18 ദിവസം കൊണ്ടു തീർത്ത മമ്മൂട്ടി ചിത്രം; ‘സര്‍വകലാ മേനോന്‍’ സപ്തതിയില്‍
ഒരാള്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിർമിച്ച് പ്രധാനവേഷത്തില്‍ അഭിനയിക്കുക. ഒന്നോ രണ്ടോ സിനിമകളിലല്ല. രണ്ട് ഡസനിലധികം ചിത്രങ്ങളില്‍. അവയൊക്കെ 50 മുതല്‍ 100 ദിവസം വരെ തിയറ്ററുകള്‍ ഉത്സവപ്പറമ്പാക്കുക. സമാനമായ നേട്ടം കൈവരിച്ച ഏതെങ്കിലുമൊരു പ്രതിഭ മലയാള സിനിമാ ചരിത്രത്തില്‍ ഇല്ല എന്നതാണ് വസ്തുത. വണ്‍ടൈം വണ്ടറുകളായിരുന്നു പല ബഹുമുഖപ്രതിഭകളും. എന്നാല്‍ മേനോന്‍ നാലര പതിറ്റാണ്ടുകാലം മലയാള സിനിമയെ ഉളളം കയ്യിലിട്ട് അമ്മാനമാടി. ആരെയും അനുകരിക്കാതെ ആരുടെയും സ്വാധീനമില്ലാതെ തനത് ശൈലിയില്‍ എഴുതുകയും അഭിനയിക്കുകയും സംവിധാനം നിര്‍വഹിക്കുകയും ചെയ്തു എന്നതും അദ്ദേഹത്തിന്റെ സവിശേഷതയാണ്. ഭരതന്‍ ടച്ച് എന്ന മാന്ത്രികസ്പര്‍ശത്തെക്കുറിച്ച് പറയും പോലെ മേനോന്‍ ടച്ച് എന്ന വിശേഷണത്തിനും അദ്ദേഹം അര്‍ഹനായത് ഈ വ്യതിരിക്തത ഒന്നുകൊണ്ട് തന്നെയാണ്.
നസീറിനെ ഉടച്ചുവാര്‍ത്ത മേനോന്‍
മലയാളത്തിലെ പുതുകാലസിനിമകള്‍ക്ക് നിരൂപകരും മാധ്യമങ്ങളും നല്‍കിയ ഒരു ഓമനപേരുണ്ട്. പ്രകൃതിപ്പടം. കഥാതന്തുവിലും ആഖ്യാനസമീപനത്തിലും കഥാപാത്രങ്ങളുടെ ശരീരഭാഷയിലും സംഭാഷണശൈലിയിലും എല്ലാം അടിമുടി സ്വാഭാവികത നിറഞ്ഞു നില്‍ക്കുന്ന ഇത്തരം സിനിമകള്‍ മേനോന്‍ നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സഫലമായി പരീക്ഷിച്ചിരുന്നു.
അതിഭാവുകത്വവും ഓവര്‍ സെന്റിമെന്റലിസവും അരങ്ങ് വാഴുന്ന ഒരു കാലത്താണ് മേനോന്‍ സിനിമയില്‍ ചുവടു വയ്ക്കുന്നത്. എന്നാല്‍ ജീവിതത്തോട് അങ്ങേയറ്റം ചേര്‍ന്നു നില്‍ക്കുന്ന സിനിമകള്‍ ഒരുക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മേനോന്റെ ചലച്ചിത്രസമീപനത്തിലെ സ്വാഭാവികതയുടെ ആഴം വെളിപ്പെടുത്തുന്ന ഒരു രംഗമുണ്ട് ഏപ്രില്‍ 18 എന്ന സിനിമയില്‍. സബ്ബ് ഇന്‍സ്‌പെക്ടറായ രവികുമാര്‍ വീട്ടില്‍ വന്ന് യൂണിഫോം മാറി കൈലിയുടുക്കുന്നു. അഴിഞ്ഞുപോകാന്‍ ഒരുങ്ങുന്ന കൈലി വാരിയെടുത്ത് മുറുക്കുന്ന ആ സീനില്‍ കഥാപാത്രത്തിന്റെ ശരീരഭാഷയില്‍ പോലും നാച്വറാലിറ്റി കൊണ്ടുവരാന്‍ മേനോന് കഴിയുന്നു.
