കലാപരമായ കാര്യങ്ങളില്‍ കുട്ടികള്‍ക്ക് രണ്ടുപേര്‍ക്കും അഭിരുചിയുണ്ടെന്ന് വളരെ ചെറുപ്രായത്തില്‍ തന്നെ മനസിലായി. നാട്ടിലൊരു ക്ലബ്ബുണ്ട്. അവിടെ നടക്കുന്ന പരിപാടികളിലൊക്കെ ഇവര്‍ പങ്കെടുക്കും. അനൂന് (അനശ്വര രാജൻ) എല്ലാത്തിലും പങ്കെടുക്കാന്‍ വലിയ ആഗ്രഹവും ഉത്സാഹവുമാണ്.അനൂന്റെ സ്‌കൂളില്‍ ഒരു ക്ലാസില്‍ 70 കുട്ടികളൊക്കെയുണ്ടാവും. അത്യാവശ്യം നല്ല അച്ചടക്കമുള്ള സ്‌കൂളാണത്. ക്ലാസില്‍ കുട്ടികള്‍ സൈലന്റായിരിക്കണമെന്ന് നിര്‍ബന്ധമാണ്. അനൂനാണെങ്കില്‍ അടങ്ങിയിരിക്കാന്‍ പറ്റില്ല. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം. ക്ലാസില്‍ അതൊന്നും നടക്കില്ലെന്ന് അറിയാവുന്നതു കൊണ്ട് അവള്‍ക്ക് സ്‌കൂളില്‍ പോകാന്‍ ഇഷ്ടമല്ല. എല്ലാ ദിവസവും ക്ലാസില്‍ പോകാന്‍ പറ്റില്ലെന്നു പറഞ്ഞ് കരയും. കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് പോകാനുളള ജീപ്പ് ഓടിച്ചിരുന്നത് ഏട്ടന്റെ ഇളയമ്മയുടെ മകനായിരുന്നു. അതിലെ യാത്രക്കാര്‍ മിക്കവാറും പേര്‍ ഞങ്ങളുടെ ബന്ധുക്കളുടെ കുട്ടികളായിരുന്നു. അവരെല്ലാം നല്ല ഉത്സാഹത്തില്‍ രാവിലെ റെഡിയായി ഇരിക്കും. അനു എപ്പോഴും കരഞ്ഞുകൊണ്ടേ പോകൂ. ഞങ്ങള്‍ ഉന്തിത്തളളി വിടുകയാണ് പതിവ്.
ജീപ്പ് പാര്‍ക്ക് ചെയ്യുന്നത് ഒരു കയറ്റത്തിലാണ്. അവിടം വരെ ഞാന്‍ അവളുടെ കയ്യും പിടിച്ച് നടക്കണം. അഞ്ച് മിനിറ്റോളം നടക്കാനുണ്ട്. ആ സമയമത്രയും എന്നെ വിടല്ലേ അമ്മേ എന്നു പറഞ്ഞ് നിര്‍ത്താതെ കരയും. അത് കാണുമ്പോള്‍ എനിക്ക് സങ്കടം വരും. ഞാന്‍ അവളെ ജീപ്പ് കയറ്റി വിട്ട് തിരിച്ച് വീട്ടിലേക്ക് വരുന്നത് കരഞ്ഞുകൊണ്ടായിരിക്കും. പിന്നെ കുറെ സമയത്തേക്ക് ആ സങ്കടം മനസ്സില്‍ നിന്ന് പോവില്ല. അത്രയും ഡിസിപ്ലിന്‍ഡായ ഒരു അന്തരീക്ഷവുമായി അവള്‍ക്ക് യോജിച്ചു പോകാന്‍ കഴിയുമായിരുന്നില്ല. അനു ഒരുപാട് സ്വാതന്ത്ര്യം മോഹിക്കുന്ന ഹൈപ്പര്‍ ആക്ടീവായ കുട്ടിയായിരുന്നു. അവളുടെ സന്തോഷം തല്ലിക്കെടുത്തുന്ന ഒന്നായിരുന്നു ആ തീരുമാനമെന്നും ആ സ്‌കൂളില്‍ ചേര്‍ക്കേണ്ടിയിരുന്നില്ലെന്നും പിന്നീട് എനിക്ക് തോന്നി. സ്‌കൂള്‍ എത്ര നല്ലതാണെങ്കിലും കുഞ്ഞുങ്ങളുടെ സന്തോഷമാണല്ലോ ഒരമ്മയ്ക്ക് പ്രധാനം?
