അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം: കുട്ടികളടക്കം എട്ടു മരണം
കാബൂൾ: പാക്കിസ്ഥാൻ സേന അഫ്ഗാനിസ്ഥാനിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു കുട്ടികളും അഞ്ചു സ്ത്രീകളും കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടം അറിയിച്ചു. പാക് അതിർത്തിയോടു ചേർന്ന ഖോസ്ത്, പക്തിയ പ്രവിശ്യകളിലായിരുന്നു ആക്രമണം. ശനിയാഴ്ച അഫ്ഗാൻ അതിർത്തിയോടു ചേർന്ന പാക് പ്രദേശമായ നോർത്ത് വസീറിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടതിനുള്ള മറുപടിയാണ് ഇതെന്നു കരുതുന്നു. ആക്രമണം നടത്തിയത് ഏതു രാജ്യക്കാരായാലും തിരിച്ചടി ഉറപ്പാണെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി മുന്നറിയിപ്പു നല്കിയിരുന്നു.
പാക് സേന ജനങ്ങളുടെ വീടുകളാണ് ആക്രമിച്ചതെന്നു താലിബാൻ വക്താവ് സബീഹുള്ളാ മുജാഹിദ് പറഞ്ഞു. ഇത്തരം നടപടികൾ വലിയ പ്രത്യാഘാതം വിളിച്ചുവരുത്തുമെന്നും വക്താവ് മുന്നറിയിപ്പു നല്കി. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2021ൽ താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തശേഷം പാക്കിസ്ഥാനുമായുള്ള ബന്ധം വഷളായി വരുകയാണ്.
Source link