വീട്ടില്‍ പോലും കോട്ടും സ്യൂട്ടും മാത്രം ധരിച്ച് അച്ചടിഭാഷ പറയുന്ന കഥാപാത്രങ്ങളിലൂടെ മലയാള സിനിമ സഞ്ചരിച്ചിരുന്ന ഒരു കാലത്താണ് പച്ചയായ ജീവിതത്തെ സിനിമയിലേക്ക് പരാവര്‍ത്തനം ചെയ്യാന്‍ മേനോന്‍ ശ്രമിച്ചത്. കഥാപാത്രങ്ങള്‍ അഭിനയിക്കുന്നതിന് പകരം പെരുമാറുകയാണ് വേണ്ടതെന്ന വിലപ്പെട്ട പാഠം നടന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും മേനോന്‍ കാണിച്ചു തന്നു.
ഇന്ന് ഏറെ വാഴ്ത്തിപ്പാടുന്ന ബിഹേവിങ് എന്ന ആക്ടിങ് മെത്തേഡിന്റെ വക്താക്കളും പ്രയോക്താക്കളുമായി നാം മോഹന്‍ലാലിനെയും ഫഹദ് ഫാസിലിനെയും മറ്റും കൊണ്ടാടുന്നു. എന്നാല്‍ മേനോന്‍ ഇതൊക്കെ ദശകങ്ങള്‍ക്ക് മുന്‍പേ സിനിമയില്‍ കൊണ്ടുവന്നു.അസാധാരണമായ ആക്ടിങ് സ്‌കില്‍ ഉള്ള നടനൊന്നുമല്ല മേനോന്‍. അദ്ദേഹത്തിന് തന്റേതായ പരിമിതികളുണ്ട്. എന്നാല്‍ സാധാരണക്കാരനായ ഒരു മലയാളിയുടെ ശരീരഭാഷയും മാനറിസങ്ങളും സംഭാഷണശൈലിയും മറ്റും വൈഡ് സ്‌ക്രീനില്‍ ആവിഷ്‌കരിക്കുന്നതില്‍ മേനോന്‍ കാണിച്ച ജാഗ്രത അര്‍ഹിക്കുന്ന തലത്തില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല.
പ്രേംനസീര്‍ എന്ന മലയാളം കണ്ട എക്കാലത്തെയും വിപണിമൂല്യമുളള നടന്‍ നേരിട്ടു പോന്ന ഒരു വിമര്‍ശനമുണ്ട്. അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനങ്ങളിലെ പരിമിതിയായിരുന്നു വിഷയം. ഇരുട്ടിന്റെ ആത്മാവ് പോലുളള സിനിമകളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെങ്കിലും അത് ഒറ്റപ്പെട്ട സംഭവം എന്നതിനപ്പുറം വേണ്ടത്ര ഗൗരവതരമായി പരിഗണിക്കപ്പെട്ടില്ല. സത്യനും കൊട്ടാരക്കരയും മറ്റും വലിയ നടന്‍മാര്‍ എന്ന തലത്തില്‍ ആഘോഷിക്കപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പം ചേര്‍ത്തു വച്ച് നസീറിന്റെ പേര് പരാമര്‍ശിക്കാന്‍ പലരും വിമുഖത കാട്ടി. അതിന് അവര്‍ക്ക് അവരുടേതായ ന്യായങ്ങളും കാരണങ്ങളുമുണ്ടാവാം. എന്നാല്‍ മേനോന്‍ പ്രേംനസിറിലെ നടനെ ആകെ ഉടച്ചു വാര്‍ത്തു. അമിതാഭിനയത്തിന്റെ വക്താവായ പ്രേംനസീര്‍ തീര്‍ത്തും അഭിനയിക്കാതെ കഥാപാത്രത്തിന്റെ അന്തരാത്മാവിലേക്ക് പരകായപ്രവേശം നടത്തുന്ന കാഴ്ച രണ്ട് സിനിമകളില്‍ നാം കണ്ടു. ഒന്ന് കാര്യം നിസ്സാരം, മറ്റൊന്ന് പ്രശ്‌നം ഗുരുതരം.
നര്‍മം പോലെ ചെയ്ത് ഫലിപ്പിക്കാന്‍ പ്രയാസമുളള പല ഭാവങ്ങളും പ്രേംനസീറിനെക്കൊണ്ട് മേനോന്‍ അനായാസമായും അസലായും ചെയ്യിച്ചു. ഒരു സംവിധായകന്‍ നടനെ എങ്ങനെ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുന്നു എന്നതിന്റെ എക്കാലത്തെയും മികച്ച ഉദാഹരണമായിരുന്നു ഈ രണ്ട് സിനിമകള്‍. പ്രേംനസീറിന്റെ മകന്‍ ഷാനവാസ് നിര്‍ഭാഗ്യവശാല്‍ നടന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ വ്യക്തിയാണ്. ഈ മേഖലയില്‍ അദ്ദേഹത്തിന് ദീര്‍ഘകാലം നിലനില്‍ക്കാനും കഴിഞ്ഞില്ല. എന്നാല്‍ ഷാനവാസിന്റെ തുടക്കം മേനോന്റെ പ്രേമഗീതങ്ങള്‍ എന്ന സിനിമയിലൂടെ ആയിരുന്നു. ഷാനവാസ് ഏറ്റവും നന്നായി അഭിനയിച്ച സിനിമയും അതായിരുന്നു. നവാഗതനായ ഒരു നടനെ ചലച്ചിത്രകാരന്‍ എങ്ങനെ രൂപപ്പെടുത്തിയെടുക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് മേനോന്‍.
