‘മഞ്ഞുമ്മൽ’ സെറ്റിനു മാത്രം 5 കോടി, 101 ദിവസം നീണ്ട ചിത്രീകരണം: ബാബു ഷാഹിർ അഭിമുഖം

‘മഞ്ഞുമ്മൽ’ സെറ്റിനു മാത്രം 5 കോടി, 101 ദിവസം നീണ്ട ചിത്രീകരണം: ബാബു ഷാഹിർ അഭിമുഖം | Babu Shahir Manjummel Boys

‘മഞ്ഞുമ്മൽ’ സെറ്റിനു മാത്രം 5 കോടി, 101 ദിവസം നീണ്ട ചിത്രീകരണം: ബാബു ഷാഹിർ അഭിമുഖം

എൻ.ജയചന്ദ്രൻ

Published: March 17 , 2024 10:16 AM IST

2 minute Read

സൗബിൻ ഷാഹിറിനൊപ്പം ബാബു ഷാഹിർ

‘‘ഫെയ്സ് ബുക്ക് മെസഞ്ചറിൽ ധാരാളം സന്ദേശങ്ങൾ വരുന്നുണ്ട്. സിനിമ മെഗാഹിറ്റായില്ലേ ? ഒരു വീടു വച്ചു നൽകാനുള്ള പണം നൽകണം. മറ്റു സഹായാഭ്യർഥനകൾ വേറെ ….ഞങ്ങളുടെ പെട്ടിയിൽ 150 കോടിയുണ്ട് എന്നാണ് പലരുടെയും ധാരണ. സിനിമ ഹിറ്റാകുമ്പോൾ അതു നൽകുന്ന സന്തോഷം വലുതാണ്. സത്യത്തിൽ മഞ്ഞുമ്മൽ ബോയ്സിന്റെ കഥയുമായി വരുന്നത് സൗബിന്റെ മാനേജറും സുഹൃത്തുമായ ഷോണാണ്. സൗബിൻ അതിൽ അഭിനയിക്കുക എന്നതായിരുന്നു ആദ്യ പ്ലാൻ. എന്നാൽ സൗബിനും ഷോണും ചേർന്ന് ചിത്രം നിർമിക്കാനുള്ള പദ്ധതിയുമായി എന്റെ അടുത്തെത്തി. കൊടൈക്കനാലിൽ ഇതിനു മുൻപും ചിത്രങ്ങൾ ചെയ്ത പരിചയം വച്ച് ഞാൻ പറഞ്ഞു. അവിടെ ഇത്രയും ആളെ വച്ച് ഷൂട്ട് പ്രായോഗികമല്ല. നാട്ടിൽ സെറ്റിട്ട് ചെയ്യുക എന്നതാകും നല്ലത്. അതിന് എത്ര ബജറ്റ് എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. 
സെറ്റിന് 2 കോടിയാണ് ആദ്യം ബജറ്റിട്ടത്.ചിത്രം തീർന്നപ്പോൾ സെറ്റിന് 5 കോടിയായി. കാലടിക്കു സമീപം ഒക്കലിൽ വലിയൊരു ഗോഡൗൺ തിരഞ്ഞെടുത്ത് സെറ്റിട്ട് അതിൽ കൊടൈക്കനാലിലെ തണുപ്പ് വരെ സെറ്റ് ചെയ്തു. ആ തണുപ്പ് ചിത്രത്തിന്റെ മൂഡ് മാറ്റിയ തീരുമാനമായിരുന്നനു. ഈ സെറ്റ് ഞാൻ ആദ്യം കാണിച്ചത് സംവിധായകൻ സിദ്ദിഖിനെയാണ്.സെറ്റു കണ്ട് സിദ്ദിഖിന് വലിയ ഇഷ്ടമായി.ആർട്ട് ഡയറക്ടർ അജയൻ ചാലിശേരിയെ നമ്മുടെ ചിത്രത്തിൽ വിളിക്കണമെന്ന് പറഞ്ഞാണ് അന്നദ്ദേഹം മടങ്ങിയത്.  ’’– മലയാള  സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് 178 കോടി കലക്ഷൻ പിന്നിട്ട ദിവസം എറണാകുളത്തെ വീട്ടിലിരുന്ന് നിർമാതാവ് ബാബു ഷാഹിർ ആ തീരുമാനമെടുത്ത മുഹൂർത്തത്തിലേക്ക് തിരികെ നടന്നു.

