മോസ്കോ: വ്ലാദിമിർ പുടിന് ആറു വർഷത്തേക്കുകൂടി ഭരണത്തുടർച്ച ലഭിക്കുമെന്ന് കരുതുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് റഷ്യയിൽ ഇന്നലെ പൂർത്തിയായി. വെള്ളിയാഴ്ച മുതൽ മൂന്നു ദിവസം നീണ്ട തെരഞ്ഞെടുപ്പിൽ 70 ശതമാനത്തിനു മുകളിലാണ് പോളിംഗ് നിരക്ക്. റഷ്യയിലെ 11 സമയ മേഖലകളിലും യുക്രെയ്നിൽനിന്ന് അനധികൃതമായി പിടിച്ചെടുത്ത പ്രദേശങ്ങളിലും വോട്ടെടുപ്പ് നടന്നു. 1999 മുതൽ പ്രധാനമന്ത്രിയായും പ്രസിഡന്റായും റഷ്യ ഭരിക്കുന്ന പുടിൻ ഇക്കുറിയും വലിയ വിജയം നേടുമെന്നാണ് നിഗമനം. കമ്യൂണിസ്റ്റ് നേതാവ് നിക്കോളായ് കരിത്തോനോവ്, തീവ്രദേശീയ പാർട്ടിയായ എൽഡിപിആറിന്റെ ലിയോനിഡ് സ്ലട്ട്സ്കി, ലിബറൽ നിലപാടുകളുള്ള ന്യൂ പീപ്പിൾസ് പാർട്ടിയുടെ വ്ലാഡിസ്ലാവ് ഡാവൻകോവ് എന്നീ എതിരാളികൾ പേരിനുള്ള സ്ഥാനാർഥികൾ മാത്രമാണ്. യുക്രെയ്ൻ അധിനിവേശവും അതിന്റെ പേരിലുള്ള ഉപരോധങ്ങളും പുടിന് റഷ്യയിലുള്ള ജനപ്രീതി കൂട്ടിയോ, അതോ കുറച്ചോ എന്നു മാത്രമാകും തെരഞ്ഞെടുപ്പു ഫലത്തിൽ വ്യക്തമാകുക. പുടിന്റെ നിശിത വിമർശകനായിരുന്ന അലക്സി നവൽനി കഴിഞ്ഞ മാസം സൈബീരിയൻ ജയിലിൽ ദുരൂഹമായി മരിച്ചിരുന്നു. നവൽനിയുടെ അനുയായികൾ ആഹ്വാനം ചെയ്ത പ്രകാരം ഇന്നലെ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടായി. പുടിനെ എതിർക്കുന്നവർ റഷ്യയിലുണ്ടെന്നു ബോധ്യപ്പെടുത്താൻ ഉദ്ദേശിച്ചുള്ള പ്രതിഷേധം വിജയകരമായിരുന്നുവെന്ന് നവൽനിയുടെ അനുയായികൾ പറഞ്ഞു.
റഷ്യൻ വംശജർ വ്യാപകമായുള്ള ബെർലിൻ, പാരീസ്, മിലാൻ തുടങ്ങിയ നഗരങ്ങളിലെ റഷ്യൻ നയതന്ത്രകാര്യാലയങ്ങൾക്കു മുന്നിലും പ്രകടനങ്ങളുണ്ടായി. ബെർലിനിലെ റഷ്യൻ എംബസിക്കു മുന്നിൽ നടന്ന പ്രകടനത്തിൽ നവൽനിയുടെ വിധവ യൂലിയയും പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ കർശന നിയന്ത്രണങ്ങളോടെയാണ് വോട്ടെടുപ്പ് നടന്നതെങ്കിലും എതിർ ശബ്ദങ്ങളുണ്ടായി. സെന്റ് പീറ്റേഴ്സ്ബർഗിലെ വോട്ടെടുപ്പ് കേന്ദ്രത്തിൽ പെട്രോൾ ബോംബെറിഞ്ഞ വനിത അറസ്റ്റിലായി. രാജ്യത്തെ പല ഭാഗങ്ങളിൽ ബാലറ്റു പേപ്പർ നശിപ്പിക്കാൻ ശ്രമിച്ചതിനും അറസ്റ്റുകളുണ്ടായി.
Source link