നവാഗതരെ കണ്ടെത്തുന്നതിലും അവരുടെ സിദ്ധിയെ പൂര്‍ണമായ തലത്തില്‍ ഉപയോഗിക്കുന്നതിലും മേനോന്‍ അദ്വിതീയനാണ്. മണിയന്‍പിളള രാജു, ബൈജു, ശോഭന, കാര്‍ത്തിക, ആനി, ലിസി, പാര്‍വതി, ഉഷ…മേനോന്‍ കണ്ടെത്തിയ അഭിനേതാക്കള്‍ അനവധിയാണ്. അവരൊക്കെ തന്നെ പില്‍ക്കാലത്ത് മലയാള സിനിമയില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
പ്രസാദാത്മകതയുടെ ചലച്ചിത്രകാരന്‍
കഥയെയും കഥാപാത്രങ്ങളെയും പിന്‍തുടരുന്ന ചലച്ചിത്രകാരനാണ് മേനോന്‍. പശ്ചാത്തലമോ കഥാഭൂമികയോ അടക്കം ഒന്നും മേനോന്‍ സിനിമകളില്‍ മുഴച്ചു നില്‍ക്കാറില്ല. വിഷ്വല്‍ ഗിമ്മിക്കുകളില്‍ അദ്ദേഹം വിശ്വസിക്കുന്നില്ല. കഥാകഥനത്തിന്റെ ഒഴുക്കും നൈസര്‍ഗീകതയും തടസപ്പെടുത്തുന്ന വിരട്ട് ഷോട്ടുകള്‍ ഒരു മേനോന്‍ സിനിമയിലും നമുക്ക് കാണാന്‍ സാധിക്കില്ല. ക്യാമറ കഥ പറയാനുളള ഉപകരണം മാത്രമാണെന്ന അടിസ്ഥാന ബോധം അദ്ദേഹത്തെ നയിക്കുന്നു. ഷോട്ടുകളുടെ നിര്‍ണയത്തിലും ഫ്രെയിം കോംപോസിഷനിലും ക്യാമറാ മൂവ്‌മെന്റ്‌സിലും എല്ലാം മേനോന്‍ പുലര്‍ത്തുന്ന അവധാനത ശ്രദ്ധേയമാണ്.
സൂക്ഷ്മവും ഏകാഗ്രവുമായി കഥ പറയുന്ന ചലച്ചിത്രകാരന്‍ അതില്‍ നിന്ന് കാണികളുടെ ശ്രദ്ധ വഴിതിരിച്ചു വിടാന്‍ ഒരു ഘടകങ്ങളെയും അനുവദിക്കാറില്ല. ബഷീര്‍ സാഹിത്യം പോലെയാണ് പലപ്പോഴും മേനോന്‍ സിനിമകള്‍. അഭിജാതമായ നര്‍മ്മവും ധ്വനിസാന്ദ്രതയും കൊണ്ട് കാച്ചിക്കുറുക്കിയ തിരക്കഥയും ആവിഷ്‌കാര ശൈലിയും. മൈതാനപ്രസംഗങ്ങള്‍ പോലുളള സംഭാഷണങ്ങള്‍ മേനോന്‍ ഉപയോഗിക്കാറില്ല. കഥാപാത്രങ്ങള്‍ മനുഷ്യരുടെ ഭാഷയില്‍ സംസാരിക്കണമെന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിനുണ്ട്. മിതത്വമാണ് മേനോന്‍ സിനിമകളൂടെ മുഖമുദ്ര. വിവിധ ഘടകങ്ങളുടെ കൃത്യമായ അനുപാതത്തിലുളള ജൈവസംശ്ലേഷണം മേനോന്‍ സിനിമകളില്‍ സംഭവിക്കുന്നത് കാണാം.
