ന്യൂഡൽഹി ∙ രണ്ടു മാസത്തിനിടെ ഇന്ത്യാമുന്നണി പാർട്ടികളിലൊന്നിന്റെ മറ്റൊരു മുഖ്യമന്ത്രിയെക്കൂടി അറസ്റ്റ് ചെയ്തത് ബിജെപിക്ക് എത്രമാത്രം നേട്ടമാകുമെന്നാണു കാണേണ്ടത്. ഇന്നലെ രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തശേഷമാണ് ഇ.ഡി അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. കേജ്‌രിവാൾ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചിട്ടില്ല. മുഖ്യമന്ത്രിയായിരിക്കെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ മുഖ്യമന്ത്രിയെന്ന വിശേഷണം കൂടി ഇനി കേജ്‌രിവാളിനു ലഭിക്കാം. ജാർഖണ്ഡിൽ ഹേമന്ത് സോറൻ അറസ്റ്റിനു മുൻപ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
1997ൽ കാലിത്തീറ്റ കുംഭകോണക്കേസിൽ സിബിഐ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചപ്പോൾ അന്നത്തെ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും രാജിവച്ചിരുന്നു. ഭാര്യ റാബറി ദേവി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ലാലു കോടതിയിൽ കീഴടങ്ങി.
2011ൽ ബി.എസ്.യെഡിയൂരപ്പ കർണാടക മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് രണ്ടര മാസത്തിനുശേഷമാണ് അഴിമതിക്കേസിൽ അറസ്റ്റ് ഒഴിവാക്കി ലോകായുക്ത കോടതിയിൽ കീഴടങ്ങിയത്.
തിരഞ്ഞെടുപ്പിനു മുൻപു പ്രതിപക്ഷത്തെ പരമാവധി ഒതുക്കുകയെന്ന ലക്ഷ്യത്തോടെയാണു മോദി സർക്കാരിന്റെയും ബിജെപിയുടെയും നീക്കമെന്നു വിലയിരുത്താൻ പ്രയാസമില്ല. ആദായ നികുതിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിലൂടെ തങ്ങളെയല്ല, പ്രതിപക്ഷത്തെത്തന്നെയാണു മരവിപ്പിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചത് ഇന്നലെയാണ്. ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് കേജ്‌രിവാളിന്റെ വീട്ടിൽ ഇ.ഡിയെത്തി.
അഴിമതിക്കാരെ വെറുതേ വിടില്ലെന്നു തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ആവർത്തിച്ചു പറഞ്ഞിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബിജെപിക്കും വലിയ തിരിച്ചടിയായാണ് തിരഞ്ഞെടുപ്പു ബോണ്ട് സംബന്ധിച്ച വെളിപ്പെടുത്തലുകൾ വന്നത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലും ബിജെപിയിൽ പ്രതിഷേധമുണ്ട്. ചില സംസ്ഥാനങ്ങളിൽ സഖ്യശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്തു. ഇത്തരം വിഷയങ്ങൾ മൂലമുള്ള പ്രതികൂല സാഹചര്യത്തെ മറികടക്കാനും കേജ്‍രിവാളിനെതിരെയുള്ള നടപടി സഹായിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നുണ്ടാവാം.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കെ.കവിതയെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തപ്പോൾ തന്നെ അടുത്തത് കേജ്‌രിവാളെന്ന് ഏതാണ്ട് വ്യക്തമായിരുന്നു. കേജ്‌രിവാളിന്റെ ഹർജിക്ക് ഒരു മാസത്തിനകം മറുപടി നൽകാനാണ് ഇന്നലെ ഡൽഹി ഹൈക്കോടതി ഇ.ഡിയോടു നിർദേശിച്ചത്. എന്നാൽ മറുപടി നൽകാൻ സമയം കളയാതെ ഇ.ഡി കേജ്‌രിവാളിന്റെ വീട്ടിലേക്കു പോയി.
സുപ്രീം കോടതിയെ സമീപിക്കാൻ ആം ആദ്മിക്കാർ താൽപര്യപ്പെട്ടെങ്കിലും ഇന്നലെത്തന്നെ കേസ് പരിഗണിക്കില്ലെന്നു വ്യക്തമായി. അറസ്റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവു ലഭിക്കാതിരുന്ന ഹേമന്ത് സോറന്റെ അനുഭവവും ഉത്സാഹം കുറച്ചു. കേസിൽ കേജ്‌രിവാൾ പ്രതിയല്ലെന്നും ചോദ്യം ചെയ്തു കഴിഞ്ഞാൽ അറസ്റ്റ് ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നാണ് ഇ.ഡിയുടെ അഭിഭാഷകൻ ഇന്നലെ ഹൈക്കോടതിയിൽ പറഞ്ഞത്. എന്നിട്ടും അറസ്റ്റ് പാടില്ലെന്ന് കോടതി പറയാതിരുന്നത് ഫലത്തിൽ തുടർനടപടിക്കുള്ള പച്ചക്കൊടിയായി.
മദ്യനയം സംബന്ധിച്ച് ആം ആദ്മി സർക്കാരിനെതിരെ ആദ്യം അഴിമതി ആരോപിച്ചത് ഡൽഹിയിലെ കോൺഗ്രസാണ്. എന്നാൽ, ആം ആദ്മി പാർട്ടി പ്രതിപക്ഷ മുന്നണിയുടെ ഭാഗമായതോടെ അവർക്കെതിരെയുള്ള ശബ്ദം താഴ്ത്താൻ ഡൽഹിയിലെ കോൺഗ്രസുകാർ നിർബന്ധിതരായി.
English Summary:
Arvind Kejriwal the Second Chief Minister in India alliance to be arrested in two months
Source link