അഹമ്മദാബാദ്: രണ്ടു പുതിയ ക്യാപ്റ്റന്മാരുടെ നേതൃത്വത്തിൽ ഗംഭീര തുടക്കം ലക്ഷ്യമിട്ട് ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസും ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റാൻസും ഇന്ന് ഐപിഎൽ ട്വന്റി 20 ക്രിക്കറ്റിൽ അഹമ്മദാബാദിൽ ഏറ്റുമുട്ടും. രോഹിത് ശർമയിൽനിന്ന് മുംബൈ ഇന്ത്യൻസിന്റെ പുതിയ നായകനായി നിയമിതനായ പാണ്ഡ്യയാകും ഇന്നത്തെ മത്സരത്തിലെ പ്രധാന ആകർഷണം. കഴിഞ്ഞ രണ്ടു സീസണിൽ ഗുജറാത്ത് ടൈറ്റാൻസിനെ കിരീടനേട്ടത്തിലേക്കും ഫൈനലിലേക്കുമെത്തിച്ച പാണ്ഡ്യക്ക് മുംബൈ ഇന്ത്യൻസിലേക്കുള്ള തിരിച്ചുവരവ് കരിയറിലെ തന്നെ നിർണയാകമാണ്. മുംബൈ ഇന്ത്യൻസിനെ അഞ്ച് ഐപിഎൽ കിരീടങ്ങൾ സമ്മാനിച്ച രോഹിതിൽനിന്ന് സ്ഥാനമേറ്റെടുത്ത പാണ്ഡ്യയുടെ ക്യാപ്റ്റൻസി മികവ് പരീക്ഷിക്കുന്നതാകും ഈ സീസണ്. ഒക്ടോബറിൽ ലോകകപ്പിനിടെ പരിക്കേറ്റ പാണ്ഡ്യയുടെ തിരിച്ചുവരവ് കൂടിയാണ്. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് അടുത്തിരിക്കെ താരത്തിന് ബാറ്റിംഗിലെയും ബൗളിംഗിലെയും മികവ് വ്യക്തമാക്കേണ്ടതുണ്ട്. നായകനായി വലിയ പരിചയമില്ലാത്ത ഗില്ലിന് നേതൃ മികവ് തെളിയിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. പുതിയ നായകനു കീഴിൽ കഴിഞ്ഞ രണ്ടു സീസണിലും പുറത്തെടുത്ത മികവ് ആവർത്തിക്കുകയാണ് ടീമിന്റെ ലക്ഷ്യം.
പ്രധാന കളിക്കാരുടെ പരിക്കാണ് മുംബൈയെ അലട്ടുന്ന പ്രശ്നം. ക്യാപ്റ്റൻസിയുടെ ഭാരമില്ലാതെ കളിക്കുന്ന രോഹിത് ലോകകപ്പിനു മുന്പ് മികച്ച ഫോമാണ് ലക്ഷ്യമിടുന്നത്. വിക്കറ്റ്കീപ്പർ ഇഷാൻ കിഷനും ഐപിഎൽ സീസണ് നിർണായകമാണ്. മികച്ച പ്രകടനത്തിലൂടെ ബിസിസിഐയുടെ ശ്രദ്ധതിരിച്ചുപിടിക്കുകയെന്ന ലക്ഷ്യമുണ്ട്. പേസർ ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിംഗ് നിരയിൽ പിയൂഷ് ചൗളയുണ്ട്. ഭേദപ്പെട്ട ഓൾറൗണ്ട് നിരയുമുണ്ട്. ഗിൽ നയിക്കുന്ന ബാറ്റിംഗ് നിരയിൽ കെയ്ൻ വില്യംസണ്, ഡേവിഡ് മില്ലർ, രാഹുൽ തെവാട്യ, മാത്യു വേഡ് തുടങ്ങിയ മികച്ച കളിക്കാർ. സ്പിന്നർ റാഷിദ് ഖാൻ നയിക്കുന്ന ബൗളിംഗ് നിരയിൽ ഉമേഷ് യാദവ്, മോഹിത് ശർമ എന്നിവരുണ്ട്. നേർക്കുനേർ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റാൻസും നാലു തവണ ഏറ്റുമുട്ടി. ഇരുടീമുകളും രണ്ടെണ്ണം വീതം ജയിച്ച് തുല്യത പങ്കിടുന്നു.
Source link