ഇതൊക്കെയാണെങ്കിലും ഒരു കാര്യത്തില്‍ എനിക്ക് വളരെ നിര്‍ബന്ധമുണ്ടായിരുന്നു. ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ സ്വയംപര്യാപ്തരാക്കണം. ഞാനും ഏട്ടനുമൊക്കെ കുഞ്ഞിലേ എല്ലാ കാര്യങ്ങളും സ്വയം ചെയ്ത് പഠിച്ച ആളുകളാണ്. അതുകൊണ്ട് കുട്ടികളെയും അങ്ങനെ ശീലിപ്പിച്ചു. അവര്‍ക്ക് അതിന് മടിയൊന്നുമുണ്ടായിരുന്നില്ല. വളരെ കുഞ്ഞിലേ മുതല്‍ അവരുടെ എല്ലാ കാര്യങ്ങളും ആരെയും ആശ്രയിക്കാതെ സ്വയം ചെയ്യാന്‍ അച്ചുവും അനുവും ശീലിച്ചിരുന്നു.
എന്റെ അമ്മയില്‍ നിന്നാണ് ആ രീതി ഞാന്‍ പഠിച്ചത്. അമ്മ എനിക്ക് ഒന്നും ചെയ്ത് തരാറില്ല. പകരം എന്നെക്കൊണ്ട് തന്നെ കാര്യങ്ങള്‍ ചെയ്യിക്കും. നമ്മുടെ നന്മയ്ക്കും ശോഭനമായ ഭാവിക്കും വേണ്ടി ബോധപൂര്‍വം ശീലിപ്പിക്കുന്നതാണ്. ആ ശീലം ഞാന്‍ എന്റെ കുട്ടികളിലേക്കും പകര്‍ന്നു. നാളെ നമ്മള്‍ ഇല്ലാത്ത ഒരു കാലത്തും അവര്‍ നന്നായി ജീവിക്കണമല്ലോ?
സ്വയംപര്യാപ്തത നമ്മളില്‍ ഒരുപാട് ഗുണങ്ങള്‍ നിറയ്ക്കും. അമ്മയെ പോലെ തന്നെ എനിക്കും ആരോടും സഹായം ചോദിക്കുന്നതും ആരുടെ മുന്നിലും കൈനീട്ടുന്നതും ഇഷ്ടമല്ലായിരുന്നു. നമ്മുടെ ആത്മാഭിമാനം വളര്‍ത്തുന്ന ഒരു പരിശീലനപ്രക്രിയയാണതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും ഞാന്‍ അനുഭവിച്ച പ്രയാസങ്ങള്‍ കുട്ടികളെ അറിയിക്കാതെ ശ്രദ്ധിച്ചിരുന്നു. എന്റെ കുട്ടിക്കാലത്ത് സ്‌കൂള്‍ ഫീസ് ചോദിക്കുമ്പോള്‍ അച്ഛന്‍
നാളെ തരാം എന്ന് പറയും. വീട്ടിലെ സാമ്പത്തികാവസ്ഥ കൊണ്ട് പറയുന്നതാണ്. പക്ഷേ എത്ര ബുദ്ധിമുട്ടിയിട്ടാണെങ്കിലും എന്റെ അവസ്ഥ കുട്ടികള്‍ക്ക് വരാതെ ശ്രദ്ധിച്ചിരുന്നു. ഒരു കാര്യത്തിലും ഞാന്‍ അവരോട് നോ പറഞ്ഞിട്ടില്ല. അവധിക്ക് വച്ചിട്ടുമില്ല. ഞാന്‍ സങ്കടപ്പെട്ട സന്ദര്‍ഭങ്ങള്‍ അവര്‍ക്ക് ഉണ്ടാവാതെ ശ്രദ്ധിക്കും.
