ഭീകരാക്രമണം: രണ്ട് ആസൂത്രകർ അറസ്റ്റിൽ
ബെർലിൻ: സ്വീഡിഷ് പാർലമെന്റ് മന്ദിരം തകർക്കാൻ ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട് അഫ്ഗാനികളെ ജർമനിയിലെ ഗേറാ നഗരത്തിൽനിന്ന് ഇന്നലെ അറസ്റ്റ് ചെയ്തു. ഇസ്ലാമിക തീവ്രവാദികളായ ഇവർ കഴിഞ്ഞവർഷം സ്വീഡനിൽ പരസ്യമായി ഇസ്ലാമിക മതഗ്രന്ഥം കത്തിച്ചതിന്റെ പ്രതികാരമായാണ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതെന്ന് ജർമൻ പോലീസ് വൃത്തങ്ങൾ പറഞ്ഞു. അറസ്റ്റിലായ ഒരാൾ ഐഎസിലെ അംഗവും രണ്ടാമൻ അനുഭാവിയുമാണ്. മധ്യേഷ്യയിൽ സജീവമായ ഇസ്ലാമിക് സ്റ്റേറ്റ് പ്രൊവിൻസ് ഖൊറാസാൻ ആണ് ഈ ആസൂത്രണത്തിനു പിന്നിൽ. യൂറോപ്പിൽ ആക്രമണങ്ങൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ള ഈ വിഭാഗം ഏറ്റവും അപകടകാരികളായ അംഗങ്ങളുള്ള ഒന്നാണ്.
അറസ്റ്റിലായവരെ ഇന്നലെത്തന്നെ കാൾസ്റൂഹെയിലെ ഫെഡറൽ സുപ്രീംകോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് അറിയിച്ചത്. ഇസ്ലാമിക തീവ്രവാദികൾ രാജ്യത്തു വൻതോതിലുള്ള ഭീകരാക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് മാസങ്ങൾക്കു മുന്പേ സ്വീഡിഷ് ഭരണകൂടം മുന്നറിയിപ്പു നല്കിയിരുന്നതാണ്. കഴിഞ്ഞ ഒക്ടോബറിൽ ഐഎസ് ഭീകരവാദികൾ ബ്രസൽസിൽവച്ച് ഒരു ഫുട്ബോൾ കളിക്കിടെ രണ്ട് സ്വീഡിഷ് പൗരന്മാരെ വെടിവച്ചുകൊന്നിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.
Source link