തിംഫു: ദ്വിദിന സന്ദർശനത്തിന് ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. പാരോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിയെ ഭൂട്ടാൻ പ്രധാനമന്ത്രി ടിഷെറിംഗ് തോബ്ഗേ ആലിംഗനം ചെയ്തു സ്വീകരിച്ചു. വിമാനത്താവളം മുതൽ തിംഫു വരെയുള്ള 45 കിലോമീറ്റർ ദൂരം ഇന്ത്യ-ഭൂട്ടാൻ പതാകകൾ മോദിയുടെ സ്വീകരണത്തിനു മിഴിവേകി. ഇന്ത്യയുടെ സഹകരണത്തോടെ തിംഫുവിൽ നിർമിച്ച ആശുപത്രിയുടെ ഉദ്ഘാടനം മോദി നിർവഹിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുക, വിദേശനിക്ഷേപം ഉറപ്പാക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണു മോദിയുടെ സന്ദർശനം. ഭൂട്ടാൻ ജനതയുടെ സ്വീകരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി.
ഭൂട്ടാനിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓഡർ ഓഫ് ഡ്രക് ഗ്യാൽപോ’ ബഹുമതി ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗ്യേൽ വാംഗ്ചുകിൽനിന്നു മോദി ഏറ്റുവാങ്ങി. ഭൂട്ടാനു പുറത്ത് ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഭരണാധികാരിയാണു മോദി. ഇന്ത്യ-ഭൂട്ടാൻ ബന്ധത്തിന്റെ വളർച്ചയും ഭൂട്ടാൻ ജനതയോടുള്ള ഇന്ത്യയുടെ കരുതലും പരിഗണിച്ചാണു മോദിക്ക് ഭൂട്ടാന്റെ പരമോന്നത ബഹുമതി ലഭിച്ചത്. 2021ൽ ഭൂട്ടാന്റെ 114-ാമത് ദേശീയ ദിനാഘോഷത്തിലായിരുന്നു ഭൂട്ടാൻ രാജാവ് അവാർഡ് പ്രഖ്യാപനം നടത്തിയത്. “ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കും ഈ ബഹുമതി സമർപ്പിക്കുന്നു”- അവാർഡ് സ്വീകരിച്ചശേഷം മോദി എക്സിൽ കുറിച്ചു.
Source link