കര്‍ശനമായ ചിട്ടയിലും അച്ചടക്കത്തിലും കടുത്ത നിയന്ത്രണങ്ങളിലുമാണ് അച്ഛന്‍ ഞങ്ങളെ വളര്‍ത്തിയിരുന്നത്. പുറത്ത് എവിടെയും വിടില്ല. ആവശ്യമില്ലാതെ ബന്ധുവീടുകളില്‍ പോലും പോകാന്‍ അനുവാദമില്ല. ചുരിദാര്‍ ഇടാന്‍ മോഹിച്ച പ്രായത്തില്‍ അതിന് സമ്മതിച്ചില്ല. പാവാടയും ബ്ലൗസും തന്നെ ധരിക്കണം. അങ്ങനെ ഒരുപാട് നിബന്ധനകള്‍…ശരിക്കും കൂട്ടിലിട്ട കിളികളെ പോലെയാണ് ഞങ്ങള്‍ വളര്‍ന്നത്.
മുതിര്‍ന്ന കുട്ടിയായ ശേഷവും ഇതുതന്നെയായിരുന്നു സ്ഥിതി. ഏട്ടന്‍മാരുണ്ടെങ്കിലും അവരും അച്ഛനെ പോലെ ഞങ്ങളെ എവിടെയും വിടില്ല. പലപ്പോഴും നല്ല സങ്കടം തോന്നിയിട്ടുണ്ട്. പക്ഷേ പുറത്ത് കാണിക്കാന്‍ പോലും സ്വാതന്ത്ര്യമില്ല. അത്രയ്ക്ക് യാഥാസ്ഥിതിക മനസുളള ഒരുള്‍നാടന്‍ പ്രദേശമായിരുന്നു ഞങ്ങളുടേത്. പക്ഷേ ഒരുപാട് പുഴകളും തോടുകളുമൊക്കെയുളള പ്രകൃതി രമണീയമായ സ്ഥലം കൂടിയായിരുന്നു.
ആഗ്രഹങ്ങള്‍ മനസിലൊതുക്കാന്‍ വിധിക്കപ്പെട്ട ഒരു കുട്ടിക്കാലമായിരുന്നു എന്റേത്. സ്‌കൂളില്‍ നിന്ന് ടൂര്‍ പോകുമ്പോള്‍ പോലും വിടാറില്ല. അത് വല്ലാത്ത മനോവിഷമമുണ്ടാക്കി. ആ സങ്കടം തീര്‍ത്തത് എന്റെ കുട്ടികളിലൂടെയായിരുന്നു. അവരെ ഞാന്‍ എല്ലായിടത്തും വിടും. എല്ലാ സ്വാതന്ത്ര്യവും നല്‍കും. ഒന്നിലും നിബന്ധനകളോ നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്താറില്ല. കുട്ടികള്‍ ഒരു ഡ്രസ് കണ്ട് ഇഷ്ടപ്പെട്ടാല്‍ വേഗം എടുത്തോ എന്ന് പറയും. ഇടയ്ക്ക് അവര്‍ പണം ആവശ്യപ്പെട്ടാലുടന്‍ എടുത്തു കൊടുക്കും. ഒരിക്കല്‍ ഐശ്വര്യ ചോദിച്ചു.
‘‘അമ്മാ…എന്താ അമ്മാ…ഞങ്ങള്‍ പൈസ ചോദിക്കുമ്പം അത് എന്തിനാന്ന് ചോദിക്കാത്തത്?’’
ഞാന്‍ പറഞ്ഞു: ‘‘നിങ്ങള്‍ വേണ്ടാത്ത രീതിയില്‍ ഉപയോഗിക്കില്ലെന്ന് എനിക്കറിയാം’’
അനു ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ കുളിപ്പിക്കുമ്പോള്‍ അവള്‍ക്ക് ശരീരത്തില്‍ അവിടവിടെയായി വേദനിക്കുന്നുവെന്ന് പറഞ്ഞു. ദേഹത്ത് പലയിടത്തായി പാടുകളും കാണാനുണ്ട്.
‘‘ഇതെന്ത് പറ്റിയതാണ് മോളെ?’’ എന്ന് ചോദിച്ചിട്ട് അവള്‍ ഒന്നും മിണ്ടിയില്ല.
കുരുത്തക്കേടുകള്‍ ഒപ്പിച്ചാല്‍ ഞാന്‍ അവരുടെ പക്ഷത്ത് നില്‍ക്കില്ലെന്നും വഴക്ക് പറയുമെന്നും അവള്‍ക്കറിയാം. ടീച്ചര്‍ വഴക്കു പറഞ്ഞുവെന്ന് പറഞ്ഞാലും ഞാന്‍ അത് കാര്യമാക്കാറില്ല. നീ പഠിക്കാത്തതു കൊണ്ടല്ലേ എന്ന് ചോദിച്ച് ടീച്ചറുടെ ഭാഗം ചേരും. കുട്ടികള്‍ എല്ലാ ബുദ്ധിമുട്ടുകളും അറിഞ്ഞു വളരണമെന്ന് തന്നെയാണ് അക്കാര്യത്തില്‍ എന്റെ നിലപാട്.
