ആളുമാറി ശസ്ത്രക്രിയ; പതിവുപരിശോധനക്കായി എത്തിയ യുവതിയ്ക്ക് ഗര്‍ഭച്ഛിദ്രം


പ്രാഗ്: ഗര്‍ഭകാലത്തിന്റെ നാലാം മാസത്തില്‍ പതിവുപരിശോധനക്കായി എത്തിയ പൂര്‍ണ ആരോഗ്യവതിയായ യുവതിയ്ക്ക് ആശുപത്രി ജീവനക്കാര്‍ ആളുമാറി ഗര്‍ഭച്ഛിദ്രം നടത്തി. ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിലെ ബുലോവ്ക യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ മാര്‍ച്ച് 25 നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരുകൂട്ടര്‍ക്കും ഭാഷ അറിയാത്തതിനാല്‍ ആശുപത്രിയിലെ ജീവനക്കാരും യുവതിയും തമ്മിലുള്ള ആശയവിനിമയത്തില്‍ വന്ന അപാകത മൂലമാണ് അനിഷ്ടസംഭവമുണ്ടായതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ പ്രാഥമിക വിശദീകരണം. നഴ്‌സുമാര്‍, ഗൈനക്കോളജിസ്റ്റും അനസ്‌തേഷ്യോളജിസ്റ്റും ഉള്‍പ്പെടുന്ന ഡോക്ടര്‍മാര്‍ തുടങ്ങിയവരടങ്ങുന്ന ചികിത്സാസംഘത്തിലെ ആര്‍ക്കും തന്നെ രോഗി മാറിയ കാര്യം തിരിച്ചറിയാനായില്ല എന്നത് സംഭവിച്ച വീഴ്ചയുടെ ഗൗരവം വ്യക്തമാക്കുന്നു. ക്യൂറെറ്റാജ്(curettage) എന്ന ശസ്ത്രക്രിയയിലൂടെയാണ് യുവതിയുടെ ഗര്‍ഭച്ഛിദ്രം നടത്തിയത്. സ്പൂണ്‍ പോലെയുള്ള ഉപകരണം ഉപയോഗിച്ച് ഗര്‍ഭപാത്രത്തിനകത്തുനിന്ന് അസാധാരണമായ മുഴകളോ മറ്റോ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണിത്. ഇതിനായി അനസ്‌തേഷ്യയും നല്‍കേണ്ടതുണ്ട്. മറ്റൊരു രോഗിക്കായി തീരുമാനിച്ചിരുന്ന ശസ്ത്രക്രിയ നടത്തിയതിലൂടെ യുവതിയ്ക്ക് ജനിക്കാനിരുന്ന കുഞ്ഞിനെ നഷ്ടമായി.


Source link

Exit mobile version