സീസണിലെ അവസാന ഹോം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ
ഇന്നാണ് ആ ദിനം, കലൂരോളത്തിൽ കൊച്ചി മഞ്ഞയിൽ കുളിക്കുന്ന ദിനം… 2023-24 സീസണ് ഐഎസ്എൽ ഫുട്ബോളിലെ ലീഗ് റൗണ്ടിലെ അവസാന ഹോം മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇറങ്ങും. രാത്രി 7.30ന് കിക്കോഫ് നടക്കുന്ന മത്സരത്തിൽ കോൽക്കത്തൻ പാരന്പര്യ ടീമായ ഈസ്റ്റ് ബംഗാൾ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ഇന്നത്തേതിനുശേഷം ഈ സീസണിൽ ഇനി കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിനു ലീഗ് റൗണ്ട് പോരാട്ടം ഇല്ല. പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ സാധിച്ചാൽ പ്ലേ ഓഫ് എലിമിനേറ്റർ കൊച്ചിയിൽ കളിക്കാം എന്ന വിദൂര സാധ്യതമാത്രമാണ് ബാക്കിയുള്ളത്. അത് സഫലമാകണമെങ്കിൽ എഫ്സി ഗോവ ശേഷിക്കുന്ന എല്ലാ മത്സരവും പരാജയപ്പെടുകയും കേരള ബ്ലാസ്റ്റേഴ്സ് ഏഴ് പോയിന്റ് കൂടി സ്വന്തമാക്കുകയും വേണം. നിലവിലെ പശ്ചാത്തലത്തിൽ അതൊരു വിദൂര സ്വപ്നം മാത്രമാണ്. ജയിച്ചു നിർത്തൂ സ്വന്തം കാണികൾക്കു മുന്നിൽ ജയത്തോടെ 2023-24 സീസണിലെ പോരാട്ടം അവസാനിപ്പിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഇതുവരെ നേടിയ ഒന്പത് ജയങ്ങളിൽ ആറും കൊച്ചിയിലായിരുന്നു. മൂന്ന് എവേ ജയം നേടിയതിൽ ഒരെണ്ണം ഈസ്റ്റ് ബംഗാൾ ക്ലബ്ബിന് എതിരേയായിരുന്നു എന്നതും ശ്രദ്ധേയം.
നവംബർ 23ന് കോൽക്കത്തയിൽവച്ച് ഇരുടീമും ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് 2-1ന് ഈസ്റ്റ് ബംഗാളിനെ കീഴടക്കിയിരുന്നു. 19 മത്സരങ്ങളിൽ 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. 18 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ 11-ാം സ്ഥാനത്തും. എട്ട് പോയിന്റുള്ള ഹൈദരാബാദ് എഫ്സി മാത്രമാണ് പട്ടികയിൽ ഈസ്റ്റ് ബംഗാളിനു പുറകിലുള്ളത്. 16 മത്സരങ്ങളിൽ 13 ഗോളുമായി ഐഎസ്എൽ ടോപ് സ്കോറർ പദവി അലങ്കരിക്കുന്ന ഗ്രീക്ക് സെന്റർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമാന്റകോസാണ് ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പ് ചീട്ട്. മൂന്ന് അസിസ്റ്റും ഇതുവരെ ദിമിത്രി നടത്തി. ലൂണ ഇറങ്ങി പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം അഡ്രിയാൻ ലൂണ ഇന്നലെ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങി. പരിക്കിനെത്തുടർന്ന് ഡിസംബർ മുതൽ ലൂണ പുറത്തായിരുന്നു. താരം ഇന്ന് കളത്തിൽ എത്താൻ സാധ്യതയുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും (ഏപ്രിൽ ആറ്), ഹൈദരാബാദ് എഫ്സിക്കും (ഏപ്രിൽ 12) രണ്ട് എവേ പോരാട്ടം കൂടി ലീഗ് റൗണ്ടിൽ ബ്ലാസ്റ്റേവ്സിനു ശേഷിക്കുന്നുണ്ട്.
Source link