ഏപ്രില്‍ 18 ഒരു ചെറുകഥയുടെ ലാളിത്യവും ഏകാഗ്രതയും ഭാവാത്മകതയും സൗന്ദര്യപരതയും കയ്യടക്കവും കയ്യൊതുക്കവും സമന്വയിച്ച സിനിമയാണ്. ഇന്നും ഫ്രഷ്‌നസ് നഷ്ടപ്പെടാത്ത തികഞ്ഞ ചലച്ചിത്രാനുഭവം. ഗൗരവത്തിന്റെ മുഖാവരണം അണിഞ്ഞ് മസില് പിടിച്ചിരുന്ന് കഥാഖ്യാനം നടത്താന്‍ ഒരു ഘട്ടത്തിലും തയാറാവാത്ത മേനോന്‍ ഏറെ ഗൗരവപൂര്‍ണമായ ഇതിവൃത്തങ്ങള്‍ പോലും അവതരിപ്പിക്കുന്നത് പ്രസാദാത്മകതയെ കൂട്ടുപിടിച്ചാണ്. അഭിജാത നര്‍മത്തിന്റെ മേമ്പൊടി തൂകുന്ന മേനോന്‍ ഒരു സാഹചര്യത്തിലും സ്ലാപ്‌സ്റ്റിക് കോമഡി പോലുളള നിലവിട്ട ഹാസ്യത്തെ കൂട്ടുപിടിച്ചിട്ടില്ല.
ആര്‍ട്ഹൗസ് സിനിമകള്‍ പലപ്പോഴും അനുവര്‍ത്തിക്കാറുളള ജാടകള്‍ തീര്‍ത്തും ഒഴിവാക്കി സത്യസന്ധമായും നൈസര്‍ഗികമായും കഥ പറയാന്‍ ശ്രമിച്ചു എന്നതാണ് ബാലചന്ദ്രമേനോന്‍ സിനിമകളെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ കണക്കിലെടുക്കാന്‍ പലരെയും വിമുഖരാക്കിയത്. എന്നാല്‍ സാധാരണ ജനങ്ങള്‍ അദ്ദേഹത്തെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു. ഇന്നും ഇന്റനെറ്റിലടക്കം ഏറ്റവും റിപ്പീറ്റ് വാല്യൂ ഉളള സിനിമകളുടെ ഗണത്തില്‍ മേനോന്‍ ചിത്രങ്ങളുണ്ട്.
പല കാലങ്ങളില്‍ പല ജനുസില്‍ പെട്ട സംവിധായകര്‍ക്ക് പ്രചോദനമായ സംവിധായകന്‍ കൂടിയാണ് മേനോന്‍. ചിരിയോ ചിരി, അമ്മയാണെ സത്യം തുടങ്ങിയ പല മേനോന്‍ സിനിമകളും പല രൂപത്തിലും ഭാവത്തിലും മലയാളത്തില്‍ തന്നെ പില്‍ക്കാലത്ത് വേഷം മാറി വന്നു.
അനാഥത്വത്തിന്റെ ധര്‍മസങ്കടങ്ങള്‍ പറഞ്ഞ ആരാന്റെ മുല്ല കൊച്ചുമുല്ല, പൊലീസുകാരന്റെ യഥാർഥ ജീവിതം പറഞ്ഞ ഏപ്രില്‍ 18 ഈഗോ ക്ലാഷും വിവാഹമോചനത്തിലെ അതിയാഥാർഥ്യങ്ങളും ഭാര്യാഭര്‍ത്തൃബന്ധത്തിലെ സൗന്ദര്യപ്പിണക്കങ്ങളും അടക്കം പല അടരുകളുളള മനോഹരമായ ഒരു കൊച്ചു സിനിമയായിരുന്നു. ലാളിത്യത്തിന്റെ സൗന്ദര്യം ഈ സിനിമയുടെ ഓരോ ഫ്രെയിമിലും തുടിച്ചു നിന്നു.
വഴിമാറി നടന്ന തിരക്കഥകള്‍
സാഹിത്യാംശമുളള സംഭാഷണങ്ങളും നാടകീയതയും അതിഭാവുകത്വവും മുറ്റി നില്‍ക്കുന്ന കഥാസന്ദര്‍ഭങ്ങളും ഏച്ചുകെട്ടിയ കൃത്രിമത്വം നിറഞ്ഞ കഥാപാത്രങ്ങളുമൊക്കെ മലയാള സിനിമയെ പ്രൊഫഷനല്‍ നാടകങ്ങളുടെയോ നോവലുകളുടെയോ ക്യാമറാപതിപ്പുകളാക്കി തരംതാഴ്ത്തിയിരുന്ന ഒരു കാലത്ത് പച്ചയായ ജീവിതത്തെ സ്‌ക്രീനിലേക്ക് പരാവര്‍ത്തനം ചെയ്ത ചലച്ചിത്രകാരനാണ് മേനോന്‍.
