ഗാസയ്ക്കു സഹായവുമായി സൈപ്രസ് കപ്പൽ തുറമുഖമടുത്തു
ഗാസ: യുദ്ധത്തിൽ തകർന്ന ഗാസയ്ക്കു സഹായവുമായി സൈപ്രസിൽനിന്നുള്ള കപ്പലെത്തി. 200 ടൺ ഭക്ഷ്യവസ്തുക്കളുമായി വെള്ളിയാഴ്ച കപ്പൽ ഗാസയിലെ താത്കാലിക തുറമുഖത്ത് അടുത്തു. കരമാർഗം ദുഷ്കരമായ സാഹചര്യത്തിലാണു സെലിബ്രിറ്റി ഷെഫ് ജോസ് ആൻഡ്രസ് ആരംഭിച്ച ജീവകാരുണ്യസംഘടന വേൾഡ് സെൻട്രൽ കിച്ചൻ (ഡബ്ല്യൂസികെ) കപ്പൽ വഴി സഹായമെത്തിച്ചത്. യുഎഇയുടെ ധനസഹായത്താൽ യുഎസ് പിന്തുണയോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഡബ്ല്യുസികെ. ഗാസയിൽ തുറമുഖമില്ലാത്തതിനാൽ, യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് താത്കാലികമായി നിർമിച്ച ജെട്ടിയിലാണ് വെള്ളിയാഴ്ച രാവിലെയാണ് കപ്പൽ എത്തിയത്. കപ്പലിൽ എത്തിച്ച ഭക്ഷ്യവസ്തുക്കളിൽ അരി, മാവ്, പയർ, ബീൻസ്, ട്യൂണ, ടിന്നിലടച്ച മാംസം എന്നിവയുണ്ടെന്ന് ഡബ്ല്യുസികെ വക്താവ് ലിണ്ട റോത്ത് പറഞ്ഞു. ഇസ്രയേൽ ആക്രമണത്തിലും ഉപരോധത്തിലും തകർന്ന വടക്കൻ ഗാസയിൽ സഹായമെത്തിക്കാനാണ് സംഘടന ശ്രമിക്കുന്നത്.
3,00,000 പലസ്തീനികൾ ഇപ്പോഴും ഈ പ്രദേശത്തുണ്ടെന്നാണ് കരുതുന്നത്. ആദ്യ കപ്പലിലെ സഹായം വിതരണം ചെയ്തുകഴിഞ്ഞാൽ കൂടുതൽ സഹായവുമായി രണ്ടാമത്തെ കപ്പൽ ഗാസയിലേക്ക് പോകുമെന്ന് സൈപ്രസ് വിദേശകാര്യ മന്ത്രി കോൺസ്റ്റാന്റിനോസ് കോംബോസ് പറഞ്ഞു. എന്നാൽ, രണ്ടാമത്തെ കപ്പൽ എന്നു പുറപ്പെടുമെന്നതിൽ അദ്ദേഹം വ്യക്തതവരുത്തിയില്ല. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഗാസയിലെ ജനസംഖ്യയുടെ നാലിലൊന്ന് പട്ടിണിയിലാണ്.
Source link