ഇതൊക്കെ പറഞ്ഞാലും എന്റെ ലോകം അവര്‍ രണ്ടാളുമാണ്. അവരെ ആരെങ്കിലും ഒന്ന് നുളളി നോവിക്കുന്നത് പോലും സഹിക്കാന്‍ പറ്റില്ല. അനൂട്ടിയുടെ കാലിൽ ഉള്‍പ്പെടെ വലിയ പാടുകള്‍ കണ്ടപ്പോള്‍ വല്ലാത്ത സങ്കടമായി. എന്ത് പറ്റി മോളെ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ അത് ടീച്ചര്‍ അടിച്ചതാണെന്ന് പറഞ്ഞു. എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ അനു പറയുകയാണ്.
‘‘ഹോംവര്‍ക്ക് ചെയ്തത് കാണിക്കുമ്പം ഞാന്‍ അറിയാതെ ടീച്ചറുടെ കാലില്‍ ചവുട്ടിപ്പോയി. അതിന് എന്നെ ക്ലാസില്‍ നിന്നിറിക്കി പുറത്തു നിര്‍ത്തിച്ചു. അടിച്ചു’’’
ഞാന്‍ പെട്ടെന്ന് പ്രതികരിക്കുന്ന കൂട്ടത്തിലാണ്. ദേഷ്യം വന്നാല്‍ കണ്ണ് കാണില്ല. ടീച്ചറെ വിളിച്ച് ഇങ്ങനെയാണോ കുഞ്ഞുങ്ങളുടെ അടുത്ത് പെരുമാറേണ്ടതെന്നും പരാതി കൊടുക്കുമെന്നും പറഞ്ഞു.
ഒരേ സമയം രണ്ട് വൈരുധ്യങ്ങളെ ആ കാലത്ത് നേരിടേണ്ടി വന്നു. അതിലൊന്ന് പല അധ്യാപകര്‍ക്കൂം കുട്ടികളെ സ്വന്തം മക്കളെ പോലെ കെയര്‍ ചെയ്യാനും സ്‌നേഹനിര്‍ഭരമായി പെരുമാറാനും കഴിഞ്ഞില്ല എന്നതാണ്. മറുവശത്ത് ഇന്ന് നാം കാണുന്ന അനശ്വരയുടെ കഴിവുകള്‍ രൂപപ്പെട്ടതിലും വളര്‍ത്തിയെടുത്തതിലും ആ സ്‌കൂള്‍ വഹിച്ച പങ്ക് നിർണായകമാണ്. അത്ര നല്ല വിദ്യാഭ്യാസ രീതിയാണ് അവിടുത്തേത്. പക്ഷേ മികച്ച പെരുമാറ്റം കൊണ്ട് കൂടിയേ യഥാർഥ വിദ്യാഭ്യാസം പൂര്‍ണമാകൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു.
വീട്ടിലായാലും സ്‌കൂളിലായാലും സ്‌നേഹം കൊണ്ട് നിറയ്ക്കുന്ന ഒരു ലോകമാണ് ഏതൊരു മനുഷ്യനും സ്വപ്നം കാണുന്നത്. തെറ്റ് കണ്ടാല്‍ വഴക്ക് പറയുന്നതിലോ ശിക്ഷിക്കുന്നതിലോ തെറ്റില്ല. പക്ഷേ അതിന് ചില രീതികളുണ്ട്. പരിധികളുണ്ട്.
ഒരാളുടെ മനസ്സ് വേദനിപ്പിക്കാതെ തന്നെ ചെയ്ത തെറ്റിന്റെ ആഴം ബോധ്യപ്പെടുത്താന്‍ കഴിയുമല്ലോ? എന്നാല്‍ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന സ്‌നേഹനിധികളായ ഒത്തിരി അധ്യാപകര്‍ ഇതേ സ്‌കൂളില്‍ തന്നെയുണ്ട്. വാസ്തവത്തില്‍ സ്‌കൂള്‍ അല്ല പ്രശ്‌നം. ചില വ്യക്തികളുടെ നിലപാടുകളാണ്.