അടുക്കും ചിട്ടയുമുളളതാണ് മേനോന്റെ തിരക്കഥള്‍. മണിച്ചെപ്പ് തുറന്നപ്പോള്‍ അടക്കം ചില സിനിമകളില്‍ നോണ്‍ലീനിയര്‍ നറേഷന്റെ സാധ്യതകള്‍ പരീക്ഷിച്ച മേനോന്‍ കൂടുതല്‍ സിനിമകളിലും നേരെ ചൊവ്വേ കഥ പറഞ്ഞു പോകുന്ന ലീനിയര്‍ നറേഷനാണ് സ്വീകരിച്ചത്. സീനുകളില്‍ നിന്ന് സീനുകളിലേക്ക് സ്വാഭാവികവും നൈസര്‍ഗികവുമായി വളരുന്ന തിരക്കഥകളാണ് അദ്ദേഹത്തിന്റേത്. സ്ലാപ്‌സ്റ്റിക് കോമഡി അരങ്ങു വാഴുന്ന കാലത്തും അഭിജാതവും കുറിക്കു കൊളളുന്നതുമായ നര്‍മ്മമാണ് മേനോന്‍ സ്വീകരിച്ചത്.
ഏപ്രില്‍ 18 ല്‍ ഭരത് ഗോപി അവതരിപ്പിച്ച കോണ്‍സ്റ്റബിള്‍ കുട്ടന്‍ പിളള എന്ന കഥാപാത്രം മേലുദ്യോഗസ്ഥനായ രവികുമാറിനെ പ്രീതിപ്പെടുത്താനായി അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് മുടി വളരാനുളള മരുന്ന് കൊണ്ടുപോയി കൊടുക്കുന്നു. തിരിച്ചുപോകാന്‍ നേരത്ത് ഒരു നനുത്ത ചിരിയോടെ രവികുമാര്‍ ചോദിക്കുന്നു,
‘ഗോപി പിളള മുടിവളരാന്‍ ഏത് മരുന്നാ ഉപയോഗിക്കുന്നത്’
മുഴുവന്‍ കഷണ്ടിയായ തലയില്‍ ഒന്ന് തലോടി ഒരു ഇളിഭ്യച്ചിരിയോടെ പിളള നില്‍ക്കുന്നു. കഥാപാത്രസൃഷ്ടിയിലെ മികവ് മേനോന്റെ എല്ലാ സിനിമകളിലും കാണാം. ഫ്‌ളാറ്റ് ക്യാരക്ടറൈസേഷനെ പടിക്കു പുറത്ത് നിര്‍ത്തി കഥാപാത്രങ്ങള്‍ക്ക് ആഴം നല്‍കാനുളള ചെപ്പടി വിദ്യകള്‍ മേനോന്‍ തന്ത്രപൂര്‍വം തിരക്കഥയില്‍ സന്നിവേശിപ്പിക്കാറുണ്ട്.
ഏപ്രില്‍ 18 ല്‍ തന്നെ അടൂര്‍ഭാസി അവതരിപ്പിക്കുന്ന അഴിമതി നാറാപിളള എന്ന കോണ്‍ട്രാക്ടര്‍ പൊങ്ങച്ചവും മേധാവിത്വവും ഉല്‍ക്കര്‍ഷേച്ഛയും കൊണ്ടു നടക്കുമ്പോള്‍ ദുരഭിമാനത്തോളം വളരുന്ന ആത്മാഭിമാനിയായ ഇന്‍സ്‌പെക്ടര്‍ രവികുമാറും ബാലിശമായ കുറുമ്പുകള്‍ കൊണ്ടു നടക്കുന്ന ഭാര്യ ശോഭനയും
സഹധര്‍മിണിയ്ക്കു മുന്നില്‍ വിധേയത്വം സൂക്ഷിക്കുന്ന അഡ്വ.തോമസും മുതലാളിത്തത്തിന്റെ സഹജമായ ഔദ്ധത്യം മുഖമുദ്രയാക്കിയ മാര്‍ക്കോസ് മുതലാളിയും അടക്കം ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളുടെയും നിര്‍മിതിയില്‍ തിരക്കഥാകൃത്ത് പുലര്‍ത്തുന്ന ജാഗ്രത അസാമാന്യമാണ്. ഒരു അനാഥശവം പൊങ്ങിയാല്‍ പോലും അതിന്റെ പേരില്‍ ബക്കറ്റ് പിരിവ് നടത്തുന്ന മണിയന്‍പിളള രാജുവിന്റെ കഥാപാത്രത്തിനും തനത് വ്യക്തിത്വം നല്‍കാന്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന അപ്രധാന കഥാപാത്രമാണിത്.
