CINEMA

നാലാം ദിവസം 50 കോടി ക്ലബ്ബിൽ ‘ആടുജീവിതം’; ഈ വർഷത്തെ അഞ്ചാമത്തെ മലയാള ചിത്രം


ഈ വർഷം 50 കോടി കടക്കുന്ന അഞ്ചാമത്തെ മലയാള സിനിമയായി ആടുജീവിതം. ഏറ്റവും വേഗത്തിൽ അൻപത് കോടി കടക്കുന്ന മലയാള സിനിമയെന്ന റെക്കോർഡും ‘ലൂസിഫറി’നൊപ്പം ചിത്രം സ്വന്തമാക്കി. 2024ൽ റിലീസ് ചെയ്ത പ്രേമലു, ഭ്രമയു​ഗം, മഞ്ഞുമ്മൽ ബോയ്സ്, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ സിനിമകൾക്കു പിന്നാലെയാണ് ആടുജീവിതത്തിന്റെ നേട്ടം. 
ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കുറുപ്പ്’ ആണ് ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിലെത്തിയ മൂന്നാമത്തെ മലയാള സിനിമ. അഞ്ച് ദിവസം കൊണ്ട് ഈ ചിത്രം 50കോടി തികച്ചത്. പ്രീമിയർ ഉൾപ്പടെ ആണിത്. അമൽ നീരദും മമ്മൂട്ടിയും ഒന്നിച്ച ഭീഷ്മപർവം ആണ് നാലാം സ്ഥാനത്ത്. ആറ് ദിവസം കൊണ്ടായിരുന്നു ഈ മമ്മൂട്ടി ചിത്രം 50 കോടി തൊട്ടത്. 2018 ആണ് അഞ്ചാം സ്ഥാനത്ത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സും ഏഴ് ദിവസത്തിലാണ് അൻപത് കോടിയിലെത്തിയത്.

ശനി, ഞായർ ദിവസങ്ങളിലും വലിയ രീതിയിലുള്ള അഡ്വാൻസ് ബുക്കിങ് ആണ് സിനിമയ്ക്കു ലഭിക്കുന്നത്. അവധി ദിനങ്ങൾ തുടർച്ചയായി വന്നതും മറ്റു സിനിമകളുടെ റിലീസ് ഇല്ലാതിരുന്നതും വലിയ കലക്‌ഷൻ നേടാൻ കാരണമായി. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ആദ്യദിനം ചിത്രം കേരളത്തിൽ നിന്നും വാരിയത് 5.83 കോടി രൂപയാണ്. സിനിമയുടെ ആദ്യ ദിവസത്തെ ആഗോള കലക്‌ഷൻ 16.73 കോടിയാണ്. നിർമാതാക്കൾ തന്നെയാണ് ഔദ്യോഗിക കലക്‌ഷൻ പുറത്തുവിട്ടത്. 
ഇന്ത്യയിൽ നിന്നും ആദ്യ ദിനം 8.78 കോടിയായിരുന്നു കലക്‌ഷൻ. മോഹൻലാലിന്റെ ഒടിയൻ സിനിമയ്ക്കു ശേഷം ഇന്ത്യയിൽ നിന്നും ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഉയർന്ന തുക കൂടിയാണിത്.മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കർണാടകയിൽ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്‌ഷൻ നേടുന്ന സിനിമയായും ആടുജീവിതം മാറി. തമിഴ്നാട്ടിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.

പൃഥ്വിരാജ്–ബ്ലെസി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതത്തി’നു ഗംഭീര പ്രതികരണം. മലയാളത്തിന്റെ മാസ്റ്റർപീസ് സിനിമകളിലൊന്ന് എന്നാണ് ചിത്രത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. ബ്ലെസിയുടെ സംവിധാന മികവും ‘ചോര നീരാക്കി’യുള്ള പൃഥ്വിയുടെ ഗംഭീര പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റ്. എ.ആർ. റഹ്മാന്റെ സംഗീതവും സുനിൽ കെ.എസി.ന്റെ ഛായാഗ്രഹണവും റസൂൽ പൂക്കുട്ടിയുടെ ശബ്ദമികവുമെല്ലാം സിനിമയുടെ മുതൽക്കൂട്ടാണ്. ഹക്കീം ആയി എത്തുന്ന ഗോകുൽ ആണ് ഞെട്ടിക്കുന്ന മറ്റൊരു പ്രകടനം കാഴ്ചവച്ചത്.
പൃഥ്വിരാജിന്റെ കഥാപാത്രമായ നജീബിന്റെ മരൂഭൂമിയിലെ ദുരിത ജീവിതം വെളിവാക്കുന്ന ചിത്രത്തിന്റെ റിലീസ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെയാണ് കാത്തിരുന്നത്.  പതിനഞ്ചു വർഷത്തിന് മുൻപ് തുടങ്ങിയ സിനിമാചർച്ച 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ചെങ്കിലും വർഷങ്ങളുടെ തയാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. 

ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.  പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.  ബെന്യാമിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ “നജീബേ, തീക്കാറ്റും വെയിൽ നാളവും നിന്നെ കടന്നു പോകും. നീ അവയ്ക്ക് മുന്നിൽ കീഴടങ്ങരുത്. തളരുകയുമരുത്” അത് തന്നെയാണ് പൃഥ്വിരാജ് എന്ന സിനിമയെ ആഴത്തിൽ സ്നേഹിക്കുന്ന താരത്തോട് സിനിമാപ്രേമികൾക്കും പറയാനുള്ളത്
മലയാള സിനിമയില്‍ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ആടുജീവിതം. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍. റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. 

സുനില്‍ കെ.എസ്. ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ പ്രിന്‍സ് റാഫേല്‍, ദീപക് പരമേശ്വരന്‍, കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റോബിന്‍ ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍ സുശീല്‍ തോമസ്, പ്രൊഡക്‌ഷൻ ഡിസൈനര്‍ പ്രശാന്ത് മാധവ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വീഡിയോഗ്രാഫി അശ്വത്, സ്റ്റില്‍സ് അനൂപ് ചാക്കോ, മാര്‍ക്കറ്റിങ്: ക്യാറ്റലിസ്റ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.


Source link

Related Articles

Back to top button