ഡബ്ല്യുപിഎൽ ഫൈനൽ ഇന്ന്
ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 കിരീടത്തിനായി മെഗ് ലാന്നിംഗിന്റെ ഡൽഹി ക്യാപ്പിറ്റൽസും സ്മൃതി മന്ദാനയുടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ. ഡൽഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കന്നിക്കിരീട മോഹത്തോടെയാണ് ഇരുടീമും കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. ആർസിബിക്ക് ഇത് കന്നി ഫൈനലാണ്, ക്യാപ്പിറ്റൽസിന്റെ രണ്ടാമത്തേതും. പെറി, സ്മൃതി ലീഗ് റൗണ്ടിൽ മൂന്നാം സ്ഥാനത്തോടെയാണ് ആർസിബി പ്ലേ ഓഫ് എലിമിനേറ്ററിൽ കടന്നത്. 2024 ഡബ്ല്യുപിഎൽ റണ്‍വേട്ടയിൽ ഒന്നാം സ്ഥാനക്കാരിയായ എല്ലിസ് പെറിയാണ് ആർസിബിയുടെ ബാറ്റിംഗ് കരുത്ത്. മികച്ച ഓൾറൗണ്ട് പ്രകടനം നടത്തുന്ന ഈ ഓസീസ് താരം എട്ട് മത്സരങ്ങളിൽ രണ്ട് അർധസെഞ്ചുറിയടക്കം 312 റണ്‍സ് നേടിയാണ് ടോപ് സ്കോററിനുള്ള ഓറഞ്ച് ക്യാപ്പ് അണിയുന്നത്. ഒന്‍പത് മത്സരങ്ങളിൽ രണ്ട് അർധസെഞ്ചുറിയടക്കം 269 റണ്‍സ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ദാനയാണ് ബാറ്റിംഗിൽ ആർബിസിയുടെ മറ്റൊരു കരുത്ത്. ലാന്നിംഗ്, ഷെഫാലി ആർസിബിയുടേതുപോലെ ഓസ്ട്രേലിയൻ-ഇന്ത്യൻ ബാറ്റിംഗാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെയും കരുത്ത്. എട്ട് മത്സരങ്ങളിൽ 308 റണ്‍സ് നേടിയ ക്യാപ്റ്റൻ മെഗ് ലാന്നിംഗാണ് ക്യാപ്പിറ്റൻസിന്റെ ബാറ്റിംഗ് മുന്നിൽനിന്ന് നയിക്കുന്നത്. 2024 സീസണിൽ റണ്‍വേട്ടയിൽ എല്ലിസ് പെറിക്കു പിന്നിൽ രണ്ടാമതാണ് ലാന്നിംഗ്. എട്ട് മത്സരങ്ങളിൽ മൂന്ന് അർധസെഞ്ചുറിയടക്കം 265 റണ്‍സ് നേടിയ ഷെഫാലി വർമയാണ് ലാന്നിംഗിനൊപ്പം ഡൽഹിയുടെ ബാറ്റിംഗിലെ നിർണായക സാന്നിധ്യം. ജെമീമ റോഡ്രിഗസ് (235), ആലീസ് കാപ്സി (230) എന്നിവരും ഡൽഹി സ്കോർബോർഡിൽ റണ്‍സ് എത്തിച്ചവരാണ്. ബൗളിംഗ് യൂണിറ്റ് ദക്ഷിണാഫ്രിക്കൻ മീഡിയം പേസറായ മരിസാൻ കാപ്പിന്റെ കൈയിലാണ് ബൗളിംഗ് ആക്രമണത്തിന്റെ ചുക്കാൻ. ആറ് മത്സരങ്ങളിൽ 11 വിക്കറ്റ് വീഴ്ത്തി, ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറുടെ പർപ്പിൾ ക്യാപ്പ് അണിയുകയാണ് കാപ്പ്. ആറ് മത്സരങ്ങളിൽ 11 വിക്കറ്റ് നേടിയ ഓസീസ് താരം ജെസ് ജോനാസെൻ എട്ട് മത്സരങ്ങളിൽ 10 വിക്കറ്റ് വീഴ്ത്തിയ രാധ യാദവ് എന്നിവരാണ് ഡൽഹി ബൗളിംഗിന്റെ കരുത്ത്. മറുവശത്ത് മലയാളിയായ ആശ ശോഭനയാണ് ആർസിബിക്കുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത്, ഒന്‍പത് മത്സരങ്ങളിൽ 10 വിക്കറ്റ്. ഓസീസ് താരം സോഫി മോളിനക്സും (ഒന്‍പത് വിക്കറ്റ്) ആർസിബിയുടെ ബൗളിംഗ് കരുത്താണ്.
