‘സുപ്രീം കോടതിയെ ഗവർണർ ധിക്കരിക്കുന്നു, പെരുമാറ്റത്തിൽ ആശങ്ക: രൂക്ഷവിമർശനവുമായി ചീഫ് ജസ്റ്റിസ്
‘ഗവർണർ സുപ്രീം കോടതിയെ ധിക്കരിക്കുകയാണ്, പെരുമാറ്റത്തിൽ ആശങ്ക: രൂക്ഷവിമർശനവുമായി ചീഫ് ജസ്റ്റിസ്- Supreme Court | Governor | Manorama News
‘സുപ്രീം കോടതിയെ ഗവർണർ ധിക്കരിക്കുന്നു, പെരുമാറ്റത്തിൽ ആശങ്ക: രൂക്ഷവിമർശനവുമായി ചീഫ് ജസ്റ്റിസ്
ഓൺലൈൻ ഡെസ്‌ക്
Published: March 21 , 2024 03:30 PM IST
Updated: March 21, 2024 04:34 PM IST
1 minute Read
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് (ഇടത്), ആർ.എൻ.രവി (വലത്)
ന്യൂഡൽഹി∙ ഡിഎംകെ നേതാവ് കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിർദേശം തള്ളിയ തമിഴ്നാട് ഗവർണർ ആർ.എൻ.രവിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഗവർണർ ഭരണഘടന പാലിച്ചില്ലെങ്കിൽ സർക്കാർ എന്തു ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് കേന്ദ്രസർക്കാരിനോട് ചോദിച്ചു. ജസ്റ്റിസ് ജെ.ബി.പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവർ കൂടിയടങ്ങിയ ബെഞ്ച്, പൊന്മുടിയെ മന്ത്രിയാക്കാൻ നാളെ വരെ സമയം അനുവദിച്ചു.
‘‘നാളെ നിങ്ങളുടെ ആൾ വിശദീകരണം നൽകിയില്ലെങ്കിൽ ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണറോട് നിർദ്ദേശിക്കുന്ന ഉത്തരവ് ഞങ്ങൾ പുറപ്പെടുവിക്കും. തമിഴ്നാട് ഗവർണറെയും അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും കുറിച്ച് ഞങ്ങൾക്ക് വളരെയധികം ആശങ്കയുണ്ട്. അദ്ദേഹത്തിന് ഇത് ചെയ്യാൻ അധികാരമില്ല. സുപ്രീം കോടതിയെ വെല്ലുവിളിക്കുകയാണ്. ഞങ്ങൾ കണ്ണുതുറന്നിരിക്കുകയാണ്. നാളെ ഞങ്ങൾ തീരുമാനിക്കും. ഞങ്ങൾ വളരെയധികം ആശങ്കയിലാണ്.’’– ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഗവർണർ സുപ്രീം കോടതിയെ ധിക്കരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അദ്ദേഹത്തെ ഉപദേശിച്ചവർ വേണ്ടവിധം ഉപദേശിച്ചിട്ടില്ല. എനിക്ക് മനുഷ്യരെക്കുറിച്ചോ മന്ത്രിമാരെക്കുറിച്ചോ വേറൊരു വീക്ഷണം ഉണ്ടായിരിക്കാം. പക്ഷേ നമ്മൾ ഭരണഘടന അനുസരിച്ച് പോകണം. ഒരു വ്യക്തിയെ നിയമിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ, പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായി ഗവർണർ അതു ചെയ്യണം. അദ്ദേഹം സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനാണ്.’’– ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കാനുള്ള നിർദേശം തള്ളിയ ഗവർണർ ആർ.എൻ.രവിക്കെതിരെ തമിഴ്നാട് സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. പൊന്മുടിയെ മന്ത്രിയാക്കാനും മന്ത്രിമാരുടെ വകുപ്പു മാറ്റത്തിനും അനുമതി നൽകാൻ ഗവർണറോട് കോടതി നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊന്മുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ശിക്ഷ നടപ്പാക്കുന്നത് തൽക്കാലത്തേക്കു മാത്രമാണു തടഞ്ഞതെന്നും കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ആവശ്യം ഗവർണർ തള്ളുകയായിരുന്നു.
അനധികൃത സ്വത്തു സമ്പാദനക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ തമിഴ്നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടിക്കും ഭാര്യ പി.വിശാലാക്ഷിക്കും മദ്രാസ് ഹൈക്കോടതി 3 വർഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. തുടര്‍ന്ന് എംഎല്‍എ പദവിയില്‍നിന്ന് അയോഗ്യനാക്കി. എന്നാല്‍ ശിക്ഷ നടപ്പാക്കുന്നത് പിന്നീട് സുപ്രീംകോടതി തടയുകയായിരുന്നു.
2006 –2011 കാലത്ത് ഡിഎംകെ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ, ഖനി മന്ത്രിയായിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചതിനു വിജിലൻസ് നേരത്തേ കേസെടുത്തെങ്കിലും വെല്ലൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി പൊൻമുടി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി. എന്നാൽ, കേസ് സ്വമേധയാ പുനഃപരിശോധിച്ച ഹൈക്കോടതി, കീഴ്ക്കോടതിക്കു തെറ്റുപറ്റിയെന്നു കണ്ടെത്തി. വരുമാനത്തിന്റെ 64.90% അധികം ആസ്തി നേടിയെന്നും 1.75 കോടി രൂപയിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നുമായിരുന്നു കുറ്റപത്രത്തിലെ ആരോപണം.
English Summary:
“He’s Taking On Supreme Court”: Chief Justice Raps Tamil Nadu Governor
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-2024-03-21 40oksopiu7f7i7uq42v99dodk2-list mo-judiciary-supremecourt mo-news-national-personalities-rnravi-tamil-nadu-governor 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-03-21 mo-politics-parties-dmk 5us8tqa2nb7vtrak5adp6dt14p-list 5pm93kb1mr3mk53pd55q3sqrpa mo-news-world-countries-india-indianews mo-judiciary-justice-dy-chandrachud mo-news-national-states-tamilnadu 40oksopiu7f7i7uq42v99dodk2-2024
Source link