ചരക്കുകപ്പൽ ഇടിച്ച് ബാൾട്ടിമോർ പാലം തകർന്നു ; നിരവധി വാഹനങ്ങൾ നദിയിൽ പതിച്ചു
ബാൾട്ടിമോർ: അമേരിക്കയിലെ ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച് പാലം തകർന്ന് വൻ അപകടം. ഇന്നലെ പുലർച്ചെയാണു ബാൾട്ടിമോറിലെ പ്രശസ്തമായ ഫ്രാൻസിസ് സ്കോട്ട് കി പാലത്തിൽ സിംഗപ്പുർ പതാകയുള്ള ‘ദാലി’ എന്ന ചരക്കുകപ്പൽ ഇടിച്ചത്. ഇതോടെ പാലം തകർന്നുവീഴുകയും നിരവധി വാഹനങ്ങൾ ഉൾപ്പെടെ പറ്റാപ്സ്കോ നദിയിലേക്ക് പതിക്കുകയുമായിരുന്നു. യാത്രക്കാർക്കൊപ്പം പാലത്തിലുണ്ടായിരുന്ന ഏതാനും നിർമാണത്തൊഴിലാളികളും അപകടത്തിൽപ്പെട്ടുവെന്നാണ് സംശയം. കപ്പലിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇവർ സുരക്ഷിതരാണ്. നദിയിൽ വീണവരെ കണ്ടെത്തുന്നതിനു ശ്രമം തുടരുകയാണ്. എട്ടു ഡിഗ്രി സെൽഷ്യസ് താപനില തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. പ്രദേശത്ത് ശീതക്കാറ്റും ശക്തമാണ്. രണ്ടുപേരെ രക്ഷപ്പെടുത്തിയെന്നും എത്രയാളുകൾ നദിയിൽ അകപ്പെട്ടു എന്നതിൽ വ്യക്തതയില്ലെന്നും ബാൾട്ടിമോർ മേയർ ബ്രണ്ടൻ സ്കോട്ട് പറഞ്ഞു. നദിയിൽ വീണ് ഏഴുപേരെ കാണാതായെന്നാണ് ആദ്യ റിപ്പോർട്ടുകൾ. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് പാലത്തിലെ ഒരു തൂണിൽ കപ്പൽ ഇടിച്ചതെന്ന് കപ്പലിന്റെ മേൽനോട്ട ചുമതലയുള്ള സിനർജി മറൈൻ ഗ്രൂപ്പ് അറിയിച്ചു. ക്യാപ്റ്റൻ ഉൾപ്പെടെ സുരക്ഷിതരാണ്. ആഗോള ചരക്കുഭീമനായ ഡാനിഷ് കന്പനി മർസ്കിന്റെ ചരക്കുകളാണ് കപ്പലിലുണ്ടായിരുന്നത്. നദിയിലൂടെ തെക്കുകിഴക്ക് ദിശയിലാണു കപ്പൽ സഞ്ചരിച്ചിരുന്നത്. അപകടത്തിന് തൊട്ടുമുന്പ് കപ്പലിന്റെ യാത്രാദിശയിൽ മാറ്റം വന്നിട്ടുണ്ട്.
ഈ സമയത്ത്, കപ്പലിന്റെ പുറംഭാഗത്തുള്ള ലൈറ്റുകൾ പെട്ടെന്ന് അണയുകയും ഫണലിൽനിന്ന് പുക ഉയരുകയും ചെയ്തു. പിന്നാലെ പാലത്തിന്റെ തൂണിൽ ഇടിച്ച് അപകടവും ഉണ്ടായി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന നാലുവരി പാലം ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന് നദിയിലേക്കു വീണു. പിന്നാലെ കപ്പലിനു തീപിടിച്ചു. കറുത്ത പുക പ്രദേശമാകെ പരക്കുകയും ചെയ്തു. കപ്പലിന്റെ എൻജിൻ തകരാർ ഉൾപ്പെടെയുള്ള കാരണങ്ങളാണ് അപകടത്തിലേക്കു നയിച്ചതെന്നാണു സംശയം. കപ്പലിനു വേഗം കുറവായിരുന്നുവെങ്കിലും പടുകൂറ്റൻ കപ്പലിലെ കണ്ടെയ്നറുകളുടെ ഭാരമാണ് പാലം തകരാന് കാരണമായത്. ഭീകരാക്രമണം ഉൾപ്പെടെയുള്ള സാധ്യതകൾ ഈ ഘട്ടത്തിൽ അന്വേഷിക്കുന്നില്ല. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിഡന്റ് ജോ ബൈഡനു കൈമാറിയിട്ടുണ്ട്. എഫ്ബിഐ, ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർ ആംസ് ആൻഡ് എക്സ്പ്ലോസീവ്സ് (എടിഎഫ്) ഉദ്യോഗസ്ഥർ എന്നിവർ അന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന് മേരിലാൻഡ് സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
Source link