ആരൊക്കെ പണം നൽകി?, അറിയില്ലെന്ന് ബിജെപിയും കോൺഗ്രസും; വെളിപ്പെടുത്തിയത് 10 പാർട്ടികൾ മാത്രം


ന്യൂഡൽഹി ∙ ഇലക്ടറൽ ബോണ്ട് വഴി ആരിൽനിന്നാണു സംഭാവന ലഭിച്ചതെന്നു തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചത് 10 പാർട്ടികൾ മാത്രം. ബിജെപിയും കോൺഗ്രസും അടക്കം ഭൂരിപക്ഷം പാർട്ടികളും കമ്മിഷനുള്ള കത്തിൽ ഇക്കാര്യം ഒഴിവാക്കി. ഇലക്ടറൽ ബോണ്ട് കേസിൽ തിരഞ്ഞെടുപ്പു കമ്മിഷൻ രണ്ടു ഘട്ടമായി (2019ലും 2023ലും) സുപ്രീം കോടതിയിൽ രഹസ്യരേഖയായി നൽകിയ വിവരങ്ങളാണ് ഇന്നലെ കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇതിനിടെ, ബോണ്ടുകളുടെ സമ്പൂർണ വിവരം കൈമാറാൻ എസ്ബിഐയോടു നിർദേശിച്ച സുപ്രീം കോടതി കേസ് ഇന്നു പരിഗണിക്കും.
എൻസിപി, ആംആദ്മി പാർട്ടി, എസ്പി, ജെഡിയു എന്നിവ 2019 വരെയുള്ള വിവരങ്ങളും ഡിഎംകെ, ജെഡിഎസ്, അണ്ണാ ഡിഎംകെ, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, നാഷനൽ കോൺഫറൻസ്, ഗോവയിലെ എംജിപി എന്നീ കക്ഷികൾ 2023 വരെയുള്ള വിവരങ്ങളും കമ്മിഷനെ അറിയിച്ചു. ലഭിച്ച തുക പറയുന്നുണ്ടെങ്കിലും പല പാർട്ടികളും നൽകിയ കത്തുകളിൽ വിവരങ്ങൾ അപൂർണമാണ്. തപാൽ വഴിയാണു ബോണ്ടുകൾ ലഭിച്ചതെന്നും അതിനാൽ സംഭാവന നൽകിയവരുടെ പേര് അറിയില്ലെന്നും വരെ വിശദീകരണം നൽകിയ പാർട്ടികളുണ്ട്.

ബോണ്ട് വഴി ഏറ്റവുമധികം സംഭാവന നൽകിയ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് ഡിഎംകെയ്ക്കു 509 കോടി രൂപ നൽകിയതായി പാർട്ടി കമ്മിഷനെ അറിയിച്ചു. കമ്പനി ആകെ സംഭാവന ചെയ്ത 1368 കോടി രൂപയിൽ ബാക്കി തുക ഏതു പാർട്ടിക്കാണു കിട്ടിയതെന്നു വ്യക്തമല്ല. 
ഉയർന്ന സംഭാവന നൽകിയവരുടെ പട്ടികയിൽ രണ്ടാമതുള്ള മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിഎംകെയ്ക്ക് 105 കോടി രൂപയും ജെഡിഎസിന് 50 കോടിയും നൽകിയെന്നു വ്യക്തമായി.
സിപിഎം, സിപിഐ എന്നിവ ബോണ്ട് സ്വീകരിക്കില്ലെന്ന നിലപാടുള്ളവരാണ്. മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് (എം), എഐഎംഐഎം, ഐഎൻഎൽഡി, ബിഎസ്പി എന്നിവയ്ക്ക് ഇലക്ടറൽ ബോണ്ട് വഴി പണം ലഭിച്ചിട്ടില്ല.
പുതിയ കണക്കുപ്രകാരം പാർട്ടികൾക്കു ലഭിച്ചത്

ബിജെപി: 6986 കോടി
തൃണമൂൽ കോൺഗ്രസ്: 1397 കോടി
കോൺഗ്രസ്: 1334 കോടി
ബിആർഎസ്: 1322 കോടി

ബിജെഡി: 944.3 കോടി
ഡിഎംകെ: 656.5 കോടി
വൈഎസ്ആർ കോൺഗ്രസ്: 442.8 കോടി
ആരോ കവർ തന്നു; അതിൽ 10 കോടി

ന്യൂഡൽഹി ∙ ‘ആരോ തന്നിട്ടു പോയി, തുറന്നു നോക്കിയപ്പോൾ, 10 കോടിയുടെ ഇലക്ടറൽ ബോണ്ട് !’– ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജെഡിയു തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കത്തിലെ വിവരങ്ങളാണിത്.

2019 ഏപ്രിൽ മൂന്നിനു പട്നയിൽ പാർട്ടി ആസ്ഥാനത്ത് അജ്ഞാതൻ ഒരു കവർ നൽകിയെന്നും അതിൽ ഒരു കോടിയുടെ വീതം 10 ഇലക്ടറൽ ബോണ്ടുകളായിരുന്നു എന്നുമാണു കത്തിലുള്ളത്. അതേസമയം, തങ്ങൾക്കു സംഭാവന നൽകിയ മറ്റു ചിലരുടെ വിവരങ്ങൾ ജെഡിയു വെളിപ്പെടുത്തിയിട്ടുമുണ്ട്.


Source link
Exit mobile version