അൽ ഷിഫ ആശുപത്രിയിൽനിന്ന് ഇസ്രേലി സേന പിൻവാങ്ങി

ടെൽ അവീവ്: ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയിൽനിന്നു പിൻവാങ്ങിയതായി ഇസ്രേലി സേന അറിയിച്ചു. രണ്ടാഴ്ച നീണ്ട റെയ്ഡിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടെന്നും പ്രവർത്തനം പുനരാരംഭിക്കാൻ പറ്റാത്തവിധം ആശുപത്രി കെട്ടിടങ്ങൾ നശിച്ചുവെന്നും പലസ്തീൻ വൃത്തങ്ങൾ പറഞ്ഞു. ഹമാസ് ഭീകരർ ആശുപത്രി വീണ്ടും താവളമാക്കിയ പശ്ചാത്തലത്തിലായിരുന്നു റെയ്ഡെന്ന് ഇസ്രേലി സേന വിശദീകരിക്കുന്നു. നൂറു കണക്കിനു തീവ്രവാദികളെ വധിക്കുകയും തടവിലാക്കുകയും ചെയ്തിട്ടുണ്ട്. ആയുധങ്ങളും കണ്ടെടുത്തു. തീവ്രവാദി സാന്നിധ്യം ഉണ്ടായിരുന്നതിനാൽ വാർഡുകളും ആക്രമിക്കേണ്ടിവന്നതായി സേന പറഞ്ഞു. ഇസ്രേലി റെയ്ഡിൽ 21 രോഗികൾ മരിച്ചതായി ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ് ഗെബ്രെയേസൂസ് നേരത്തേ അറിയിച്ചിരുന്നു.
ഇസ്രേലി സേന പിൻവാങ്ങിയശേഷം ആശുപത്രി പരിസരത്തുനിന്നു ഡസൻ കണക്കിനു മൃതദേഹങ്ങൾ അഴുകിയ നിലയിലടക്കം കണ്ടെത്തി. പിൻവാങ്ങിയ സൈനികരുടെ വാഹനങ്ങൾ കയറി ചില മൃതദേഹങ്ങൾ ചതഞ്ഞരഞ്ഞു. വ്യോമാക്രമണം അടക്കം ഉഗ്രയുദ്ധമാണ് കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ നടന്നത്. പുറത്തുവന്ന ഫോട്ടോകളിൽ ആശുപത്രിയിലെ സർജറി കെട്ടിടം തകർന്നതായി വ്യക്തമാണ്. എമർജൻസി, ജനറൽ സർജറി വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്ന സമീപകെട്ടിടവും തകർന്നു.
Source link