ജാതിസെൻസസിന് വേണ്ടിയുള്ള വാദം ഇന്ദിരയുടെയും രാജീവിന്റെയും പൈതൃകത്തെ അനാദരിക്കുന്നതായി തെറ്റിദ്ധരിക്കപ്പെടും : ആനന്ദ് ശർമ – Latest News | Manorama
ജാതിസെൻസ് വാദം ഇന്ദിരയുടെയും രാജീവിന്റെയും പൈതൃകത്തെ അനാദരിക്കുന്നതായി തെറ്റിദ്ധരിക്കപ്പെടും : ആനന്ദ് ശർമ
ഓൺലൈൻ ഡെസ്ക്
Published: March 21 , 2024 05:57 PM IST
1 minute Read
ആനന്ദ് ശർമ
ന്യൂഡൽഹി∙ രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണമെന്ന കോൺഗ്രസ് ആവശ്യത്തെ എതിർത്ത് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. ചരിത്രപരമായ നിലപാടിൽ നിന്നുള്ള പിന്മാറ്റം ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പൈതൃകത്തെ അനാദരിക്കുന്നതായി തെറ്റിദ്ധരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് എഴുതിയ കത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്. പാർട്ടി അധികാരത്തിലെത്തിയാൽ രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.
‘‘ഇന്ത്യൻ സമൂഹത്തിൽ ജാതി എന്നത് ഒരു യാഥാർഥ്യമാണെങ്കിലും സ്വത്വ രാഷ്ട്രീയത്തിൽ കോൺഗ്രസ് ഒരിക്കലും ഏർപ്പെടുകയോ അതിനെ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. ജാതി, മത, പ്രാദേശിക, വംശ വൈവിധ്യങ്ങളാൽ സമ്പന്നമായ ഒരു സമൂഹത്തിന്റെ ജനാധിപത്യത്തിന് അത് ഹാനികരമാണ്. ഒരു ദേശീയ പാർട്ടിയായ കോൺഗ്രസ്, ഉൾച്ചേർക്കുന്ന സമീപനത്തിലാണ് വിശ്വസിച്ചിരുന്നത്. അത് പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി തുല്യതയ്ക്കും സാമൂഹിക നീതിക്കും വേണ്ടിയുള്ള നയങ്ങൾ രൂപീകരിക്കുന്നതിൽ വിവേചനരഹിതമായ നിലപാടാണ് കൈക്കൊണ്ടിരുന്നത്. ’’ ആനന്ദ് ശർമ എഴുതുന്നു.
ഇന്ത്യൻ സമൂഹത്തിന്റെ സങ്കീർണതകളെ വ്യക്തമായി മനസ്സിലാക്കിയും അടിസ്ഥാനമാക്കിയുമാണ് സാമൂഹിക നീതിയെക്കുറിച്ച് കോൺഗ്രസ് നയങ്ങൾ രൂപീകരിച്ചിരുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. “നാ ജാത് പർ നാ പാട് പർ, മോഹർ ലഗേഗി ഹാത്ത് പർ” എന്ന 1980ലെ ഇന്ദിരാഗാന്ധിയുടെ ആഹ്വാനം അനുസ്മരിച്ചുകൊണ്ടാണ് ജാതിയെക്കുറിച്ചുള്ള കോൺഗ്രസ് നിലപാട് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ജാതിവിവേചനത്തെ തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടുന്നതിനെ 90ൽ രാജീവ് ഗാന്ധി എതിർത്തിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
English Summary:
Caste census demand will be misconstrued as disrespecting the legacy of Indira Gandhi and Rajiv Gandhi says, Anand Sharma
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-2024-03-21 40oksopiu7f7i7uq42v99dodk2-list 5us8tqa2nb7vtrak5adp6dt14p-2024 1abe83miib5ncogk4sp3kcvq9c 5us8tqa2nb7vtrak5adp6dt14p-2024-03-21 5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-anandsharma mo-news-world-countries-india-indianews mo-politics-parties-congress 7umfq7cnp5no0s91ugjrdquitk 40oksopiu7f7i7uq42v99dodk2-2024
Source link