INDIALATEST NEWS

ബിജെപിയിൽ ചേരാൻ സമ്മർദം; അല്ലെങ്കിൽ അറസ്റ്റ്: അതിഷി


ന്യൂഡൽഹി ∙ രാഷ്ട്രീയ ഭാവി സംരക്ഷിക്കാൻ ബിജെപിയിൽ ചേരാൻ ശക്തമായ സമ്മർദമുണ്ടെന്ന ആരോപണവുമായി എഎപി നേതാവും മന്ത്രിയുമായ അതിഷി. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനകം താൻ അറസ്റ്റിലാകുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്നും ഇവർ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ ഉടൻ തന്റെ വസതിയിൽ ഉൾപ്പെടെ റെയ്ഡ് നടത്തുമെന്ന സൂചന ശക്തമാണ്. അടുത്ത സുഹൃത്തു വഴിയാണു ബിജെപി സമീപിച്ചത്. തന്നെയും സൗരഭ് ഭരദ്വാജ്, ദുർഗേഷ് പാഠക്, രാഘവ് ഛദ്ദ എന്നിവരെയും ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപായി അറസ്റ്റ് ചെയ്യാനാണു നീക്കമെന്നും അതിഷി വെളിപ്പെടുത്തി. 

‘കഴിഞ്ഞ ദിവസം എന്റെയും സൗരഭ് ഭരദ്വാജിന്റെയും പേര് ഇ.ഡി കോടതിയിൽ പരാമർശിച്ചിരുന്നു. ഒന്നര വർഷമായി ഇ.ഡിയുടെയും സിബിഐയുടെയും പക്കലുള്ള മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കോടതിയിൽ ഞങ്ങളുടെ പേരുകൾ പ്രതിപാദിച്ചിരിക്കുന്നത്. ഇതു കുറ്റപത്രത്തിലുമുണ്ട്. എന്നിട്ടും ഈ മൊഴി ഇപ്പോൾ ഉന്നയിക്കുന്നതിനു പിന്നിൽ എന്താണ്? അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ ജയിലിലടച്ചിട്ടും എഎപി ഇപ്പോഴും ഒറ്റക്കെട്ടായി തുടരുന്നുവെന്ന് ബിജെപിക്കു മനസ്സിലായി. ഇനി എഎപിയുടെ അടുത്ത തലത്തിലുള്ള നേതാക്കളെ ജയിലിൽ അടയ്ക്കാനാണ് അവരുടെ നീക്കം’. അതിഷി ആരോപിച്ചു. എന്നാൽ അതിഷിയുടെ ആരോപണങ്ങൾ തള്ളിയ ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേ‌വ ഇതു തെളിയിക്കാനും വെല്ലുവിളിച്ചു. ബിജെപിയിൽ ചേരാൻ ബന്ധപ്പെട്ടുവെന്ന ആരോപണം തെളിയിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

‘സഞ്ജയ് സിങ് ജയിൽ മോചിതനാകുന്നതിൽ സന്തോഷമുണ്ട്. എന്നാൽ എന്റെ 3 സഹോദരൻമാർ ഇപ്പോഴും ജയിലിലാണ്. അവരും പുറത്തിറങ്ങാതെ എന്റെ സന്തോഷം പൂർണമാകില്ല. അരവിന്ദ് കേജ്‌രിവാൾ, മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവർക്കും വൈകാതെ ജാമ്യം ലഭിക്കും. സത്യത്തിന്റെ വിജയമാണു സഞ്ജയ് സിങ്ങിന്റെ ജാമ്യത്തിലൂടെ കണ്ടെത്.’ 

