ലക്നോ സൂപ്പർ ജയന്റ്സിന് ജയം

ലക്നോ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ തകർപ്പൻ ബാറ്റിംഗ് കണ്ട മത്സരത്തിൽ ലക്നോ സൂപ്പർ ജയന്റ്സിന് ജയം. 21 റൺസിന് പഞ്ചാബ് കിംഗ്സിനെയാണ് ലക്നോ കീഴടക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ലക്നോ സൂപ്പർ ജയന്റ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി. പഞ്ചാബിന്റെ മറുപടി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178ൽ അവസാനിച്ചു. കെ.എൽ. രാഹുലിനു പകരം നിക്കോളാസ് പുരാനായിരുന്നു ലക്നോവിനെ നയിച്ചത്. രാഹുൽ ഇംപാക്ട് പ്ലെയറായി കളത്തിൽ എത്തി. എന്നാൽ, ഒന്പത് പന്തിൽ 15 റൺസുമായി രാഹുൽ മടങ്ങി. ഓപ്പണർ ക്വിന്റൺ ഡികോക്ക് 38 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 54 റൺസ് നേടി.
നിക്കോളാസ് പുരാനും വാലറ്റത്ത് ക്രുണാൽ പാണ്ഡ്യയും നടത്തിയ ആക്രമണ ബാറ്റിംഗാണ് ലക്നോവിനെ മികച്ച സ്കോറിൽ എത്തിച്ചത്. പുരാൻ 21 പന്തിൽ 42 റൺസ് നേടി. ക്രുണാൽ 22 പന്തിൽ രണ്ട് സിക്സും നാല് ഫോറും അടക്കം 43 റൺസുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനു വേണ്ടി ക്യാപ്റ്റൻ ശിഖർ ധവാൻ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ധവാനും (50 പന്തിൽ 70) ജോണി ബെയർസ്റ്റോയും (29 പന്തിൽ 42) ചേർന്നുള്ള ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് 11.4 ഓവറിൽ 102 റൺസ് അടിച്ചെടുത്തു. പഞ്ചാബ് നിരയിൽ പിന്നീടാർക്കും ശോഭിക്കാനായില്ല.
Source link