധി ഇവിടെ നിന്നു ഡൽഹി ടിക്കറ്റ് നേടിയത് ഒരേയൊരു തവണ മാത്രം. വിജയികളുടെ പട്ടികയിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും സിപിഎമ്മിന്റെയുമൊക്കെ പേരുകൾ പല തവണ കുറിച്ചിട്ടുണ്ട്.
നാഗർ കോവിലായിരുന്ന,പിന്നീട് കന്യാകുമാരിയെന്ന് പേരു മാറ്റിയ മണ്ഡലത്തിൽ വീണ്ടും തിരഞ്ഞെടുപ്പ് ആരവമുയരുമ്പോൾ താമര വിരിയിക്കാനുള്ള ദൗത്യം ബിജെപി ഏൽപിച്ചിരിക്കുന്നത് അണികളുടെ സ്വന്തം ‘പൊന്നാർ’ എന്ന മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ. മണ്ഡലം നിലനിർത്താൻ കോൺഗ്രസിന്റെ സിറ്റിങ് എംപി വിജയ് വസന്ത് വീണ്ടുമിറങ്ങുന്നു. അണ്ണാ ഡിഎംകെയുടെ ബസിലിയാൻ നസ്രേത്തും നാം തമിഴർ കക്ഷിയുടെ മരിയ ജെന്നിഫറും കൂടി ചേരുമ്പോൾ ത്രിവേണീ സംഗമഭൂമിയിലെ പോരിനു ചതുഷ്കോണത്തിന്റെ ചൂട്.
വിജയം ആവർത്തിക്കാൻ വിജയ് വസന്ത്നട്ടുച്ചയാണ്. കടലിൽനിന്നു വീശുന്ന കാറ്റുമായി സഖ്യം ചേർന്നതോടെ ചൂടിന് ഇരട്ടി കാഠിന്യം. പള്ളം ബീച്ചിൽ പള്ളിക്കു മുന്നിൽ ചെറിയൊരു ആൾക്കൂട്ടം. മുറ്റത്തു നിർത്തിയിട്ടിരിക്കുന്ന ലാൻഡ് റോവർ കാറിനു മുന്നിൽ കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും സിപിഎമ്മിന്റെയും സിപിഐയുടെയും കൊടികൾ തോളിൽ കയ്യിട്ടു നിൽക്കുന്നു. കോൺഗ്രസ് സ്ഥാനാർഥി വിജയ് വസന്ത് വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ്.
1000 കോടിയിലേറെ വിറ്റുവരവുള്ള ഗൃഹോപകരണ വിൽപന ശൃംഖലയുടെ എംഡിയായ വിജയ് ബിസിനസ് പഠിച്ചത് ലണ്ടനിൽ നിന്നാണ്. രാഷ്ട്രീയത്തിൽ അനുഭവമാണു ഗുരു. പിതാവ് എച്ച്.വസന്തകുമാർ കോവിഡ് ബാധിച്ചു മരിച്ചതിനെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പായിരുന്നു വിജയ്ന്റെ ആദ്യ മത്സരം. 10 സിനിമകളിൽ മുഖം കാണിച്ചെങ്കിലും ജനങ്ങൾ എംപി വേഷം ഏൽപിച്ചതോടെ അഭിനയത്തിനു തൽക്കാലം തിരശ്ശീലയിട്ടു.
പത്താമങ്കത്തിന് പൊന്നാർമണ്ടയ്ക്കാട് ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ചൊവ്വാഴ്ച പ്രത്യേക പൂജയുടെ ദിവസമാണ്. മലയാളികളുൾപ്പെടെ ഒട്ടേറെ ഭക്തർ ഉച്ചപ്പൂജ തൊഴാൻ കാത്തു നിൽക്കുന്നു. കത്തുന്ന ചൂടിൽ ഉരുകി നിൽക്കുന്നവർക്കിടയിലേക്ക്, കാതടപ്പിക്കുന്ന ശബ്ദകോലാഹലത്തോടെ വാഹനം കടന്നുവന്നു. ‘അൻപുടയ വാക്കാളർ പെരുമക്കളേ, മുക്കടൽ മുത്തമിടും കന്യാകുമാരി മാവട്ടത്തിൻ മുഖം മാറ്റിയ വികസന നായകൻ പൊൻ രാധാകൃഷ്ണൻ അവർകൾ….’. തുറന്ന വാഹനത്തിൽ ‘പൊന്നാറെത്തി’. ‘19ന് ആണു തിരഞ്ഞെടുപ്പ്. താമര ചിഹ്നത്തിൽ വോട്ടു ചെയ്യാൻ മറക്കരുത്’– അഭ്യർഥന രണ്ടു വാക്കുകളിലൊതുക്കി വാഹനം അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്.
1991ൽ ആണ് പൊൻ രാധാകൃഷ്ണൻ ആദ്യമായി തിരഞ്ഞെടുപ്പു ഗോദയിലിറങ്ങുന്നത്. പിന്നീട് 8 വട്ടം അതാവർത്തിച്ചെങ്കിലും വിജയിച്ചതു 2 തവണ. ഡിഎംകെയുമായി മുന്നണിയായി മത്സരിച്ച 1999ലും കോൺഗ്രസും ഡിഎംകെയും അണ്ണാ ഡിഎംകെയുമെല്ലാം ഒറ്റയ്ക്കു മത്സരിച്ച 2014ലും. ബിജെപിക്ക് അന്ന് പിഎംകെയുടെയും വിജയകാന്തിന്റെ ഡിഎംഡികെയുടെയും കൂട്ടുണ്ടായിരുന്നു.
2019ൽ വസന്തകുമാറിനോട് 2.37 ലക്ഷം വോട്ടിനും അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ മകനോട് 1.37 ലക്ഷം വോട്ടിനും തോറ്റു. വിജയിച്ച രണ്ടു തവണയും പൊൻ രാധാകൃഷ്ണൻ കേന്ദ്രമന്ത്രിയായി. ഇത്തവണയും ബിജെപി പ്രവർത്തകർ രഹസ്യമായി ചോദിക്കുന്നുണ്ട്. ‘വെറും എംപി മതിയോ, മധ്യ അമച്ചറെ (കേന്ദ്രമന്ത്രി) വേണോ ? കടൽ പോലെ കന്യാകുമാരിയിലെ തിരഞ്ഞെടുപ്പു രംഗവും ഇളകി മറിയാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
കാമരാജിന്റെ മണ്ഡലംകോൺഗ്രസ് പ്രസഡന്റും മദ്രാസ് സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായിരുന്ന കെ.കമരാജ് സംഘടനാ കോൺഗ്രസ് ലേബലിൽ 1971 ൽ നാഗർകോവിലിൽ നിന്നു ജയിച്ചു. ഇവിടെ എംപിയായിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്.
English Summary:
കന്യാകുമാരി: തമിഴ് രാഷ്ട്രീയത്തിലെ വേറിട്ട തീരം; പൊൻ വിജയിയാര്?
40oksopiu7f7i7uq42v99dodk2-2024-04 mo-politics-parties-cpim 6anghk02mm1j22f2n7qqlnnbk8-2024-04 40oksopiu7f7i7uq42v99dodk2-list sqmo453goibfffttic0c3tjn 6anghk02mm1j22f2n7qqlnnbk8-2024-04-03 40oksopiu7f7i7uq42v99dodk2-2024-04-03 mo-politics-elections-loksabhaelections2024 mo-travel-kanyakumari mo-politics-parties-bjp firoz-ali mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024
Source link