'ആടുജീവിതം എല്ലാവർക്കും അഭിമാനിക്കാവുന്ന ചിത്രമായിരിക്കും'

‘ആടുജീവിതം എല്ലാവർക്കും അഭിമാനിക്കാവുന്ന ചിത്രമായിരിക്കും’ – Aadujeevitham | Blessy | Movie News

‘ആടുജീവിതം എല്ലാവർക്കും അഭിമാനിക്കാവുന്ന ചിത്രമായിരിക്കും’

തമ്പി ആന്റണി

Published: March 28 , 2024 10:32 AM IST

1 minute Read

ആടുജീവിതം പോസ്റ്റർ, തമ്പി ആന്റിയും ബ്ലെസിയും

കാഴ്ചയിലും സംസാരത്തിലും സൗമ്യനായി തോന്നുന്ന ബെന്യാമിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു കനൽ ജ്വലിക്കുന്നുണ്ടെന്ന് നേരത്തെ തോന്നിയിരുന്നു. അടുത്തറിയുകയും അദ്ദേഹത്തിന്റെ കഥകൾ കൂടുതൽ വായിക്കുകയും ചെയ്തപ്പോൾ അത് സ്ഥിരീകരിച്ചു. ആടുജീവിതം എന്ന നോവൽ നജീബ് എന്ന ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളുടെ അടയാളപ്പെടുത്തലാണ് എന്നതിൽ സംശയമില്ല. എന്നാൽ അത് പുസ്തകമാക്കുമ്പോൾ, ഒരിക്കലും നജീബിന്റെ മാത്രം അനുഭവമായി എഴുതാൻ കഴിയില്ല. കാരണം ഇതൊരു ആത്മകഥയല്ല, നോവലാണ് എന്നതുതന്നെ.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി വായനക്കാരെ മറ്റൊരു സാങ്കൽപ്പിക ലോകത്തിലെത്തിക്കുകയാണ് എഴുത്തുകാരൻ. സംഭവിച്ചതും, സംഭവിക്കാത്തതും, അവിശ്വസനീയമായതും ഒക്കെ കോർത്തിണക്കി വിഭവസമൃദ്ധമായ ഒരു വിരുന്നുതന്നെയാണ് ബെന്യാമിൻ വായനക്കാർക്കായി സമർപ്പിക്കുന്നത്. അതുതന്നെയാണ് ആ നോവലിന്റെ വിജയവും. നാളിതു വരെ  ഒരു പുസ്തകമോ കഥകളോ വായിക്കാത്തവർപോലും ആടുജീവിതം എന്ന പുസ്തകം വായിക്കുന്നതും അതിൽ പറയുന്നത് നൂറുശതമാനം സത്യമാണെന്നു വിശ്വസിച്ചുകൊണ്ടുതന്നെയാണ്. അതാണ് ഒരെഴുത്തുകാരന്റെ വിജയം.

ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങളും, മറ്റു പുസ്തകങ്ങളും വായിച്ചാലും അങ്ങനെയേ തോന്നൂ. ആ കഥകളെല്ലാം സാങ്കൽപികമാണെന്ന് ആർക്കും തോന്നാതിരിക്കത്തക്ക രീതിയിലാണ് രചിച്ചിരിക്കുന്നത്. നജീബിന്റെ ആടുജീവിതം പൂർണമായി ഉൾക്കൊണ്ടുകൊണ്ടുതന്നെ ബ്ലെസി ഈ തിരക്കഥ രചിച്ചിരിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഈ സിനിമ തീർച്ചയായും പ്രേക്ഷകരെ മറ്റൊരു ലോകത്തിൽ എത്തിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എഴുത്ത് എഴുത്തുകാരന്റെ ഭാവനയും സിനിമ സംവിധായകന്റെ സൃഷ്ടിയുമാണ്. ബ്ലെസിയുടെ കാഴ്ച, തന്മാത്ര, പളുങ്ക്, കൽക്കട്ടാന്യൂസ്, പ്രണയം, ഭ്രമരം, കളിമണ്ണ് മുതലായ സിനിമകൾതന്നെ അതിനുള്ള നല്ല നല്ല ഉദാഹരണങ്ങളാണ്.

ആടുജീവിതം ചിത്രീകരണത്തിനിടെ റിക് അബെ സംവിധായകൻ ബ്ലെസിയോടൊപ്പം. ചിത്രം–സ്പെഷ്യൽ അറേഞ്ച്മെന്റ്.

ആടുജീവിതം എന്ന സിനിമ അദ്ദേഹത്തിന്റെ കഴിഞ്ഞ ചലച്ചിത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു ലോകം നമുക്ക് മുന്നിൽ തുറന്നിടുന്നു. ലോകം മുഴുവൻ ശ്രദ്ധയോടെ വായിച്ച ഒരു പുസ്തകം സിനിമയാകുമ്പോൾ അതിന്റെ പിന്നിലുള്ള അധ്വാനവും, ഉത്തരവാദിത്വവും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഏറ്റവും പ്രശസ്തരും പ്രഗത്ഭരുമായ കലാകാരന്മാരെത്തന്നെയാണ് ചിത്രീകരണത്തിനായി അണിനിരത്തിയിരിക്കുന്നത്. നീണ്ട പതിനാറു വർഷത്തെ  ഒരു കാത്തിരുപ്പുതന്നെ വേണ്ടിവന്നു ഈ ചിത്രം പൂർത്തിയാക്കാൻ എന്നാണറിയാൻ കഴിഞ്ഞത്. പൃഥിരാജിനും അമലാ പോളിനും മാത്രമല്ല, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു ചിത്രമായിരിക്കും ആടുജീവിതം Goat life എന്നകാര്യത്തിൽ സംശയമില്ല. എന്തായാലും, അമേരിക്കയിൽ ആദ്യദിവസം ആദ്യ ഷോ കാണാൻ ഞാനും പ്രേമയും തീരുമാനിച്ചു. ബാക്കിയൊക്കെ കണ്ടിട്ട് എഴുതാം. ആടുജീവിതം അണിയിച്ചൊരുക്കിയ ബ്ലെസിക്കും കൂട്ടുകാർക്കും എല്ലാ ആശംസകളും. ഇതൊരു ഗംഭീര വിജയമാകട്ടെ.

English Summary:
Thampy Antony about Aadu Jeevitham

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-03-28 f3uk329jlig71d4nk9o6qq7b4-2024 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 thampy-antony mo-entertainment-common-malayalammovienews 7rmhshc601rd4u1rlqhkve1umi-2024-03-28 mo-entertainment-titles0-aadujeevitham f3uk329jlig71d4nk9o6qq7b4-2024-03 mo-entertainment-movie-blessy mo-entertainment-movie-prithvirajsukumaran f3uk329jlig71d4nk9o6qq7b4-list mo-literature-authors-thampy-antony 3e4fbtjblkc8sdm3j6pe8f2db0


Source link
Exit mobile version