ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ പിഎംഎൽ-എൻ നേതാവും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷരീഫ് മകൾ മറിയം നവാസിനെ മുന്നിൽ നിർത്തി ഭരണം നടത്തുന്നതു വിവാദമാകുന്നു. മറിയം നവാസ് പഞ്ചാബിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തെങ്കിലും ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നതു നവാസാണെന്നു പറയുന്നു. പ്രവിശ്യാ സർക്കാരുമായി ബന്ധപ്പെട്ട മൂന്നു യോഗങ്ങൾക്ക് ആധ്യക്ഷ്യം വഹിച്ചത് അദ്ദേഹമായിരുന്നു. മന്ത്രിമാർക്കും ബന്ധപ്പെട്ട അധികാരികൾക്കും നിർദേശങ്ങൾ നല്കുന്നതും നവാസ് തന്നെ. ഭൂഗർഭ മെട്രോ, കർഷക പ്രശ്നങ്ങൾ, വിദ്യാർഥികൾക്ക് ഇലക്ട്രിക് ബൈക്ക് നല്കാനുള്ള പദ്ധതി, റംസാൻ ആശ്വാസ പാക്കേജ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മന്ത്രിമാർക്ക് ഉത്തരവുകൾ നല്കിയത് ഉദാഹരണമാണ്. മൂന്നുവട്ടം പ്രധാനമന്ത്രിയായിരുന്ന നവാസ് ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിൽ ലാഹോറിൽനിന്ന് ദേശീയ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സൈന്യത്തിന്റെ പിന്തുണയുള്ള അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. എന്നാൽ സഹോദരൻ ഷഹ്ബാസ് ഷരീഫ് ആണ് പ്രധാനമന്ത്രിയായത്. പിഎംഎൽ-എൻ പാർട്ടിയുടെ ശക്തികേന്ദ്രമായ പഞ്ചാബിൽ നവാസിന്റെ മകൾ മുഖ്യമന്ത്രിയുമായി. കേന്ദ്രത്തിലും പ്രവിശ്യയിലും ഒരുവിധ സർക്കാർ പദവികളും നവാസിനില്ല.
നവാസിന്റെ മക്കളെ കുറ്റവിമുക്തരാക്കി ഇസ്ലാമാബാദ്: നവാസ് ഷരീഫിന്റെ ആൺമക്കളായ ഹസനെയും ഹുസൈനെയും കോടതി ഇന്നലെ അഴിമതിക്കേസുകളിൽ കുറ്റവിമുക്തരാക്കി. പാനമ രേഖകളുമായി ബന്ധപ്പെട്ട് 2018ൽ രജിസ്റ്റർ ചെയ്ത അവൻഫീൽഡ്, ഫ്ലാഗ്ഷിപ്പ്, അൽ അസീസിയ അഴിമതി കേസുകളിലാണു നടപടി. ഇതോടെ ഷരീഫ് കുടുംബത്തിനെതിരായ അഴിമതിക്കേസുകൾ ഏതാണ്ട് അവസാനിച്ചു. വിദേശത്തായിരുന്ന ഹസനും ഹുസൈനും വിചാരണയ്ക്കു ഹാജരായിരുന്നില്ല. ഇതേ കേസുകളിൽ രണ്ടെണ്ണത്തിൽ നവാസിനു ജയിൽ ശിക്ഷ ലഭിച്ചിരുന്നു. ലാഹോറിലെ ജയിലിൽ കഴിയവേ ചികിത്സയ്ക്കെന്നു പറഞ്ഞു ലണ്ടനിൽ പോയ നവാസ് നാലു വർഷത്തിനുശേഷം കഴിഞ്ഞ ഒക്ടോബറിലാണ് രാജ്യത്തു മടങ്ങിയെത്തിയത്. ഹസനും ഹുസൈനും ഈ മാസം 12നാണ് രാജ്യത്തു മടങ്ങിയെത്തിയത്.
Source link