1982 ൽ ഫാസിലിന്റെ ‘ ഈറ്റില്ലം ’ എന്ന ചിത്രത്തിൽ സഹസംവിധായകനായി തുടങ്ങിയതാണ് ബാബു ഷാഹിറിന്റെ സിനിമാജീവിതം.നടൻ സൗബിൻ് ഷാഹിറിന്റെ പിതാവ് എന്നറിയപ്പെടുന്നതിനു മുൻപ് മലയാളത്തിലെ ഹിറ്റുകൾക്കൊപ്പം പ്രൊഡക്ഷൻ കൺട്രോളറും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമൊക്കെയായി യാത്ര ചെയ്ത ഒരു കാലമുണ്ട് ബാബുവിന്.
‘‘ ഞാൻ സഹസംവിധായകനായിരിക്കുമ്പോൾ ഫാസിലിന്റെ  ടീമിൽ സിദ്ദിഖും ലാലുമൊക്കെയുണ്ട്.ഞങ്ങൾ ഒരു കുടുംബം പോലെയായിരുന്നു. ‘എന്നെന്നും കണ്ണേട്ടന്റെ ’തമിഴ് പതിപ്പ് ‘വർഷം 16 ’എന്ന പേരിൽ ചെയ്യുമ്പോഴാണ് പാച്ചിക്ക (ഫാസിൽ) ആദ്യം എന്നെ നിർമാണച്ചുമതല ഏൽപ്പിക്കുന്നത്. ഖുശ്ബുവും കാർത്തിക്കുമാണ് നായികയും നായകനും.ഖുശ്ബുവിന്റെ ആദ്യ ചിത്രമാണ്.ബോംബെയിൽ നിന്ന് ഖുശ്ബു വരുമ്പോൾ സ്വീകരിക്കാൻ ഞാനാണ് പോയത്.സെറ്റിലെത്തിയപ്പോൾ എല്ലാവർക്കും ഒരു  വൈക്ലബ്യം.ഒരു ചൈനീസ് ലുക്കുണ്ടോ ? അഭിനയിച്ചു തുടങ്ങിയപ്പോൾ ഖുശ്ബു എല്ലാവരെയും ഞെട്ടിച്ചു.സെറ്റിൽ ഇംഗ്ലിഷ് മാത്രം സംസാരിക്കുന്ന നടി.തമിഴ് സംഭാഷണമൊക്കെ ഇംഗ്ലിഷിലെഴുതിയ പറഞ്ഞാണ് അഭിനയം.സിനിമയുടെ പല മേഖലകളിലും ജോലി ചെയ്തത് നിർമാതാവ് എന്ന രീതിയിൽ ഗുണം ചെയ്തു.ആ ചിത്രത്തിനു ശേഷം പിന്നീട് എന്റെ റോൾ പ്രൊഡക്ഷൻ മാനേജറും പ്രൊഡക്ഷൻ കൺട്രോളറും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമൊക്കെയായി മാറി. ചാർട്ടിങ് ഒക്കെ പഠിച്ചത് സഹസംവിധായകനായതുകൊണ്ടാണ് ’’– മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിന്റെ മധുരസ്മൃതികളിൽ ബാബു പറഞ്ഞു.