കപ്പടിക്കാൻ മലയാളികൾ… വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് കിരീടം സ്വന്തമാക്കുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനായി വയനാട് സ്വദേശിയായ മിന്നു മണിയും തിരുവനന്തപുരം സ്വദേശി ആശാ ശോഭന റോയിയും ഇന്നു നേർക്കുനേർ. ഡൽഹി ക്യാപ്പിറ്റൽസിന്റെ ഓൾറൗണ്ടറാണ് ഇരുപത്തിനാലുകാരിയായ മിന്നു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ താരമാണ് ആശ ശോഭന. ജന്മദിനാഘോഷത്തിന് ആശ ഇന്നലെയായിരുന്നു ആശയുടെ 34-ാം ജന്മദിനം. ഇന്ന് ഡബ്ല്യുപിഎൽ കിരീടത്തോടെ ജന്മദിനാഘോഷം നടത്താനാണ് പദ്ധതി. 2023ലെ പ്രഥമ ഡബ്ല്യുപിഎൽ സീസണ് മുതൽ ആർസിബിയുടെ ഭാഗമാണ് ആശ. 10 ലക്ഷം രൂപയ്ക്കായിരുന്നു ആശ കഴിഞ്ഞ സീസണിൽ ആർസിബിയിൽ എത്തിയത്. 2023 എഡിഷനിൽ അഞ്ച് മത്സരങ്ങളിൽ അഞ്ച് വിക്കറ്റ് മാത്രമായിരുന്നു ഈ ലെഗ് സ്പിന്നറിനുണ്ടായിരുന്നത്. 2024 സീസണിൽ ആർസിബിക്കുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് (10) വീഴ്ത്തിയത് ആശയാണ്. യുപി വാരിയേഴ്സിന് എതിരായ അഞ്ച് വിക്കറ്റ് (5/22) പ്രകടനം ഉൾപ്പെടെ മികവാർന്ന ബൗളിംഗാണ് ആശ കാഴ്ചവയ്ക്കുന്നത്. എലിമിനേറ്ററിൽ അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ 12 റണ്‍സ് വേണമെന്നിരിക്കേ ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ദാന പന്ത് ഏൽപ്പിച്ചത് ആശയെയായിരുന്നു. ഡബ്ല്യുപിഎല്ലിൽ ആകെ 14 മത്സരങ്ങളിൽ 15 വിക്കറ്റ് ഇതുവരെ ആശ സ്വന്തമാക്കി. മിന്നുവിന് രണ്ടാം ഫൈനൽ 2023 സീസണിൽ 30 ലക്ഷം രൂപയ്ക്കായിരുന്നു മിന്നു മണി ഡൽഹി ക്യാപ്പിറ്റൽസിൽ എത്തിയത്. ഡൽഹിയുടേതുപോലെ മിന്നുവിനും ഇന്നത്തേത് തുടർച്ചയായ രണ്ടാം ഫൈനലാണ്. 2023 സീസണിൽ മൂന്ന് മത്സരങ്ങളിൽ മാത്രമായിരുന്നു മിന്നു കളിച്ചത്. വിക്കറ്റ് നേടാൻ സാധിച്ചില്ല. എന്നാൽ, 2024 സീസണിൽ നാല് മത്സരങ്ങളിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. നേർക്കുനേർ വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ചരിത്രത്തിൽ ഡൽഹി ക്യാപ്പിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇതുവരെ നാല് തവണ ഏറ്റുമുട്ടി. നാലിലും ഡൽഹിക്കായിരുന്നു ജയം. 2024 സീസണ് ലീഗ് റൗണ്ടിൽ ആർസിബി രണ്ട് തോൽവി വഴങ്ങിയ ഏകടീമും ക്യാപ്പിറ്റൽസാണ്. ഈ സീസണിലെ ആദ്യ ഏറ്റുമുട്ടലിൽ 25 റണ്‍സിനും രണ്ടാം മത്സരത്തിൽ ഒരു റണ്ണിനുമായിരുന്നു ഡൽഹിയുടെ ജയം.
Source link