മോസ്കോ: വെള്ളിയാഴ്ച രാത്രി റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ സംഗീത ഹാളിലുണ്ടായ ഭീകരാക്രമണത്തിൽ മരണം 133 ആയി. പരിക്കേറ്റ നൂറിലധികം പേരിൽ ഒട്ടനവധിപ്പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കും. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ആക്രമണത്തിനു ശേഷം യുക്രെയ്നിലേക്കു കടക്കാൻ ശ്രമിച്ച നാലു പേർ അടക്കം 11 പേരെ അറസ്റ്റ് ചെയ്തെന്നറിയിച്ച റഷ്യൻ അന്വേഷണ ഏജൻസികൾ, അക്രമികൾക്ക് യുക്രെയ്നിൽ ബന്ധങ്ങളുണ്ടെന്നും ആരോപിച്ചു. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ശിക്ഷ ലഭിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. എന്നാൽ, ആക്രമണത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ വ്യക്തമാക്കി. മോസ്കോയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് മാസാദ്യത്തിൽ റഷ്യക്കു നല്കിയിരുന്നതാണെന്ന് അമേരിക്ക അറിയിച്ചു. വക്കുപടിഞ്ഞാറൻ മോസ്കോ പ്രാന്തത്തിലെ ക്രാസ്നോഗാർസ്കിൽ സംഗീത പരിപാടികൾ നടക്കാറുള്ള ക്രോക്കസ് സിറ്റി ഹാളിൽ വെടിവയ്പും തീവയ്പും ഉണ്ടാവുകയായിരുന്നു. പിക്നിക് എന്ന റോക്ക് ബാന്റിന്റെ പരിപാടി തുടങ്ങുന്നതിന് തൊട്ടു മുന്പായിരുന്നു സംഭവം. 7,500 പേർക്ക് ഇരിക്കാവുന്ന ഹാളിൽ 6,000 പേരുണ്ടായിരുന്നു. നാല് അക്രമികൾ നിരായുധരായ സെക്യൂരിറ്റി ജീവനക്കാരെ വധിച്ചശേഷം ഹാളിൽ പ്രവേശിച്ചെന്നാണ് റഷ്യൻ മാധ്യമങ്ങൾ പറഞ്ഞത്. തുടർന്ന് തീ പടരുന്ന വസ്തു ഒഴിച്ച് ഹാളിനു തീയിട്ടു. വൻ തീപിടിത്തത്തിൽ കെട്ടിടം ഏതാണ്ട് മുഴുവനായി നശിച്ചു. പരമാവധി മരണം ഉറപ്പാക്കാനായി കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടപ്പാക്കിയത്. വ്ലാദിമിർ പുടിൻ റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൻ വിജയത്തോടെ അധികാരം നിലനിർത്തി ഒരാഴ്ച തികയും മുന്പാണ് ഭീകരാക്രമണം. റഷ്യയിൽ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മോസ്കോയും സെന്റ് പീറ്റേഴ്സ്ബർഗും ഉൾപ്പെടെയുള്ള വലിയ നഗരങ്ങളിൽ പരിപാടികളെല്ലാം റദ്ദാക്കി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ആക്രമണം നടത്തിയശേഷം കാറിൽ രക്ഷപ്പെട്ട നാല് അക്രമികൾ അടക്കം 11 പേരെ യുക്രെയ്ൻ അതിർത്തിയോടു ചേർന്ന ബ്രയാൻസ്കിൽനിന്നാണ് പിടികൂടിയതെന്ന് റഷ്യൻ അന്വേഷണ ഏജൻസിയായ എഫ്എസ്ബി ഇന്നലെ അറിയിച്ചു. അക്രമികൾക്ക് റഷ്യ കടക്കാൻ യുക്രെയ്ൻ ഭാഗത്തെ ചിലരുടെ സഹായം കിട്ടിയെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പ്രസിഡന്റ് പുടിനും പറഞ്ഞു. എന്നാൽ, ശക്തമായ സൈനികസാന്നിധ്യമുള്ള അതിർത്തി കടക്കാൻ അക്രമികളെ സഹായി ച്ചുവെന്ന റഷ്യൻ ആരോപണം അസംബന്ധമാണെന്ന് യുക്രെയ്ൻ പ്രതികരിച്ചു. വെള്ളിയാഴ്ച രാത്രി ആക്രമണവാർത്ത പുറത്തുവന്നതിനു പിന്നാലെ സംഭവത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ അറിയിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ മാധ്യമമായ ‘അമാഖി’ൽ ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുള്ള അറിയിപ്പു വന്നത്. ഐഎസിന്റെ ഏതു വിഭാഗമാണ് ആക്രമണം നടത്തിയതെന്നു വ്യക്കമാക്കിയിട്ടില്ല. ചെചൻ യുദ്ധങ്ങളുടെയും സിറിയയിലെ സൈനിക നടപടികളുടെയും പേരിൽ ഐഎസിന് റഷ്യയോട് പകയുള്ളതായി ചൂണ്ടിക്കാട്ടപ്പെടുന്നു. മോസ്കോയിൽ ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിൽ ഭീകരാക്രമണ സാധ്യതയുള്ളതായി അമേരിക്ക ഈ മാസം ഏഴിനു മുന്നറിയിപ്പു നല്കിയിരുന്നു. എന്നാൽ, പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവതാളത്തിലാക്കാനുള്ള അമേരിക്കൻ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇതിനെ റഷ്യ കണ്ടതെന്നു പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് എന്നിവരും യുഎസ്, ബ്രിട്ടൻ, ജർമനി ഫ്രാൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും ഭീകരാക്രമണത്തെ അപലപിച്ചു.
Source link