അനൂന്റെ ഒരുപാട് കഴിവുകള്‍ ആ സ്‌കൂള്‍ അന്തരീക്ഷത്തില്‍ എങ്ങനെ പ്രോജ്ജ്വലിച്ചു എന്ന് കൂടി പറയേണ്ടതുണ്ട്. നാലാളുകളുടെ മുന്നില്‍ നിന്ന് സംസാരിക്കാനും ഏത് സ്‌റ്റേജിലും കയറി കലാപരിപാടികള്‍ അവതരിപ്പിക്കാനുമെല്ലാം അവള്‍ക്ക് ധൈര്യം നല്‍കിയത് ആ സ്‌കൂളില്‍ നിന്ന് ലഭിച്ച പരിശീലനമാണ്. അതുപോലെ യുകെജി മുതല്‍ അവര്‍ നന്നായി ഇംഗ്ലിഷ് പഠിപ്പിച്ചിരുന്നു. ഇന്ന് അനശ്വര അവളുടെ പ്രായത്തിലുളള മറ്റ് കുട്ടികളേക്കാള്‍ മനോഹരമായി ഇംഗ്ലിഷ് സംസാരിക്കുന്നുണ്ടെങ്കില്‍ അതിന്റെയും ക്രെഡിറ്റ് ആ സ്‌കൂളിന് അവകാശപ്പെട്ടതാണ്.
ഗള്‍ഫില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഏട്ടന്‍ കെഎസ്ഇബിയില്‍ ജോലിക്ക് കയറി. ഞങ്ങളുടെ തൊട്ടടുത്തുളള പഞ്ചായത്തിലായിരുന്നു ജോലി. സര്‍ക്കാര്‍ ജോലി ലഭിച്ചതിന്റെ സന്തോഷമുണ്ടെങ്കിലും ഏട്ടന് ഹോട്ടല്‍ ഭക്ഷണം പിടിക്കുന്നില്ല. അതിന്റെ പ്രയാസങ്ങളില്‍ നില്‍ക്കുമ്പോഴായിരുന്നു അനിയന്റെ വിവാഹം. അതോടെ തറവാട്ട് വീട്ടില്‍ നിന്നും ഞങ്ങള്‍ മാറിതാമസിക്കേണ്ടി വന്നു. വാടകയ്ക്ക് ഒരു വീട് എടുത്ത് താമസം അവിടേക്ക് മാറ്റി.
ആ സമയത്ത് ഏട്ടന് പാലക്കാട്ടേക്ക് സ്ഥലംമാറ്റമായി. എനിക്ക് ജോലി സംബന്ധമായി കോഴിക്കോട് ഒരു ട്രെയിനിങിന് പോകേണ്ടി വന്നു. തത്ക്കാലം കുട്ടികളെ തറവാട്ടില്‍ തന്നെയാക്കി. അതും എനിക്ക് പ്രയാസമായി. പകല്‍സമയത്ത് കളിക്കാന്‍ വിടുമെന്നല്ലാതെ ഒരു ദിവസം പോലും ഞാന്‍ കുട്ടികളെ പിരിഞ്ഞ് ഇരുന്നിട്ടില്ല. അവരെ തനിച്ച് ഒരു വീട്ടിലും ആക്കിയിട്ടുമില്ല.
ഒരു മാസമാണ് എന്റെ ട്രെയിനിങ് കാലാവധി. ആ ഒരു മാസം എനിക്ക് സങ്കടം കൊണ്ട് ഹൃദയത്തില്‍ വല്ലാത്ത ഒരു തരം വിങ്ങലായി. ഏട്ടന്റെ അമ്മ കുഞ്ഞുങ്ങളെ നന്നായി നോക്കുമെന്ന് ഉറപ്പുണ്ട്. എന്നാലും അവരെ കാണാതെയും സംസാരിക്കാതെയും ദിവസങ്ങള്‍ കടന്നു പോകുന്നത് എനിക്ക് ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. പലപ്പോഴും ശരീരത്തിന്റെ ഒരു ഭാഗം അടര്‍ത്തി മാറ്റിയതു പോലെ അനുഭവപ്പെട്ടു. തളളക്കോഴിയില്‍ നിന്നും കുഞ്ഞുങ്ങളെ വേര്‍പിരിക്കുന്നതിന്റെ വേദന എത്ര വലുതാണെന്ന് ആ സന്ദര്‍ഭത്തിലാണ് മനസിലാവുന്നത്.
