ക്വീൻസ് കപ്പിൽ റോയൽ സമ്മർദം
ബംഗളൂരു: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയതിന്റെ തരംഗം ചെന്നുനിൽക്കുന്നത് പുരുഷ ടീമിന്റെ വാതിൽപ്പടിയിൽ. സ്മൃതി മന്ദാന നയിച്ച ആർസിബി വനിതാ ടീം 2024 ഡബ്ല്യുപിഎൽ ഫൈനലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ എട്ട് വിക്കറ്റിനു കീഴടക്കിയാണ് കപ്പുയർത്തിയത്. 2008ൽ ആരംഭിച്ച റോയൽ ചലഞ്ചേഴ്സ് ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ആദ്യ ട്രോഫി. 2009, 2011, 2016 വർഷങ്ങളിൽ പുരുഷ ടീം ഐപിഎൽ ഫൈനലിൽ പ്രവേശിച്ചെങ്കിലും കിരീടത്തിൽ മുത്തമിടാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ ചരിത്രം നിലനിൽക്കേയാണ് വനിതകൾ ആദ്യമായി ഡബ്ല്യുപിഎൽ ഫൈനലിൽ പ്രവേശിച്ചതും കന്നി ഫൈനലിൽത്തന്നെ ട്രോഫി സ്വന്തമാക്കിയതും. കിരീടം സ്വന്തമാക്കാൻ പുരുഷ ടീമിൽ സമ്മർദം വർധിക്കുകയാണ് മറുവശത്ത് സംഭവിച്ചത് എന്നതാണ് വാസ്തവം. ഫെന്റാസ്റ്റിക് ഡബിൾ ആർസിബി ഫ്രാഞ്ചൈസിയുടെ സ്ഥാപക ഉടമയായ വിജയ് മല്യ വനിതകളുടെ കിരീട നേട്ടത്തിനു പിന്നാലെ ടീമിനെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചു. അതിൽ പ്രത്യേകം പറയുന്ന ഒരു കാര്യമാണ് പുരുഷ ടീം 2024 ഐപിഎൽ നേടി ഫെന്റാസ്റ്റിക് ഡബിൾ തികയ്ക്കുന്നതിനായി എല്ലാം ആശംസകളും നേരുന്നു എന്ന്. ഇതുതന്നെയാണ് വനിതാ കിരീടത്തിനു പിന്നാലെ ആർസിബി ആരാധകരും പ്രതീക്ഷിക്കുന്നത്. ഫാഫ് ഡുപ്ലെസി നയിക്കുന്ന, വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെൽ, കാമറൂണ് ഗ്രീൻ, മുഹമ്മദ് സിറാജ്, റീസ് ടോപ്ലി, ലോക്കി ഫെർഗൂസണ് തുടങ്ങിയവർ അണിനിരക്കുന്ന ആർസിബി പുരുഷ ടീം 2024 ഐപിഎൽ കിരീടം നേടുന്നതിനായുള്ള കാത്തിരിപ്പിനാണ് വനിതാ കിരീടത്തിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്.
കോഹ്ലിയുടെ വീഡിയോ കോൾ വനിതാ പ്രീമിയർ ലീഗ് കിരീടം ആർസിബി സ്വന്തമാക്കിയതിനു പിന്നാലെ സ്മൃതി മന്ദാനയെ വിരാട് കോഹ്ലി വീഡിയോ കോൾ ചെയ്തിരുന്നു. എന്നാൽ, ആഘോഷത്തിന്റെ ശബ്ദകോലാഹലങ്ങൾക്കിടെ കോഹ്ലി പറഞ്ഞത് ഒന്നും കേൾക്കാൻ സാധിച്ചില്ലെന്ന് കിരീടനേട്ടത്തിനുശേഷം മാധ്യമപ്രവർത്തകരോട് സ്മൃതി മന്ദാന പ്രതികരിച്ചു. തന്റെ രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് ദേശീയ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുകയായിരുന്ന കോഹ്ലി ആർസിബി ടീം ക്യാന്പിൽ എത്തി പരിശീലനം ആരംഭിച്ചു. ആർസിബി x സിഎസ്കെ ടിക്കറ്റ് വെള്ളിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സും തമ്മിലാണ് 2024 ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരം. പേടിഎം, ബുക്ക് മൈഷോ, ചെന്നൈ സൂപ്പർ കിംഗ്സ് വെബ്സൈറ്റ് എന്നിങ്ങനെ മൂന്ന് പ്ലാറ്റ്ഫോമിലായി മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപ്പനയ്ക്കുണ്ടായിരുന്നു. മിനിറ്റുകൾക്കകം മത്സരത്തിന്റെ ടിക്കറ്റ് വിറ്റഴിഞ്ഞതായാണ് വിവരം. എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ ഉദ്ഘാടന മത്സരത്തിന്റെ ഏറ്റവും ചുരുങ്ങിയ ടിക്കറ്റ് വില 1700 രൂപയായിരുന്നു. ഉയർന്ന വില 7,500 രൂപയും.
Source link