ജെഎൻയു: എബിവിപിക്ക് തിരിച്ചടി; വിജയത്തിളക്കത്തിൽ ഇടതുസഖ്യം – Setback for ABVP; Left coalition wins JNU students union election | India News, Malayalam News | Manorama Online | Manorama News
ജെഎൻയു: എബിവിപിക്ക് തിരിച്ചടി; വിജയത്തിളക്കത്തിൽ ഇടതുസഖ്യം
മനോരമ ലേഖകൻ
Published: March 26 , 2024 02:58 AM IST
1 minute Read
ഡൽഹി ജെഎൻയുവിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച ഇടതുപക്ഷ വിദ്യാർഥിസംഘടനാ പ്രവർത്തകരുടെ ആഹ്ലാദം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ/ മനോരമ
ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ (ജെഎൻയു) 4 വർഷത്തിനു ശേഷം നടന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിലെ ഇടതുസഖ്യത്തിന്റെ വിജയം പ്രതിപക്ഷ പാർട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നു. രാജ്യത്തെ യുവാക്കളുടെ നിലപാടാണു ജെഎൻയുവിൽ പ്രതിഫലിച്ചതെന്നു പല നേതാക്കളും പ്രതികരിക്കുകയും ചെയ്തു.
എബിവിപിയുടെ ശക്തമായ പ്രചാരണത്തെയും അവസാന നിമിഷം സ്ഥാനാർഥിയെ അയോഗ്യയാക്കിയതുൾപ്പെടെയുള്ള നീക്കങ്ങളെയും മറികടന്നു നേടിയ വിജയത്തിനു തിളക്കമേറെയാണെന്നു പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ധനഞ്ജയ് കുമാർ പറഞ്ഞു. രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ജെഎൻയുവിൽ വിദ്യാർഥി യൂണിയൻ പിടിച്ചെടുക്കാൻ എബിവിപി ഏറെക്കാലമായി ശ്രമിക്കുന്നുണ്ട്. ഈ ശ്രമങ്ങളെ എതിരിടാൻ കുറെക്കാലമായി ഇടതു വിദ്യാർഥി സംഘടനകളായ എസ്എഫ്ഐ, എഐഎസ്എഫ്, ഐസ, ഡിഎസ്എഫ് എന്നിവ ഒരുമിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ബിഹാറിലെ ഗയ സ്വദേശിയായ ധനഞ്ജയ് കുമാർ ജെഎൻയുവിലെ തിയറ്റർ ആൻഡ് പെർഫോമൻസ് സ്റ്റഡീസിൽ പിഎച്ച്ഡി വിദ്യാർഥിയാണ്. എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഉമേഷ് ചന്ദ്ര അജ്മേരയ്ക്കു 1676 വോട്ട് ലഭിച്ചപ്പോൾ ഐസയുടെ ഭാഗമായ ധനഞ്ജയ് നേടിയതു 2598 വോട്ട്. 27 വർഷത്തിനു ശേഷമാണു ദലിത് വിഭാഗത്തിൽ നിന്നുള്ള ഒരാൾ ജെഎൻയു യൂണിയൻ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.
ഇടതുസഖ്യത്തിന്റെ സെക്രട്ടറി സ്ഥാനാർഥിയായിരുന്ന സ്വാതി സിങ്ങിനെ പോളിങ്ങിന് 7 മണിക്കൂർ മുൻപ് അയോഗ്യയാക്കിയതോടെയാണു ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (ബാപ്സ) ജനറൽ സെക്രട്ടറി സ്ഥാനാർഥി പ്രിയാൻശി ആര്യയ്ക്കു പിന്തുണ നൽകാൻ ഇടതു സംഘടനകൾ ആഹ്വാനം ചെയ്തത്. സ്വാതിക്കെതിരെ മുൻപു സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടി 22നു പുലർച്ചെ രണ്ടിനാണു അയോഗ്യയാക്കിയുള്ള അറിയിപ്പെത്തുന്നത്. ഇടതു സഖ്യത്തിന്റെ പിന്തുണ ലഭിച്ചതോടെ ജെഎൻയുവിൽ ആദ്യമായി ബാപ്സയുടെ അംഗം യൂണിയന്റെ ഭാഗമായി.
ജെഎൻയു വിദ്യാർഥി യൂണിയൻ പിടിച്ചെടുക്കാൻ എബിവിപി നടത്തുന്ന ശ്രമങ്ങൾക്കു സർവകലാശാലാ അധികൃതരുടെ പിന്തുണയുമുണ്ടെന്ന് ഇടതു വിദ്യാർഥികൾ ആരോപിച്ചിരുന്നു. സർവകലാശാലയിൽ മുൻപുണ്ടായിരുന്ന സംവരണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതുൾപ്പെടെ ഇതിന്റെ ഭാഗമായിട്ടാണെന്നാണ് അവർ വിലയിരുത്തുന്നത്.
സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് കൗൺസിലർ സ്ഥാനത്തേക്കു ഇരിങ്ങാലക്കുട സ്വദേശി കെ. ഗോപിക ബാബുവും (എസ്എഫ്ഐ) തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട 42 കൗൺസിലർമാരിൽ 12 പേർ എബിവിപി പ്രതിനിധികളാണ്. 30 പേർ ഇടത് ഉൾപ്പെടെയുള്ള മറ്റു സംഘടനകളിൽ നിന്നുള്ളവർ.
English Summary:
Setback for ABVP; Left coalition wins JNU students union election
40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list mo-politics-parties-sfi 40oksopiu7f7i7uq42v99dodk2-2024-03-26 mo-educationncareer-jnu 6anghk02mm1j22f2n7qqlnnbk8-2024-03-26 4uo6v3p4rdli0spv93g84h56fl mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 mo-politics-parties-abvp mo-politics-parties-aisf 40oksopiu7f7i7uq42v99dodk2-2024
Source link