ഞാന്‍ ഇടയ്ക്കിടെ വീട്ടിലേക്ക് വിളിച്ച് അന്വേഷിക്കും. അച്ഛനും അമ്മയും അനിയനുമെല്ലാം കുട്ടികളെ നന്നായി നോക്കുന്നു എന്ന് അറിയുമ്പോള്‍ സമാധാനമാവും. അപ്പോഴും സന്തോഷം ഉണ്ടായില്ല. എനിക്ക് കുട്ടികളെ കാണാനും അവര്‍ക്കൊപ്പമിരിക്കാനും കഴിയുന്നില്ലല്ലോ? ഞാന്‍ അടുത്തുളളപ്പോള്‍ ബന്ധുവീടുകളില്‍ കളിക്കാന്‍ പോയാലും കുട്ടികള്‍ സന്ധ്യയ്ക്കു മുന്‍പ് എന്നെ പേടിച്ച് തിരിച്ചു വരും. ഏട്ടനും ഞാനും സ്ഥലത്തില്ലാത്ത തക്കം നോക്കി അച്ചുവും അനുവും കളിക്കാന്‍ പോയ വീട്ടില്‍ പരമാവധി സമയം നിന്നു. സന്ധ്യ കഴിഞ്ഞിട്ടും കുട്ടികളെ കാണാതെ അനിയന്റെ ഭാര്യ വിഷമിച്ചു. മേമ എന്നാണ് അവളെ കുട്ടികള്‍ വിളിക്കുന്നത്. അനിയനെ അപ്പാപ്പനെന്നും. കുറച്ച് കഴിഞ്ഞ് രണ്ടും കൂടി ഒന്നുമറിയാത്ത മട്ടില്‍ കയറി വന്നു. പെട്ടെന്ന് മേമ വഴക്ക് പറഞ്ഞു.
‘‘അപ്പാപ്പനിങ്ങ് വരട്ടെ..ഞാന്‍ പറഞ്ഞുകൊടുക്കുന്നുണ്ട്. ഈ നേരത്താണോ നിങ്ങള്‍ വരുന്നത്’’
അനു പേടിച്ച് വിറച്ച് നില്‍ക്കുന്നത് മേമ കണ്ടിരുന്നു. പിന്നെ അവള്‍ എങ്ങോട്ടോ പോയി. രാത്രി എട്ടുമണിക്ക് വീട്ടില്‍ നിന്നും അനിയന്‍ എന്നെ കോഴിക്കോട്ടേക്ക് ഫോണില്‍ വിളിച്ചു പറയുകയാണ്.
‘‘ഏട്ടത്തിയമ്മേ…കുഞ്ഞിനെ കാണുന്നില്ല’’ എന്ന്.
ചങ്കിലൂടെ ഒരു തീഗോളം പാഞ്ഞു പോയ അവസ്ഥയിലായിരുന്നു ഞാന്‍. എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. കരഞ്ഞു കരഞ്ഞ് ഞാന്‍ ആകെ അവശനിലയിലായി.
വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പൊട്ടക്കിണറുകള്‍ ഉള്‍പ്പെടെ എല്ലായിടത്തും തിരഞ്ഞിട്ടും കുഞ്ഞിനെ കാണാനില്ല. അവസാനം പശുവിനെ കെട്ടുന്ന ആലയ്ക്ക് പിന്നില്‍ കുറെ പുല്ലൊക്കെ വളര്‍ന്നു നില്‍ക്കുന്നിടത്ത് പോയി ഒളിച്ചിരിക്കുകയാണ് കക്ഷി. അപ്പാപ്പന്റെ കയ്യില്‍ നിന്നും അടികിട്ടുമെന്ന് പേടിച്ച് ഒളിച്ചതാണ്. ഏതായാലും പിന്നെയാരും അവളെ വഴക്ക് പറഞ്ഞില്ല. പതിയെ സമാധാനിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഏതായാലും ദൈവാധീനത്താല്‍ ഭയപ്പെട്ടത് പോലെ ഒന്നും സംഭവിച്ചില്ല. പക്ഷേ എന്റെ പാതി ജീവന്‍ പോയി.
Source link