പെട്രോൾ, ഡീസൽ ഒടുവിൽ കുറച്ചു – 2 രൂപ; തീരുമാനം തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് – Petrol and diesel price reduced by two rupees | India News, Malayalam News | Manorama Online | Manorama News
പെട്രോൾ, ഡീസൽ ഒടുവിൽ കുറച്ചു – 2 രൂപ; തീരുമാനം തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ്
മനോരമ ലേഖകൻ
Published: March 15 , 2024 02:51 AM IST
1 minute Read
കൊച്ചിയിൽ പെട്രോളിന് 105.57 രൂപ, ഡീസലിന് 94.50 രൂപ
Image Credit: shylendrahoode/istockphoto.com
ന്യൂഡൽഹി / കൊച്ചി ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കെ, രാജ്യത്ത് പെട്രോളിനും ഡീസലിനും ലീറ്ററിനു 2 രൂപ വീതം കുറച്ചു. ഏകദേശം 2 വർഷത്തിനു ശേഷമാണ് വില കുറയ്ക്കുന്നത്. ഇന്നു രാവിലെ 6 മുതലാണു പ്രാബല്യമെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. കഴിഞ്ഞയാഴ്ച ഗാർഹിക പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചിരുന്നു.
കൊച്ചിയിൽ പെട്രോളിന് ഏകദേശം 105.57 രൂപയും ഡീസലിനു 94.56 രൂപയുമാകും പുതിയ വില. കേന്ദ്രം വില കുറച്ചതിനു പിന്നാലെ രാജസ്ഥാൻ സർക്കാർ 2% നികുതി കുറയ്ക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരും നികുതി കുറച്ചാൽ മാത്രമേ കേരളത്തിൽ വിലക്കുറവിന്റെ മെച്ചം കാര്യമായി ലഭിക്കൂ. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ (ക്രൂഡ്) വില കുറച്ചുനാളുകളായി ബാരലിന് 80–85 ഡോളറിനിടയിലാണ്.
കഴിഞ്ഞവർഷം ഡിസംബറിൽ ക്രൂഡ് വില ബാരലിന് 72 ഡോളർ വരെ കുറഞ്ഞപ്പോൾ ഇന്ധനവില കുറയുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങളിൽനിന്നു ജനുവരിയിൽ മന്ത്രി പുരി ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. ശക്തമായ വിലക്കയറ്റത്തിനിടെ ഇന്ധനവില കുറയാത്തത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരുന്നു. നേരിട്ടു വില കുറയ്ക്കാതെ നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയാണ് കഴിഞ്ഞവർഷം ജൂണിൽ കേന്ദ്ര സർക്കാർ ചെയ്തത്.
ക്രൂഡ് വില കുറയുമ്പോൾ പെട്രോൾ, ഡീസൽ വിലയും ആനുപാതികമായി കുറയുമെന്ന വാഗ്ദാനവുമായാണ് 2017 ൽ ദിവസവും വില പുതുക്കുന്ന രീതി ആരംഭിച്ചത്. ക്രൂഡ് വില ഉയരുമ്പോൾ ഇന്ധനവിലയും ആനുപാതികമായി ഉയർന്നിരുന്നെങ്കിലും കുറയുന്നതനുസരിച്ച് മെച്ചം ജനങ്ങൾക്കു നൽകാതിരിക്കുന്നതാണ് പിന്നീടു കണ്ടത്. ക്രൂഡ് വില കുത്തനെയിടിഞ്ഞ കോവിഡ് കാലത്ത് കേന്ദ്രസർക്കാർ നികുതി അടിക്കടി വർധിപ്പിച്ച് ഇന്ധനവില മാറ്റമില്ലാതെ നിർത്തി. പിന്നീട് 2022 മേയിൽ കേന്ദ്ര എക്സൈസ് നികുതി പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചിരുന്നു.
English Summary:
Petrol and diesel price reduced by two rupees
40oksopiu7f7i7uq42v99dodk2-2024-03 6anghk02mm1j22f2n7qqlnnbk8-2024-03 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-03-15 mo-politics-leaders-hardeepsinghpuri 2ihjt7c868521oknkvrqrcq38i 6anghk02mm1j22f2n7qqlnnbk8-2024-03-15 mo-business-petroldieselprice mo-news-common-malayalamnews mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 6anghk02mm1j22f2n7qqlnnbk8-2024 mo-legislature-governmentofindia 40oksopiu7f7i7uq42v99dodk2-2024
Source link