നന്പർ 42 മുംബൈ എക്സ്പ്രസ്
മുംബൈ: എട്ട് വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് മുംബൈ. ആവേശം നിറഞ്ഞ രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയെ 169 റണ്‍സിന് തോൽപ്പിച്ച് അജിങ്ക്യ രഹാനെയും സംഘവും കപ്പുയർത്തി, മുംബൈയുടെ 42-ാം രഞ്ജി ട്രോഫി കിരീടം. വാങ്കഡെ സ്റ്റേഡിയത്തിൽ അഞ്ചാം ദിനം രണ്ടാം സെഷനിൽ വിദർഭയുടെ ഇന്നിംഗ്സ് 368ൽ അവസാനിച്ചു. 538 റണ്‍സിന്റെ കൂറ്റൻ വിജയ ലക്ഷ്യമാണ് മുംബൈ ഉയർത്തിയത്. വൻ സ്കോർ പിന്തുടർന്ന വിദർഭയ്ക്കായി ക്യാപ്റ്റൻ അക്ഷയ് വാഡ്കർ സെഞ്ചുറിയും ഹർഷ് ദുബെ അർധസെഞ്ചുറിയും നേടി ചെറുത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. 48-ാം തവണയാണ് മുംബൈ രഞ്ജി ട്രോഫി ഫൈനലിൽ എത്തുന്നത്. സ്കോർ: മുംബൈ: 224, 418. വിദർഭ: 105, 368. ഫൈനൽ വീര്യം… ഫൈനൽ മത്സരത്തിലെ ആദ്യ ഇന്നിംഗ്സിൽ ഇരുടീമിന്റെയും ബാറ്റർമാർക്ക് അടിപതറി. ബൗളർമാർ നിറഞ്ഞാടിയപ്പോൾ മുംബൈ ആദ്യ ഇന്നിംഗ്സിൽ 224നും വിദർഭ 105നും പുറത്തായി. മുംബൈയുടെ രണ്ടാം ഇന്നിംഗ്സും തകർച്ചയോടെയായിരുന്നു. 34 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി.
മൂന്നാമനായി എത്തിയ മുഷീർ ഖാൻ 136 റണ്‍സുമായി മുംബൈയുടെ രക്ഷകനായി. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (73), ശ്രേയസ് അയ്യർ (95), എസ്. മുലാനി (50) എന്നിവരുടെ അർധസെഞ്ചുറികൾ മുംബൈയെ 418 എന്ന സുരക്ഷിതമായ സ്കോറിലെത്തിച്ചു. മുംബൈ ഉയർത്തിയ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന വിദർഭ കരുതലോടെയാണ് തുടങ്ങിയത്. 64 റണ്‍സിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. അതേ സ്കോറിൽ രണ്ടാം വിക്കറ്റും നഷ്ടം. ക്യാപ്റ്റൻ അക്ഷയ് വാഡ്കർ (102) സെഞ്ചുറിയുമായി കളം നിറഞ്ഞപ്പോൾ ഹർഷ് ദുബെ (65) അർധസെഞ്ചുറിയുമായി മുംബൈ ബൗളർമാരെ സമ്മർദത്തിലാക്കി. കരുണ്‍ നായരും (74) പൊരുതി. എന്നാൽ, തനുഷ് കോട്ടിയന്റെ നാല് വിക്കറ്റ് നേട്ടവും തുഷാർ ദേശ്പാണ്ഡെയുടെയും മുഷീർ ഖാന്റെയും രണ്ട് വിക്കറ്റ് നേട്ടവും 169 റണ്‍സ് അകലെ വിദർഭയെ വീഴ്ത്തി. രണ്ടു തവണ കപ്പുയർത്തിയ വിദർഭയ്ക്ക് മൂന്നാം തവണയാണ് ഫൈനലിൽ കാലിടറുന്നത്.
Source link