എർദോഗനു കാലിടറുന്നു ; തുർക്കി നഗരസഭകൾ പിടിച്ചടക്കി പ്രതിപക്ഷം
അങ്കാറ: തുർക്കി പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് എർദോഗന്റെ എകെ പാർട്ടിക്കു വൻ തിരിച്ചടി. 89 മുനിസിപ്പാലിറ്റികളിൽ 49ലും മതേതര പ്രതിപക്ഷ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി ) വിജയിച്ചുവെന്നാണു റിപ്പോർട്ട്. ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിലും തലസ്ഥാനമായ അങ്കാറയിലും സിഎച്ച്പി മേയർസ്ഥാനം നിലനിർത്തി. ബുർസ, ബലികേസിർ, ഇസ്മിർ, അദാന, അന്റാലിയ തുടങ്ങിയ പ്രധാന നഗരങ്ങളുടെ നിയന്ത്രണവും ഇതേ പാർട്ടിക്കാണ്. രാജ്യത്തുടനീളം 37.7 ശതമാനം വോട്ട് സിഎച്ച്പിക്കു ലഭിച്ചു. തീവ്രനിലപാടുകൾ പുലർത്തുന്ന എകെ പാർട്ടിക്ക് 35.5 ശതമാനം വോട്ടുകളേ ലഭിച്ചുള്ളൂ. 21 വർഷമായി തുർക്കി ഭരിക്കുന്ന എർദോഗന്റെ പാർട്ടി തുർക്കിയിലുടനീളം വോട്ടെടുപ്പിൽ പരാജയം രുചിക്കുന്നത് ആദ്യമാണ്. പത്തു മാസം മുന്പത്തെ പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പുകളിലെ വിജയത്തിനു പിന്നാലെയാണ് എകെ പാർട്ടി ഈ തിരിച്ചടി നേരിടുന്നത്. 1.6 കോടി പേർ വസിക്കുന്ന ഇസ്താംബൂൾ നഗരത്തിലെ മേയർസ്ഥാനം ഇക്രം ഇമാമൊഗ്ലു നിലനിർത്തി. 2019ലും ഇക്രം ഇമാമൊഗ്ലു എകെ പാർട്ടി സ്ഥാനാർഥിയെ അട്ടിമറിച്ചിരുന്നു. നഗരത്തിലെ മുൻ മേയറായ എർദോഗൻ ഇത്തവണ ഇവിടെ നേരിട്ടു പ്രചാരണം നയിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ജനസംഖ്യയുടെ അഞ്ചിലൊന്നും വസിക്കുന്ന ഇസ്താംബൂളിൽ ഭരണം നിലനിർത്തിയതിലൂടെ വാണിജ്യവും ടൂറിസവുമടക്കം തുർക്കി സന്പദ്വ്യവസ്ഥയുടെ നല്ലൊരുഭാഗം പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിൽ തുടരും.
തലസ്ഥാനമായ അങ്കാറയിൽ സിഎച്ച്പി നേതാവും നിലവിലെ മേയറുമായ മൻസൂർ യവാസ് 60.4 ശതമാനം വോട്ടോടെയാണു വിജയിച്ചത്. അന്പതു ശതമാനം വോട്ടുകൾ എണ്ണിയപ്പോഴേക്കും വ്യക്തമായ ലീഡ് നേടിയ അദ്ദേഹം വിജയം പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പുഫലം പ്രതീക്ഷിച്ചപോലെ ആയില്ലെന്ന് എർദോഗൻ സമ്മതിച്ചു. എന്നാൽ, ഇത് അവസാനമല്ലെന്നും വഴിത്തിരിവു മാത്രമാണെന്നും അദ്ദേഹം അങ്കാറയിൽ അനുയായികളോടു പറഞ്ഞു. ഇസ്താംബൂൾ മേയർ ഇക്രം ഇമാമൊഗ്ലുവും അങ്കാറയിലെ മൻസൂർ യവാസും 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുള്ളവരാണ്. നഗരസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ, ഇത് അവസാന തെരഞ്ഞെടുപ്പാണെന്ന് എർദോഗൻ പറഞ്ഞിരുന്നു.
Source link