ബാബു ഷാഹിർ ആദ്യം നിർമിക്കാൻ തീരുമാനിച്ച ചിത്രം ഗോഡ് ഫാദറായിരുന്നു.എന്നാൽ അവസാന നിമിഷം പ്രോജക്ട് ചെയ്യാൻ ബാബുവിന് കഴിഞ്ഞില്ല.പിന്നീട് ബാബു ഒരു ചിത്രം നിർമിച്ചത് 2007 ലാണ്.സിദ്ധിഖാണ് നിർമാണക്കമ്പനിക്ക് മജസ്റ്റിക് എന്ന് പേരിട്ടത്.ദിലീപ് നായകനായ കമൽ സംവിധാനം ചെയ്ത പച്ചക്കുതിര ബാബുവിന് വലിയ മെച്ചമുണ്ടാക്കിയില്ല.
‘‘ എന്റെ പരിചയസമ്പത്തുകൊണ്ട് ആദ്യ ചിത്രം കൈ പൊള്ളാതെ പോയി. എന്റെ ആദ്യ സിനിമയായതുകൊണ്ട് ദിലീപുൾപ്പെടെ പലരും സഹായിച്ചു. എന്നാൽ ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്നു പറയുന്നതുപോലെ എനിക്ക് സിനിമ ചെയ്യാനുള്ള ധൈര്യം കുറച്ചൊക്കെ ചോർന്നു പോയി അതോടെ.പല കഥകളും കേൾക്കും വേണ്ടെന്നു വയ്ക്കും.അതിൽ പലതും പിൽക്കാലത്ത് ഹിറ്റായതും ഉണ്ട്.സൗബിനാണ് പറവ ഫിലിംസിന്റെ ബാനറിൽ നമുക്ക് സിനിമ നിർമിക്കാമെന്ന് നിർബന്ധിച്ചത്. ഷോൺ ഒപ്പം നിന്നു.ചിത്രത്തിന്റെ ഫസ്റ്റ് കോപ്പി കാണുമ്പോൾ ഇത്ര വലിയ ഹിറ്റാകുമെന്ന് ഞാൻ കരുതിയില്ല.ഭയങ്കര ലാഭം ഉണ്ടായില്ലെങ്കിലും നമുക്ക് മുടക്ക് മുതൽ തിരിച്ചുകിട്ടും എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. ’’

‘‘ സിനിമയുടെ നിർമാണ രീതി മാറിപ്പോയി.റാംജിറാവൊക്കെ അന്ന് 80 ലക്ഷം രൂപയിൽ താഴെ ചെലവിട്ടു നിർമിച്ച ചിത്രമായിരുന്നു.അന്ന് ഒരു ചിത്രം പരാജയപ്പെട്ടാലും നിർമാതാവ് പിടിച്ചു നിൽക്കും. ഇന്ന് അതല്ല സ്ഥിതി.ഒരു ദിവസം 6–7 ലക്ഷം രൂപയാണ് ഷൂട്ടിങ് കോസ്റ്റ്. വലിയ ബജറ്റിലാണ് മിക്ക ചിത്രങ്ങളും തീരുന്നത്. 101 ദിവസം കൊണ്ടാണ് മ‍ഞ്ഞുമ്മൽ ബോയ്സ് ചിത്രീകരിച്ചത്.
കൊടൈക്കനലുമായി സൗബിനും ബാബുഷാഹിറിനും മറ്റൊരു ബന്ധം കൂടിയുണ്ട്. ഫഹദ് നായകനായ ഫാസിൽ ചിത്രം കയ്യെത്തും ദൂരത്ത് കൊടൈക്കനാലിൽ ചിത്രീകരിക്കുമ്പോഴാണ് താനും സെറ്റിലേക്കൊന്ന് വന്നോട്ടെയന്ന് ചോദിച്ച് സൗബിൻ ബാബുവിനെ വിളിക്കുന്നത്.സൗബിനന്ന് കോളജ് വിദ്യാർഥിയാണ്.സെറ്റിൽ വന്ന അന്നു ബാബു കാണുന്നത് സൗബിൻ ഒരു സീനിൽ അഭിനയിക്കുന്നതാണണ്. ഫഹദ് ബസിറങ്ങുന്നതിന്റെ പിന്നാലെ യാത്രക്കാരനായി സൗബിനും ഒന്നും അറിയാത്തതുപോലെ ഇറങ്ങി വരുന്നു. കൊടൈക്കനാൽ അങ്ങനെ സൗബിന്റെ മുഖത്ത് ക്യാമറ വച്ചു.കൊടൈക്കനാൽ പശ്ചാത്തലമായ ചിത്രം സൗബിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രവുമായി മാറുന്നു.

English Summary:
Babu Shahir about Manjummel Boys

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-2024-03-17 f3uk329jlig71d4nk9o6qq7b4-2024 n-jayachandran mo-entertainment-movie-soubinshahir 7rmhshc601rd4u1rlqhkve1umi-2024 7rmhshc601rd4u1rlqhkve1umi-2024-03 mo-entertainment-common-malayalammovienews 7rmhshc601rd4u1rlqhkve1umi-2024-03-17 f3uk329jlig71d4nk9o6qq7b4-2024-03 mo-entertainment-common-babu-shahir mo-entertainment-titles0-manjummel-boys f3uk329jlig71d4nk9o6qq7b4-list 5r99bqpq4i49a7ft33ufrf5c42


Source link
Exit mobile version