പാത്രസൃഷ്ടിക്ക് സിനിമയിലുളള നിര്‍ണായക സ്ഥാനത്തെക്കുറിച്ച് മേനോനുളള അവബോധം അദ്ദേഹത്തിന്റെ മിക്കവാറും എല്ലാ തിരക്കഥകളിലും കാണാം. പ്രശ്‌നം ഗുരുതരത്തിലെ ഫിലിം റപ്രസന്ററ്റീവ് ബാലു താന്‍ സ്ത്രീവിഷയങ്ങളില്‍ അതീവ തത്പരനാണെന്ന് സ്ഥാപിക്കാന്‍ അമിതവ്യഗത കാട്ടുന്നു. കണ്ടുമുട്ടിയ മിക്കസ്ത്രീകളുമായും താന്‍ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അയാള്‍ തന്നെ പരസ്യമായി പറഞ്ഞു നടക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ബൈക്ക് ആക്‌സിഡന്റില്‍ പൗരുഷം നഷ്ടപ്പെട്ട ബാലു ഉപബോധമനസിലെ അപകര്‍ഷത മറയ്ക്കാന്‍ സ്വയം എടുത്തണിയുന്ന കവചമാണ് ഈ സ്ത്രീലമ്പടക്കുപ്പായം.
മനശാസ്ത്രപരമായ ഇതിവൃത്തങ്ങള്‍ ഉള്‍ക്കൊളളുന്ന സിനിമകളിലെ പതിവ് രീതികള്‍ പാടെ മാറ്റി വച്ച് പുതിയ ആവിഷ്‌കാര രീതിയുമായെത്തിയ മേനോന്‍ ചെയ്ത വിഗ്രഹഭഞ്ജനം വരേണ്യവര്‍ഗ ബുദ്ധിജീവി ചര്‍ച്ചകള്‍ക്ക് അന്യമായി. അന്നോളം അത്തരമൊരു പ്രമേയം മലയാള സിനിമ പരീക്ഷിച്ചിരുന്നില്ല. ഷണ്ഡനായ ഒരു നായകനെ സങ്കല്‍പ്പിക്കാന്‍ ചലച്ചിത്രകാരന്‍മാര്‍ ഭയന്നിരുന്നു എന്നതാണ് വസ്തുത. എന്നാല്‍ മേനോന് വഴിമാറി നടത്തങ്ങള്‍ പുത്തരിയല്ല.
മനുഷ്യമനസിന്റെ സൂക്ഷ്തലങ്ങളിലുടെ സഞ്ചരിക്കുന്ന തിരക്കഥയാണ് കാര്യം നിസാരം. നാല് തലങ്ങളിലുളള ദമ്പതികള്‍ക്കിടയിലെ ഇണക്കവും പിണക്കവും ഈഗോയും കോംപ്ലക്‌സുകളും സംശയവും വിശ്വാസവും കുസൃതികളും പരിഭവങ്ങളും സാംസ്‌കാരികമായ അന്തരങ്ങളും എല്ലാം ഇടകലര്‍ത്തി ആവിഷ്‌കരിച്ച ഈ സിനിമ ഇന്നും ഒരു നവസിനിമ പോലെ ആസ്വദിക്കാം. അതിന് കാരണം മനുഷ്യന്റെ അടിസ്ഥാനവികാരങ്ങള്‍ എക്കാലവും സമാനമാണെന്നതും ഈ ഭാവപ്പകര്‍ച്ചകളെയെല്ലാം ആഴത്തില്‍ അടയാളപ്പെടുത്താന്‍ ചലച്ചിത്രകാരന് സാധിച്ചിരിക്കുന്നു എന്നതുമാണ്.
കഥാസന്ദര്‍ഭങ്ങളിലെ സ്വാഭാവികത എങ്ങനെ രൂപപ്പെടുന്നു എന്നതിന്റെ എക്കാലത്തെയും മികച്ച മാതൃകയായി പരിഗണിക്കാവുന്ന ഒരു സീനുണ്ട് ഏപ്രില്‍ 18 എന്ന മേനോന്‍ സിനിമകയില്‍.ഇന്‍സ്‌പെക്ടര്‍ രവികുമാറിനെ ഒരു സ്‌കൂള്‍ വാര്‍ഷികം ഉത്ഘാടനം ചെയ്യാന്‍ ക്ഷണിക്കുന്നു. പ്രസംഗവൈഭവം അശേഷം ഇല്ലാത്ത രവിക്ക് ഇതാദ്യമായാണ് ഒരു പൊതുവേദിയില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്. അദ്ദേഹത്തെ ഭാര്യ ശോഭന കൊച്ചുകുട്ടികളെ എന്നോണം പ്രസംഗം എഴുതി വായിച്ച് കാണാപാഠം പഠിപ്പിക്കുന്നു. തത്ത പറയും പോലെ ഏറ്റുപറയുന്നതിനിടയിലും അദ്ദേഹത്തിന് പിശകുകള്‍ പറ്റുന്നു.
