അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ ശനിയാഴ്ച രാത്രി നടന്ന മത്സരങ്ങളിൽ പിറന്നത് രണ്ടു വേഗമേറിയ ഗോളുകൾ. ആറു സെക്കൻഡിൽ വലകുലുക്കി ഓസ്ട്രിയയുടെ ക്രിസ്റ്റോഫ് ബോംഗാർട്ട്നർ റിക്കാർഡ് സ്വന്തമാക്കിയപ്പോൾ മറ്റൊരു മത്സരത്തിൽ ജർമനിയുടെ ഫ്ളോറിയൻ വിർട്സ് ഏഴു സെക്കൻഡിൽ ഗോൾ നേടി. 6 സെക്കൻഡിൽ ഗോൾ ബ്രാറ്റിസ്ലാവ, സ്ലൊവാക്യ: കിക്കോഫ് കഴിഞ്ഞ് ആറു സെക്കൻഡിൽ ഗോൾ. അന്താരാഷ്ട്ര ഫുട്ബോളിലെ ഏറ്റവും വേഗമേറിയ ഗോൾ. ഈ ഗോളിന് ഓസ്ട്രിയയുടെ ക്രിസ്റ്റോഫ് ബോംഗാർട്ട്നർ ആണ് ഉടമ. സ്ലൊവാക്യക്കെതിരേയുള്ള സൗഹൃദ മത്സരത്തിലാണ് വേഗമേറിയ ഗോൾ പിറന്നത്. സെന്റർ സർക്കിളിൽനിന്ന് പന്തുമായി കുതിച്ച ബോംഗാർട്ട്നർ മൂന്നുപേരെ കടന്ന് ബോക്സിനു പുറത്തുനിന്ന പന്ത് വലയിലാക്കുന്പോൾ ആറു സെക്കൻഡ് ആയതേ ഉണ്ടായിരുന്നുള്ളൂ. സ്ലൊവാക്യ ആരാധകർ ഇത് വിശ്വസിക്കാനാവതെ ഇരിക്കുകയായിരുന്നു. 2013ൽ ജർമനിയുടെ ലൂകാസ് പൊഡോൾസ്കി ഇക്വഡോറിനെതിരേ ഏഴു സെക്കൻഡിൽ നേടിയ ഗോളിന്റെ റിക്കാർഡാണ് തകർന്നത്.
82-ാം മിനിറ്റിൽ ആൻഡ്രിയാസ് വെയ്മാൻ വലകുലുക്കിയതോടെ ഓസ്ട്രിയ 2-0ന്റെ ജയം സ്വന്തമാക്കി. 7 സെക്കൻഡിൽ ഗോൾ ലിയോണ്: ജർമനിക്കായി ഏറ്റവും വേഗത്തിൽ ഗോൾ നേടിയ കളിക്കാരനെന്ന റിക്കാർഡ് ഇനി മുതൽ ഫ്ളോറിയൻ വിർട്സിന് സ്വന്തം. ഫ്രാൻസിനെതിരേ നടന്ന സൗഹൃദ മത്സരത്തിലാണ് വേഗമേറിയ ഗോൾ പിറന്നത്. മത്സരത്തിൽ ജർമനി 2-0ന് ജയിച്ചു. കഴിഞ്ഞ നാലു മത്സരങ്ങൾക്കുശേഷം ജർമനി നേടുന്ന ആദ്യ ജയമാണ്. പൊഡോൾസ്കി ഇക്വഡോറിനെതിരേ ഏഴു സെക്കൻഡിൽ നേടിയ ഗോളിനെക്കാൾ സെക്കന്റിന്റെ നൂറിലൊന്ന് വേഗത്തിലായിരുന്നു വിർട്സിന്റെ ഗോൾ. വിർട്സിന്റെ ആദ്യ അന്താരാഷ്ട്ര ഗോളുമാണിത്. അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന മൂന്നു വർഷത്തെ വിരമിക്കലിനുശേഷം തിരിച്ചെത്തിയ ടോണി ക്രൂസിന്റെ പാസിൽനിന്നുള്ള ലോംഗ് റേഞ്ചറാണ് ഫ്രാൻസിന്റെ വല തകർത്തത്. 49-ാം മിനിറ്റിൽ കെയ് ഹവാർട്സ് ജർമനിയുടെ ലീഡ് ഉയർത്തിയതോടെ ജർമനി ജയമുറപ്പിച്ചു.
Source link