CINEMA

‘ആടുജീവിതം’ ബജറ്റ് 82 കോടി; ഇതുവരെ കലക്‌ഷൻ 65 കോടി


‘ആടുജീവിതം’ സിനിമയുടെ ബജറ്റ് 82 കോടിയെന്ന് വെളിപ്പെടുത്തി ബ്ലെസി. കോവിഡ‍് അടക്കമുള്ള പ്രതിസന്ധികളാൽ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഇത്രയും ഉയരാന്‍ കാരണമെന്ന് അദ്ദേഹം പറയുന്നു. അന്യ ഭാഷകളിലും ചിത്രം സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഇത്രയും വലിയ കാന്‍വാസില്‍ ഒരു ചിത്രം ചെയ്യാന്‍ ധൈര്യം നല്‍കിയതെന്നും ബ്ലെസി പറയുന്നു. തമിഴ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം വെളിപ്പെടുത്തിയത്.
വിഷ്വൽ റൊമാൻസ് ഉൾപ്പടെ അഞ്ച് കമ്പനികൾ ചേർന്നാണ് ഈ ബിഗ് ബജറ്റ് സിനിമ നിർമിച്ചിരിക്കുന്നത്. ആൾട ഗ്ലോബൽ മീഡിയ, ഇമേജ് മേക്കേർസ്, ജെറ്റ് മീഡിയ പ്രൊഡക്‌ഷൻസ്, കെജിഎ ഫിലിംസ് എന്നിവയാണ് സിനിമയോട് സഹകരിച്ച മറ്റ് നിർമാണക്കമ്പനികൾ. സംവിധായകൻ ബ്ലെസി, സിനിമയിൽ ഇബ്രാഹിം ആയി അഭിനയിച്ച ജിമ്മി ജീൻ ലൂയിസ് എന്നിവരും നിർമാണ പങ്കാളികളാണ്.

പതിനഞ്ചു വർഷത്തിന് മുൻപ് തുടങ്ങിയ സിനിമാചർച്ചയിൽ 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ചെങ്കിലും വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണത്തിന് കഴിഞ്ഞ വർഷം ജൂലൈ 14നാണ് സമാപനമായത്. 

പത്തനംതിട്ടയിലായിരുന്നു തുടക്കം. പിന്നീട് പാലക്കാട്ട് കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചു. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു. അവിടെ 30 ദിവസത്തോളം വര്‍ക്കുണ്ടായിരുന്നു. അതിനുശേഷം 2019 ല്‍ ജോര്‍ദ്ദാനിലേക്കു പോകാന്‍ പദ്ധതിയിട്ടെങ്കിലും പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് കാരണം ഷൂട്ടിങ് മാറ്റിവച്ചു. പിന്നീട് 2020 ലാണ് ജോര്‍ദ്ദാനിലെത്തുന്നത്. അത്തവണ അള്‍ജീരിയ ഷെഡ്യൂള്‍ കൂടി പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 65 ദിവസത്തോളം ബ്ലെസിയും സംഘവും ജോർദാനില്‍ കുടുങ്ങി കിടക്കേണ്ടിവന്നു.

#Aadujeevitham has minted aprx ₹65 crores globally through it’s 4 days opening Weekend. Domestic total stands at ₹34 crore & overseas cume hits $3.6 million plus from early estimates. This is Beyond SENSATIONAL 🔥 pic.twitter.com/NcUC2M3kKY— Forum Reelz (@ForumReelz) March 31, 2024

രണ്ടര മാസത്തിനു ശേഷം 2020 മേയ് 22നാണ് സംഘം പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്. അതിനിടെ സിനിമയുടെ പ്രധാന ഭാഗങ്ങൾ ജോർദാനിൽ ചിത്രീകരിച്ചിരുന്നു. ജോർദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം. പിന്നീട് ഒരു വർഷം കോവിഡ് കാരണം ഷൂട്ടിങ് നടന്നില്ല. അതിനിടെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ പുരോഗമിക്കുന്നുണ്ടായിരുന്നു.

2022 മാര്‍ച്ച് പതിനാറിന് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി. മാര്‍ച്ച് 31ന് പൃഥ്വിരാജ് ലൊക്കേഷനില്‍ എത്തി. കോവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസ്സപ്പെടുത്തിയിരുന്നു. ഏപ്രില്‍ ഒന്നിന് നിര്‍ത്തിവച്ച ചിത്രീകരണം പിന്നീട് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ആണ് ആരംഭിച്ചത്. നാല്‍പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്. ജൂൺ പതിനാറിന് പൃഥ്വി തിരികെ നാട്ടിലെത്തി.

സിനിമയ്ക്കായി ശരീരഭാരം കുറച്ചതിന്റെ കഷ്ടപ്പാടുകള്‍ അടുത്തകാലത്ത് ഒരഭിമുഖത്തിൽ പൃഥ്വി തുറന്നു പറഞ്ഞിരുന്നു.
‘‘ശരീരത്തിന് മാറ്റം വേണമെന്ന് ആടുജീവിതം എന്ന സിനിമ 2008 ല്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു. അത് ഞാന്‍ ചെയ്തു. അതുപോലെ ഇനി ഒരു സിനിമയ്ക്ക് വേണ്ടിയും ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ്. കാരണം, എന്റെ ശരീരത്തെ വീണ്ടും അത് പോലെയാക്കുക എന്നത് അസാധ്യമാണ്. ആടുജീവിതത്തിലെ യഥാർഥ രൂപമാറ്റം നിങ്ങളാരും കണ്ടിട്ടില്ല. അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലെ സീനുകളോ സ്റ്റില്‍സോ പുറത്ത് വന്നിട്ടില്ല. ആടുജീവിതത്തിനു ശേഷം ജോര്‍ദാനില്‍നിന്ന് തിരിച്ച് വന്നപ്പോള്‍ ഞാന്‍ ഏറ്റവും മെലിഞ്ഞിരുന്ന അവസ്ഥ കഴിഞ്ഞിരുന്നു. അവിടെ ഷൂട്ടിങ് മുടങ്ങി അകപ്പെട്ടുപോയതിനു ശേഷം ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് നിങ്ങള്‍ കണ്ടത്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാവും.’’–പൃഥ്വിരാജിന്റെ വാക്കുകൾ.

അതേസമയം ചിത്രം ആ​ഗോള ബോക്സ്ഓഫിസില്‍ നിന്ന് ഇതിനകം 65 കോടി നേടിക്കഴിഞ്ഞു. ഏറ്റവും വേ​ഗത്തില്‍ 50 കോടി ക്ലബ്ബിലെത്തുന്ന മലയാള സിനിമയുമാണ് ആടുജീവിതം. കേരളത്തിലും വിദേശ മാര്‍ക്കറ്റുകള്‍ക്കുമൊപ്പം തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. കര്‍ണാടകത്തിലും തമിഴ്നാട്ടിലും റിലീസ് ദിനത്തില്‍ ചിത്രം ഒരു കോടിക്ക് മുകളില്‍ നേടിയിരുന്നു. 
ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സുനില്‍ കെ.എസ്. ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ പ്രിന്‍സ് റാഫേല്‍, ദീപക് പരമേശ്വരന്‍, കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റോബിന്‍ ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ സുശീല്‍ തോമസ്, പ്രൊഡക്‌ഷൻ ഡിസൈനര്‍ പ്രശാന്ത് മാധവ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി അശ്വത്, സ്റ്റില്‍സ് അനൂപ് ചാക്കോ, മാര്‍ക്കറ്റിങ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.



Source link

Related Articles

Back to top button