ഗാസയിൽ സമാധാനം: അന്താരാഷ്ട്ര മധ്യസ്ഥശ്രമങ്ങൾ വീണ്ടും പരാജയപ്പെട്ടു
ഗാസ: ഗാസയിൽ സമാധാനത്തിനായുള്ള അന്താരാഷ്ട്ര മധ്യസ്ഥശ്രമങ്ങൾ വീണ്ടും പരാജയപ്പെട്ടു. ഹമാസും ഇസ്രയേലും മുൻനിലപാടുകളിൽ ഉറച്ചുനിന്നതോടെയാണ് മധ്യസ്ഥശ്രമം വീണ്ടും പരാജയപ്പെട്ടത്. വെടിനിർത്തലിനും ബന്ദികളെ കൈമാറ്റം ചെയ്യുന്നതിനുമുള്ള നിർദേശങ്ങൾ ഹമാസ് തള്ളി. തങ്ങളുടെ പ്രധാനപ്പെട്ട ആവശ്യങ്ങൾ ഇസ്രയേൽ നിരസിച്ചതിനാൽ വെടിനിർത്തൽ നിർദേശങ്ങൾ തള്ളുകയാണെന്ന് ഹമാസ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കണമെന്നും ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിക്കണമെന്നുമാണു ഹമാസ് പ്രധാനമായും ആവശ്യപ്പെടുന്നത്. എന്നാൽ, ഈ ആവശ്യം ഇസ്രയേൽ അംഗീകരിക്കുന്നില്ല. തങ്ങളുടെ മുൻനിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.
ഗാസയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന പ്രമേയം യുഎൻ രക്ഷാസമിതി അംഗീകരിച്ചതിനു തൊട്ടുപിന്നാലെയാണു ഹമാസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. യുദ്ധം തുടരുമെന്ന നിലപാട് ഇസ്രയേലും ആവർത്തിച്ചു. ഗാസയിൽനിന്നു പലായനം ചെയ്ത ആളുകൾ തിങ്ങിപ്പാർക്കുന്ന റാഫ ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. റാഫയിലേക്ക് കരയുദ്ധം വ്യാപിപ്പിച്ചാൽ ഹമാസിനെ തുരത്താനും ബന്ധികളെ മോചിപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച റാഫയിലെ പാർപ്പിടസമുച്ചയത്തിനു നേർക്ക് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 16 അഭയാർഥികൾ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒൻപതു കുട്ടികളും നാലു സ്ത്രീകളും ഉൾപ്പെടുന്നു.
Source link