ഡബ്ല്യുപിഎൽ ഫൈനലിൽ ആർസിബിയും ഡൽഹിയും ഏറ്റുമുട്ടും
ന്യൂഡൽഹി: സ്മൃതി മന്ദാന നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ. എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിനെ അഞ്ച് റൺസിനു കീഴടക്കി. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ പോരാട്ടത്തിൽ തിരുവനന്തപുരം സ്വദേശിയായ ആശ ശോഭനയായിരുന്നു ആർസിബിയുടെ അവസാന ഓവർ എറിഞ്ഞത്. അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ 12 റൺസ് വേണമെന്നിരിക്കേ ആറ് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും ആശ ശോഭന സ്വന്തമാക്കി. അതോടെ ആർസിബി കന്നി ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കി. സ്കോർ: ആർസിബി 135/6 (20). മുംബൈ ഇന്ത്യൻസ് 130/6 (20). ലീഗ് റൗണ്ടിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപ്പിറ്റൽസാണ് ഫൈനലിൽ റോയൽ ചലഞ്ചേഴ്സിന്റെ എതിരാളി. നാളെ രാത്രി 7.30നാണ് ഫൈനൽ. ഫൈനൽ ടിക്കറ്റിനായുള്ള എലിമിനേറ്റർ പോരാട്ടത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, 2.2 ഓവറിൽ 20 റണ്‍സ് എടുക്കുന്നതിനിടെ ആർസിബിയുടെ ഓപ്പണർമാരായ സോഫി ഡിവൈനും (10), ക്യാപ്റ്റൻ സ്മൃതി മന്ദാനയും (10) പുറത്ത്. തുടർന്ന് എല്ലിസ് പെറിയുടെ അർധസെഞ്ചുറി ഇന്നിംഗ്സാണ് ആർസിബിയെ മുന്നോട്ട് നയിച്ചത്. 50 പന്തിൽ ഒരു സിക്സും എട്ട് ഫോറും അടക്കം പെറി 66 റണ്‍സ് നേടി. ജോർജിയ വെയർഹാം 10 പന്തിൽ 18 റണ്‍സുമായി പുറത്താകാതെനിന്നു.
136 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിനുവേണ്ടി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 30 പന്തിൽ 33 റൺസുമായി ടോപ് സ്കോററായി. അമേലിയ കേർ 27 റൺസുമായി പുറത്താകാതെ നിന്നു. ആർസിബിക്കു വേണ്ടി ശ്രേയങ്ക പാട്ടീൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
Source link