ടെഹ്റാൻ: ഡമാസ്കസ് കോൺസുലേറ്റ് ആക്രമണത്തിൽ ഇസ്രയേലിനോടും അമേരിക്കയോടും പ്രതികാരം ചെയ്യുമെന്ന് ഇറാൻ ഭീഷണി മുഴക്കി. ആക്രമണത്തിൽ ബ്രിഗേഡിയർ ജനറൽമാരായ മുഹമ്മദ് റേസാ സഹേദി, മുഹമ്മദ് ഹാദി ഹാജി റഹീമി എന്നിവരടക്കം ഇറേനിയൻ വിപ്ലവ ഗാർഡിലെ ഏഴ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചു. വിപ്ലവഗാർഡിലെ വിദേശ ഓപറേഷനുകളുടെ ചുമതലയുള്ള ഖുദ്സ് ഫോഴ്സിൽ സീനിയർ കമാൻഡറായിരുന്നു സഹേദി; റഹീമി അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും. തിങ്കളാഴ്ചത്തെ ആക്രമണത്തിൽ പ്രതികരിക്കാൻ ഇസ്രയേൽ തയാറായിട്ടില്ല. സംഭവത്തിനു പിന്നിൽ ഇസ്രയേലാണെന്ന് ആരോപിച്ച ഇറേനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി, തക്ക തിരിച്ചടി നല്കുമെന്നും പറഞ്ഞു.
പടിഞ്ഞാറൻ ഡമാസ്കസിലെ മേസായിൽ സ്ഥിതിചെയ്യുന്ന ഇറേനിയൻ നയതന്ത്രകാര്യാലയം ലക്ഷ്യമിട്ട് ഇസ്രേലി യുദ്ധവിമാനങ്ങൾ മിസൈൽ തൊടുക്കുകയായിരുന്നു. ഗാസാ യുദ്ധം ആരംഭിച്ചശേഷം ഇറേനിയൻ സൈനിക നേതാക്കളെയും ലബനനിലെ ഹിസ്ബുള്ള ഭീകരരെയും ലക്ഷ്യമിട്ട് ഇസ്രേലി സേന സിറിയയിൽ കൂടെക്കൂടെ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇസ്രയേൽ ഇക്കാര്യത്തിൽ പ്രതികരിക്കാറില്ല.
Source link