കൊളോസിയത്തിലെ കുരിശിന്റെ വഴിയിൽ ചൊല്ലുന്നത് മാർപാപ്പ എഴുതിയ പ്രാർഥനകൾ
വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പ എഴുതിയ പ്രാർഥനകളായിരിക്കും ദുഃഖവെള്ളി ദിനമായ നാളെ റോമിലെ ചരിത്രപ്രസിദ്ധമായ കൊളോസിയത്തിനു ചുറ്റും നടക്കുന്ന കുരിശിന്റെ വഴിയിൽ ചൊല്ലുക. ‘കുരിശിന്റെ വഴിയിൽ യേശുവിനോടൊപ്പം പ്രാർഥനയിൽ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രാർഥനകൾ. കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളിലും പ്രത്യേക വചനവിചിന്തനവും മാർപാപ്പ നൽകും. സാർവത്രികസഭാ തലവനെന്ന നിലയിൽ തന്റെ 11 വർഷത്തെ പ്രവർത്തനത്തിനിടെ ഇതാദ്യമായാണു ഫ്രാൻസിസ് മാർപാപ്പ കുരിശിന്റെ വഴിയിൽ പ്രാർഥനകൾ എഴുതുന്നത്. ഓരോ വർഷവും ലോകത്തിലെ ഏതെങ്കിലും പ്രമുഖരെക്കൊണ്ട് കുരിശിന്റെ വഴി പ്രാർഥന എഴുതിക്കുകയെന്നതായിരുന്നു ഇതുവരെയുള്ള രീതി.
1985ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴിയിലെ പ്രാർഥനകൾ എഴുതുന്നത് വ്യത്യസ്ത വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും കൈമാറുന്ന പാരമ്പര്യം ആരംഭിച്ചത്. എന്നാൽ 2000 മഹാജൂബിലി വർഷത്തിലെ കുരിശിന്റെ വഴിയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പതന്നെ പ്രാർഥനകൾ എഴുതി. ബനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ ഭരണകാല ത്തുടനീളം പാരമ്പര്യം തുടർന്നു.
Source link