കേജ്‌രിവാൾ വഴി എഎപി കള്ളപ്പണ ഇടപാടു നടത്തി: ഇ.ഡി ന്യൂഡൽഹി ∙ ഡൽഹി മദ്യനയ അഴിമതിയുടെ പ്രധാന ഗുണഭോക്താക്കൾ ആംആദ്മി പാർട്ടിയാണെന്നും അരവിന്ദ് കേജ്‌രിവാൾ വഴി എഎപി കള്ളപ്പണ ഇടപാടു നടത്തിയെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ. മദ്യനയക്കേസിൽ ഇ.ഡിയുടെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജിയിലാണു ഇ.ഡി മറുപടി നൽകിയത്. കേജ്‌രിവാളിന്റെ ഹർജികൾ ഇന്നു കോടതി പരിഗണിക്കും. 
മദ്യനയത്തിലൂടെ നേടിയ 45 കോടി രൂപ എഎപി 2022ലെ ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചു. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 29എ പ്രകാരം റജിസ്റ്റർ ചെയ്ത ഒരു രാഷ്ട്രീയ പാർട്ടിയാണ് എഎപി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ 70–ാം വകുപ്പ് എഎപിക്കെതിരെ നിലനിൽക്കുമെന്നും ഇ.ഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച വിഷയം പരിഗണിച്ച ഹൈക്കോടതി ജഡ്ജി സ്വർണ കാന്ത ശർമ ഇ.ഡിക്കു നോട്ടിസ് അയച്ചിരുന്നു. ഹർജികളിൽ ഇന്ന് അന്തിമതീർപ്പുണ്ടാകുമെന്നാണു കോടതി അറിയിച്ചിരിക്കുന്നത്. 
തെറ്റു ചെയ്തിട്ടില്ല; ജാമ്യത്തിന് അർഹനെന്ന് സിസോദിയന്യൂഡൽഹി ∙  മദ്യനയ ഇടപാടുമായി ബന്ധപ്പെട്ടു തനിക്കു പണം ലഭിച്ചുവെന്നു തെളിയിക്കാൻ സിബിഐക്കോ ഇ.ഡിക്കോ സാധിച്ചിട്ടില്ലെന്നു മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കോടതിയെ അറിയിച്ചു. 
 റൗസ് അവന്യൂവിലെ പ്രത്യേക കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അഭിഭാഷകൻ മോഹിത് മാത്തൂർ ഈ വാദങ്ങൾ ഉയർത്തിയത്.  സർക്കാരിനും പൊതുജനത്തിനും സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും തട്ടിപ്പുകളൊന്നും നടന്നില്ലെന്നും വാദിച്ചു. ഹർജിയിൽ അടുത്ത ദിവസം വീണ്ടും വാദം തുടരും.

വിവിധ കേസുകളിൽ ഇ.ഡി അറസ്റ്റ് ചെയ്ത് ഇപ്പോൾ ജയിലിൽ കഴിയുന്ന പ്രമുഖ നേതാക്കൾ 
1.വി. സെന്തിൽ ബാലാജി 
(ഡിഎംകെ)
തമിഴ്നാട് മന്ത്രിയായിരുന്നു

കേസ്– കള്ളപ്പണം വെളുപ്പിക്കൽ
അറസ്റ്റിലായത് – 2023 ജൂൺ 14
ജയിലിൽ – ഒൻപതര മാസം
2.അരവിന്ദ് കേജ്‌രിവാൾ (ആം ആദ്മി പാർട്ടി)

ഡൽഹി മുഖ്യമന്ത്രി
കേസ് – ഡൽഹി മദ്യനയ അഴിമതി 
അറസ്റ്റിലായത് – 2024 മാർച്ച്  21
ജയിലിൽ – 12 ദിവസം

3.കെ. കവിത  
(ബിആർഎസ്)
കേസ് – ഡൽഹി ‌മദ്യനയ അഴിമതി 
അറസ്റ്റിലായത് – 2024 മാർച്ച്  15
ജയിലിൽ – 17 ദിവസം
4.ഹേമന്ത് സോറൻ  
(ജെഎംഎം)
ജാർഖണ്ഡ് മുഖ്യമന്ത്രി
കേസ് – ഭൂമി കുംഭകോണം
അറസ്റ്റിലായത് – 2024 ജനുവരി 31
ജയിലിൽ – 2 മാസം
5. മനീഷ് സിസോദിയ 
(ആം ആദ്മി പാർട്ടി)
ഡൽഹി ഉപമുഖ്യമന്ത്രി 
കേസ് –  ഡൽഹി മദ്യനയ അഴിമതി 
ഇ.ഡി അറസ്റ്റ് – 2023 മാർച്ച് 9
സിബിഐ അറസ്റ്റ് – ഫെബ്രുവരി 26
ജയിലിൽ  – ഒരു വർഷം, 24 ദിവസം 
6. സത്യേന്ദർ ജെയിൻ 
( ആം ആദ്മി പാർട്ടി)
ഡൽഹി സർക്കാരിലെ മുൻ ആരോഗ്യമന്ത്രി
കേസ് – അനധികൃത സ്വത്ത് സമ്പാദനം, കള്ളപ്പണം വെളുപ്പിക്കൽ. 
അറസ്റ്റിലായത് – 2022 മേയ് 30. 
ആരോഗ്യ കാരണങ്ങളാൽ കഴിഞ്ഞ മേയിൽ ജാമ്യം. 
സ്ഥിരം ജാമ്യാപേക്ഷ തള്ളിയതോടെ കഴിഞ്ഞ 18 മുതൽ വീണ്ടും തിഹാർ ജയിലിൽ.


Source link

Related Articles

Back to top button