എന്നാല്‍ വേദിയില്‍ എത്തിയ രവികുമാര്‍ പ്രസംഗം മറന്നു പോകുന്നു. പഠിച്ചുവച്ച വാക്കുകള്‍ ചിതറി എന്തൊക്കെയോ പിച്ചും പേയും പറയുന്നു. ഭാര്യയും മറ്റുളളവരും ആകെ വിഷമിച്ച് പോകുന്നു. എന്നാല്‍ ഏതാനും സമയത്തിനുളളില്‍ വളരെ ജൈവികമായി തന്നെ രവികുമാര്‍ പ്രസംഗിച്ച് തുടങ്ങുന്നു. ആരും പഠിപ്പിക്കാത്ത വാക്കുകളും അനുഭവങ്ങളും കയറി വരുന്നു. സ്വതസിദ്ധമായ ആ പ്രഭാഷണം അതിമനോഹരമായി മാറുന്നു. സ്വകീയതയുടെ ആഴം വെളിപ്പെടുത്തുന്ന ഈ രംഗം വിഭാവനം ചെയ്യാന്‍ കഴിഞ്ഞ ഒരു തിരക്കഥാകൃത്തും സംവിധായകനും ചില്ലറക്കാരനല്ല എന്ന് എന്നാണോ കപടബുദ്ധിജീവികള്‍ മനസിലാക്കുക?
ലാളിത്യത്തിലും വിഷയവൈവിധ്യത
അക്കാലത്ത് സിനിമയ്ക്ക് ഗൗരവപൂര്‍ണമായ ഒരു മുഖം ലഭിക്കാന്‍ ആവിഷ്‌കരണരീതിയില്‍ കൃത്രിമമായ ചില രീതികള്‍ അവലംബിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തരം കാപട്യങ്ങള്‍ക്ക് നില്‍ക്കാതെ ലളിതസുന്ദരമായി കഥ പറയുക എന്ന നിര്‍ബന്ധബുദ്ധി തന്നെയുണ്ടായിരുന്നു മേനോന്. സ്‌റ്റോറിടെല്ലിങിലെ ഡയറക്ട്‌നസിന് മേനോന് അദ്ദേഹത്തിന്റേതായ കാരണങ്ങളുമുണ്ടായിരുന്നു. ഒരു ഫിലിം മേക്കര്‍ സിനിമയെടുക്കുന്നത് ലക്ഷകണക്കിന് പ്രേക്ഷകര്‍ക്ക് വേണ്ടിയാണ്. അവര്‍ക്ക് അനായാസമായി ആസ്വദിക്കാന്‍ കഴിയണമെങ്കില്‍ ട്രീറ്റ്‌മെന്റിലെ ക്ലീഷേകള്‍ ഒഴിവാക്കണം. ഈ സാമാന്യ തത്ത്വത്തിന് ലഭിച്ച ജനപ്രീതി കൂടിയായിരുന്നു മേനോന്‍ ചിത്രങ്ങളുടെ വിപണനവിജയം.
അവതരണത്തില്‍ ലാളിത്യം ദീക്ഷിക്കുമ്പോഴും വിഷയസംബന്ധിയായ വൈവിധ്യങ്ങള്‍ക്ക് മേനോന്‍ ബോധപൂര്‍വം ശ്രമിച്ചിരുന്നു. ഒരേ അച്ചില്‍ വാര്‍ത്തവയല്ല മേനോന്‍ സിനിമകള്‍. കുടുംബാന്തരീക്ഷത്തില്‍ കഥ പറയുന്ന മേനോന്‍ സിനിമ കളിലൂടെ സംവദിക്കപ്പെടുന്ന വിഷയം ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു എന്നും. കലിക എന്ന ഹൊറര്‍ സിനിമ ഒരുക്കിയ മേനോന്‍ പാര്‍പ്പിട പ്രശ്‌നത്തിന്റെ രൂക്ഷത വരച്ചുകാട്ടിയ അച്ചുവേട്ടന്റെ വീടും റെയില്‍വെയുടെ പശ്ചാത്തലത്തില്‍ സമാന്തരങ്ങളും അവതരിപ്പിച്ചു.
