മോദി ബോളിവുഡിനെ വെല്ലുന്ന നടൻ– Rahul Gandhi against Narendra Modi | BHarat Jodo Nyay Yatra | Malayala Manorama Online News
മോദി വലിയ നടൻ, ഹൃദയം പൊള്ള, എന്നെ ഭയം; ജയിക്കുന്നത് ഇവിഎം കാരണം: കടുപ്പിച്ച് രാഹുൽ
ഓൺലൈൻ ഡെസ്ക്
Published: March 17 , 2024 10:10 PM IST
Updated: March 17, 2024 10:17 PM IST
1 minute Read
ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനസമ്മേളനത്തിൽ സംസാരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Photo by Indranil Mukherjee / AFP)
മുംബൈ ∙ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ മാറ്റിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുംബൈയിലെ ശിവജി പാർക്കിൽ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ബോളിവുഡ് അഭിനേതാക്കളെ വെല്ലുന്ന നടനാണ് നരേന്ദ്ര മോദിയെന്നും രാഹുൽ പറഞ്ഞു.
Read also: വെളിപ്പെടുത്താതെ ബിജെപി, കോൺഗ്രസ്, കടപ്പത്രമില്ലാതെ ലീഗ്; ചെന്നൈ സൂപ്പർ കിങ്സ് വക 5 കോടി‘‘ഹിന്ദുമതത്തിൽ ശക്തി എന്നൊരു വാക്കുണ്ട്. ഞങ്ങളും ഒരു ശക്തിക്കെതിരെയാണ് പോരാടുന്നത്. ഇവിടെ രാജാവിന്റെ ആത്മാവിരിക്കുന്നത് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലാണ് (ഇവിഎം). ഇവിഎമ്മിലും രാജ്യത്തെ അന്വേഷണ ഏജൻസികളായ ഇ.ഡിയിലും ആദായനികുതി വകുപ്പിലും സിബിഐയിലുമാണ് രാജാവിന്റെ ആത്മാവിരിക്കുന്നത്. മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവ് പാർട്ടി വിട്ട് പോയതിനു പിന്നാലെ എന്റെ അമ്മയുടെ (സോണിയ ഗാന്ധി) അടുക്കൽ വന്ന് കരഞ്ഞുകൊണ്ടു പറഞ്ഞു, ‘സോണിയാ ജീ എനിക്ക് ഈ ശക്തിക്കെതിരെ പോരാടാനുള്ള കരുത്തില്ല. എനിക്ക് ജയിലിൽ പോകാൻ കഴിയില്ല.’
ഇത്തരത്തിൽ നിരവധി പേരെ ഇ.ഡി, സിബിഐ എന്നീ കേന്ദ്ര ഏജൻസികളെ വച്ച് ഭയപ്പെടുത്തുകയാണ്. അഴിമതിയുടെ കുത്തകയാണ് ഇന്ന് നരേന്ദ്ര മോദി. ഞങ്ങൾക്ക് ഈ യാത്ര നടത്തേണ്ടത് അത്യാവശ്യമായിരുന്നു. കാരണം ഇവിടുത്തെ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഒന്നും ഈ രാജ്യത്തിന്റെ കൈകളിൽ ആയിരുന്നില്ല. ജനങ്ങളെ ബാധിക്കുന്ന തൊഴിലില്ലായ്മ, കലാപം, പണപ്പെരുപ്പം, കർഷകപ്രശ്നം തുടങ്ങിയവയൊന്നും വെളിച്ചത്തു കൊണ്ടുവന്നില്ല. ഇതിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ആകർഷിക്കുന്നതിനായി ഞങ്ങൾ 4000 കിലോമീറ്ററോളം നടന്നു. ഞാൻ മാത്രമാണ് നടന്നതെന്ന് തെറ്റിധരിക്കരുത്, എല്ലാവരും ഈ രാജ്യത്തിനായി അതിൽ അണിനിരന്നു.
ഈ വിഷയങ്ങളിൽനിന്നെല്ലാം നിങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് മോദി ചെയ്യുന്നത്. അദ്ദേഹത്തിന് അതിനു വേണ്ടി പറയാൻ ചൈനയോ പാക്കിസ്ഥാനോ കാണും. അദ്ദേഹം നിങ്ങളോടു വിളക്കു കത്തിക്കാനും മൊബൈൽ ഓൺ ചെയ്യാനും പറയും. അല്ലെങ്കിൽ അദ്ദേഹത്തെ അപമാനിച്ചെന്നു പറഞ്ഞ് കരയും. മോദി ഒരു മുഖംമൂടി മാത്രമാണ്, ബോളിവുഡ് നടനെ വെല്ലുന്ന അഭിനേതാവാണ്. കടലിൽ ചാടൂ, സമുദ്രവിമാനം പറത്തൂ തുടങ്ങിയ നിർദേശങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നു. 56 ഇഞ്ച് നെഞ്ചളവല്ല, പൊള്ളയായ ഹൃദയമാണ് അദ്ദേഹത്തിനുള്ളത്. ഇവിഎം ഉള്ളതുകൊണ്ട് മാത്രമാണ് മോദി വിജയിക്കുന്നത്.ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനോട് മെഷീനുകൾ കാണിക്കാൻ ആവശ്യപ്പെട്ടു. അവരോട് ബാലറ്റ് പേപ്പറുകൾ എണ്ണാൻ ആവശ്യപ്പെട്ടു. എന്നാൽ അവർ അതിന് കഴിയില്ലെന്ന് പറഞ്ഞു. എന്തുകൊണ്ട്? ഈ സ്റ്റേജിൽ ഇരിക്കുന്നവരെല്ലാം വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായുള്ളവരാണ്. ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിക്ക് എതിരെയല്ല പോരാട്ടം നടത്തുന്നത്. ഞങ്ങൾ മോദിക്കെതിരെയോ ബിജെപിക്കെതിരെയോ അല്ല പോരാടുന്നത്. മോദിജിക്ക് എന്നെ ഭയമാണ്. കാരണം ഞാൻ ഉള്ളിൽനിന്ന് ഈ സിസ്റ്റത്തെ കണ്ടയാളാണ്. ഞാൻ ഇവിടെ വർഷങ്ങളായി ഇരിക്കുന്നു. എന്നെ ഒളിക്കാനോ ഒതുക്കാനോ കഴിയില്ല.’’– രാഹുൽ ഗാന്ധി പറഞ്ഞു.
English Summary:
‘Not fighting Narendra Modi, he is just a mask,’ says Rahul Gandhi
5us8tqa2nb7vtrak5adp6dt14p-2024-03 40oksopiu7f7i7uq42v99dodk2-2024-03 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-17 mo-news-common-mumbainews 7ufb17sivq9fj4ajerq4ukiahs 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-03-17 mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-india-indianews mo-news-common-bharatjodonyayyatra mo-politics-leaders-narendramodi 40oksopiu7f7i7uq42v99dodk2-2024
Source link