രവിയച്ചൻ ഇനി ഓർമ…
തൃപ്പൂണിത്തുറ: കഴിഞ്ഞ ദിവസം അന്തരിച്ച കേരള ക്രിക്കറ്റിന്റെ ആദ്യ ക്യാപ്റ്റൻ പി. രവിയച്ചന് (96) സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലിയർപ്പിച്ചു. ക്രിക്കറ്റ് കളി ജനങ്ങളുടെ ഇഷ്ടവിനോദമായി മാറിക്കൊണ്ടിരുന്ന കാലത്ത് കേരളക്രിക്കറ്റിന് പുതിയ മേൽവിലാസമുണ്ടാക്കിയ കളിക്കാരനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പി. രവിയച്ചൻ. ആദ്യകാലത്ത് കേരളത്തിന്റെ ഏറ്റവും മികച്ച ഈ ഓൾ റൗണ്ടർ രഞ്ജി ട്രോഫി മത്സരങ്ങളിൽ അസാധാരണമായ പ്രകടനമാണ് കാഴ്ചവച്ചത്. 1952 മുതൽ 1970 വരെ പിച്ചുകളിൽ ബാറ്റ് കൊണ്ടും ബോളുകൊണ്ടും വിസ്മയം തീർത്ത അദ്ദേഹം കേരളത്തിനു വേണ്ടി 55 മത്സരങ്ങളിലെ 101 ഇന്നിംഗ്സുകളിൽ നിന്നായി 1107 റണ്സും 125 വിക്കറ്റും നേടി. ലെഗ് ബ്രേക്ക് ബൗളിംഗിലൂടെ തുടങ്ങി മീഡിയം പേസറായും ഓഫ് സ്പിന്നറായും മികവ് തെളിയിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും നേടിയ ആദ്യ കേരള താരവും രവിയച്ചനായിരുന്നു. ബാറ്റിംഗിൽ റൺസെടുക്കുക ദുഷ്ക്കരമായിരുന്ന അക്കാലത്ത് മൂന്ന് അർധ സെഞ്ചുറികളും നേടി.
തിരുനെൽവേലിയിൽ മദ്രാസിനെതിരേ നടന്ന അവസാന രഞ്ജി മത്സരത്തിലെ രണ്ടാം ഇന്നിംഗ്സിൽ നേടിയ 70 റൺസാണ് ഉയർന്ന സ്കോർ. ഏഴു തവണ അഞ്ച് വിക്കറ്റ് നേട്ടം. 1960 – 61ൽ ആന്ധ്രയ്ക്കെതിരേ 34 റൺസിന് ആറു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. വിജയ് മഞ്ജരേക്കർ, മൻസൂർ അലിഖാൻ പട്ടൗഡി, സി.എസ്. നായിഡു തുടങ്ങിയ പ്രമുഖരുടെ വിക്കറ്റുകൾ വീഴ്ത്താനും അദ്ദേഹത്തിനായി. കേരളത്തിന്റെ ആദ്യ രഞ്ജി ട്രോഫി വിജയത്തിലും നിർണായക പങ്ക് വഹിച്ചു. ആന്ധ്രക്കെതിരേയുള്ള മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ 63 റൺസിന് മൂന്ന് വിക്കറ്റും രണ്ടാം ഇന്നിംഗ്സിൽ 52 റൺസിന് അഞ്ചു വിക്കറ്റും വീഴ്ത്തി വിജയശില്പിയായി.
Source link