INDIALATEST NEWS

ഇലക്ടറൽ ബോണ്ട് പഠിച്ചിട്ടില്ല; പ്രായമായി: ഹസാരെ


യുപിഎ സർക്കാരിന്റെ കാലത്തെ അഴിമതിവിരുദ്ധ പോരാട്ടത്തിലൂടെ ദേശീയശ്രദ്ധ നേടിയ അണ്ണാ ഹസാരെയുടെ വാക്കുകൾക്ക് പഴയ മൂർച്ചയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും അധികാരക്കൊതിയാണെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം ‘മോദി ചില നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്’ എന്നും പറയുന്നു. ഇലക്ടറൽ ബോണ്ട് വിഷയം വിശദമായി പഠിക്കേണ്ടതുണ്ടെന്നു പറ‍ഞ്ഞൊഴിയുകയും ചെയ്തു. അഭിമുഖത്തിൽ നിന്ന്:
Qജനറൽ വി.കെ.സിങ്, അരവിന്ദ് കേജ്‌രിവാൾ, കിരൺ ബേദി… അഴിമതിവിരുദ്ധ പോരാട്ടത്തിൽ താങ്കൾക്കൊപ്പം കൂടിയവരിൽ പലരും ബിജെപി പാളത്തിലെത്തി. ചിലർ സ്വന്തം പാർട്ടിയുണ്ടാക്കി മുഖ്യമന്ത്രി വരെയായി ?

Aഒപ്പം കൂടിയവരിൽ ചിലർ വലിയ പദവികൾ സ്വപ്നം കണ്ടിരുന്നു. ചിലർക്ക് രാഷ്ട്രീയത്തിലേക്കുള്ള കവാടമായിരുന്നു. ഞാൻ ഒരു കസേരയും നോട്ടമിട്ടിട്ടില്ല. സ്വന്തം ഗ്രാമത്തിൽ തൃപ്തിയോടെ ജീവിക്കുന്നു.
Qകേജ്‌രിവാളിന് അറസ്റ്റ് ചെയ്തപ്പോഴാണ് നീണ്ട ഇടവേളയ്ക്കു ശേഷം താങ്കളുടെ പ്രതികരണം കേട്ടത് ?
Aനാടിന്റെ വികസനമായിരുന്നില്ല, അധികാരവും പദവികളുമായിരുന്നു കേജ്‌രിവാളിന്റെ ലക്ഷ്യം. അഴിമതിവിരുദ്ധ പ്രസ്ഥാനത്തിൽ എനിക്കൊപ്പം പ്രവർത്തിച്ചയാൾ അഴിമതിക്കേസിൽ അറസ്റ്റിലായത് വൈരുധ്യമായിത്തോന്നി. വിതച്ചതു കൊയ്യുന്നു.
Qകേജ്‌രിവാൾ നല്ലതൊന്നും ചെയ്തിട്ടില്ലേ ?

Aവിദ്യാഭ്യാസരംഗത്ത് ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തു. പിന്നീട് ശ്രദ്ധ മാറിപ്പോയി.
Qഗ്രാമങ്ങളുടെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനമെന്നതാണല്ലോ താങ്കളുടെ സങ്കൽപം. രാജ്യത്തെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച രാഹുൽ ഗാന്ധിയെ ശ്രദ്ധിച്ചിരുന്നോ ?
Aഅധികാരം പിടിക്കാനല്ലേ ആ നടത്തം ? ജനസേവനം മാത്രം ലക്ഷ്യമിട്ട് ഇറങ്ങുമ്പോഴേ യാത്ര ലക്ഷ്യത്തിലെത്തൂ.
Qമോദി സർക്കാരിനെ എങ്ങനെ വിലയിരുത്തുന്നു ?

Aചില നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ, മോദിക്കും അധികാരത്തോട് ആർത്തിയാണ്.
Qമോദി സർക്കാർ വന്ന ശേഷം അഴിമതിയില്ലേ ? ഇലക്ടറൽ ബോണ്ട് വിഷയത്തിൽ പ്രതികരണം പോലും കണ്ടില്ല ?
A88 വയസ്സായി. 14 വർഷം മുൻപുള്ള ആരോഗ്യം ഇപ്പോഴില്ല. ഇലക്ടറൽ ബോണ്ട്  വിശദമായി പഠിക്കേണ്ടതുണ്ട്.
(കേന്ദ്രസർക്കാരിനെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളിലെക്കു കടക്കവേ, അദ്ദേഹം ക്ഷീണിച്ചെന്നും അഭിമുഖത്തിനുള്ള സമയം കഴിഞ്ഞെന്നും പറഞ്ഞ് ഓഫിസിലെ ജീവനക്കാർ ഇടപെട്ടു).


Source link

Related Articles

Back to top button