ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ രണ്ടാം എഡിഷൻ കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്. രാജ്ഞിയെ നിശ്ചയിച്ച ഫൈനലിൽ ആർസിബി എട്ട് വിക്കറ്റിന് ഡൽഹി ക്യാപ്പിറ്റൽസിനെ കീഴടക്കി. സ്കോർ: ഡൽഹി 113 (18.3). ബംഗളൂരു 115/2 (19.3). ബംഗളൂരുവിനായി എല്ലിസ് പെറിയും (35) റിച്ച ഘോഷും (17) പുറത്താകാതെ നിന്നു. ആർസിബിയുടെ കന്നി ഫൈനലായിരുന്നു. ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായി ഫൈനലിൽ പ്രവേശിച്ച ശേഷം ഡൽഹി കിരീട പോരാട്ടത്തിൽ തുടർച്ചയായ രണ്ടാം തവണയാണ് വീഴുന്നത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപ്പിറ്റൽസിന്റെ ഓപ്പണർമാരായ ക്യാപ്റ്റൻ മെഗ് ലാന്നിംഗും (23) ഷെഫാലി വർമയും (44) ഏഴ് ഓവറിൽ 64 റണ്‍സ് അടിച്ചെടുത്തു. എട്ടാം ഓവറിന്റെ ആദ്യ പന്തിൽ ഷെഫാലിയെ പുറത്താക്കി സോഫി മോളിനക്സാണ് റോയൽ ചലഞ്ചേഴ്സിന് ബ്രേക്ക്ത്രൂ നൽകിയത്. ഓവറിലെ മൂന്നും നാലും പന്തുകളിൽ ജെമീമ റോഡ്രിഗസിനെയും (0) ആലീസ് കാപ്സിയെയും (0) ബൗൾഡാക്കി മത്സരഗതി തിരിച്ചതും മോളിനക്സായിരുന്നു. മെഗ് ലാന്നിംഗിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ശ്രേയങ്ക ഡൽഹിയെ വരിഞ്ഞുമുറുക്കി.
14-ാം ഓവറിൽ മലയാളി താരം ആശ ശോഭന രണ്ട് വിക്കറ്റ് വീഴ്ത്തി ഡൽഹിയെ തളച്ചു. പിന്നാലെ മിന്നു മണി (5), അരുന്ധതി റെഡ്ഡി (10), താനിയ ഭാട്യ (0) എന്നിവരെ ശ്രേയങ്ക പാട്ടീലും പുറത്താക്കി. ആർസിബിക്കുവേണ്ടി ശ്രേയങ്ക പാട്ടീൽ നാലും മോളിനക്സ് മൂന്നും ആശ ശോഭന രണ്ടും വീതം വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ദാനയും (31) സോഫി ഡിവൈനും (32) ഓപ്പണിംഗ് വിക്കറ്റിൽ 49 റണ്‍സ് നേടി.
Source link