കാര്യം നിസാരത്തില്‍ ശീര്‍ഷകം സൂചിപ്പിക്കും പോലെ പ്രത്യക്ഷത്തില്‍ നിസ്സാരമായി തോന്നാവുന്ന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഗുരുതരാവസ്ഥകള്‍ സരസമായി പറഞ്ഞു മേനോന്‍. മാനസിക വിഭ്രാന്തി ബാധിച്ച ഒരു കുട്ടം ആളുകളുടെ കഥ പറഞ്ഞ ഇത്തിരിനേരം ഒത്തിരിക്കാര്യം ആ ജനുസിലെ ആദ്യസിനിമയാണ്. പിന്നീട് താളവട്ടവും ഉളളടക്കവും അടക്കമുളള സിനിമകള്‍ ഉണ്ടായി.
കണ്ടതും കേട്ടതും എന്ന സിനിമയില്‍ ചെറുകിടപത്രപ്രവര്‍ത്തകന്റെ ജീവിതത്തിലെ ധര്‍മ്മസങ്കടങ്ങള്‍ക്കൊപ്പം ആകിക്കച്ചവടക്കാരുടെ ജീവിതം തന്നെ അദ്ദേഹം വിഷയമാക്കി.
ചിരിയോ ചിരി തൊഴിലില്ലാതെ അലയുന്ന രണ്ട് യുവാക്കളുടെ ജീവിതത്തിലെ പ്രതിസന്ധികള്‍ നര്‍മ്മവും നൊമ്പരവും കൃത്യമായ അനുപാതത്തില്‍ ചാലിച്ച് രൂപപ്പെടുത്തിയപ്പോള്‍ പില്‍ക്കാലത്ത് നാടോടിക്കാറ്റ് അടക്കമുളള സിനിമകളുടെ ആദ്യമാതൃകയായി. മണിയന്‍ പിളള അഥവാ മണിയന്‍പിളളയും ഉത്രാടരാത്രിയുമെല്ലാം വേറിട്ട ചലച്ചിത്രരചനകള്‍ തന്നെയായിരുന്നു.
40 ഫീച്ചര്‍ സിനിമകള്‍ മലയാളത്തിന് സമ്മാനിക്കുകയും അഭിനയം, തിരക്കഥ, സംവിധാനം, നിര്‍മാണം. ചിത്രസംയോജനം, സംഗീതം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കയ്യൊപ്പ് ചാര്‍ത്തിയ മേനോന് പത്മശ്രീ നല്‍കി രാഷ്ട്രം ആദരിച്ചു. സമാന്തരങ്ങളിലുടെ മികച്ച നടനുളള ഭരത് അവാര്‍ഡ് അദ്ദേഹം സുരേഷ്‌ഗോപിയുമായി പങ്കിട്ടു.
ഏത് കലാകാരനും ഒരു പടിയിറക്കമുണ്ട്. പ്രതിഭയുടെ തീവ്രതയില്‍ കാലം ചില ഏറ്റക്കുറച്ചിലുകള്‍ കൊണ്ടുവരാം. ഭരതനും കെ.ജി.ജോര്‍ജിനും മോഹനും ഐ.വി.ശശിക്കും ഫാസിലിനും സിബി മലയിലിനും എല്ലാം ഇത് സംഭവിച്ചിട്ടുണ്ട്. മേനോനും ആ പരീക്ഷണഘട്ടത്തെ അതിജീവിക്കാന്‍ കഴിഞ്ഞില്ല എന്നതും ഒരു വസ്തുതയാണ്. ഒടുവില്‍ സംഭവിച്ച പല സിനിമകളിലും സവിശേഷമായ ആ മേനോന്‍ ടച്ച് നമുക്ക് കാണാന്‍ സാധിച്ചില്ല. അതുകൊണ്ട് ആ പ്രഭാവം പടിയിറങ്ങിയെന്ന് വിശ്വസിക്കാനുമാവില്ല.
കൈവയ്ക്കുന്ന എന്തിലും ആസ്വാദനക്ഷമതയുടെ വലിയ ഒരു ലോകം തുറന്നിടാന്‍ കഴിവുളള പ്രതിഭ തന്നെയാണ് മേനോന്‍. അദ്ദേഹം രചിച്ച പുസ്തകങ്ങളില്‍ പോലും സവിശേഷമായ ഈ മേനോന്‍ സ്പര്‍ശം അനുഭവിച്ചറിയാന്‍ സാധിക്കും. കാണാത്ത സുല്‍ത്താന് സ്‌നേഹപൂര്‍വം പോലെ വിലപ്പെട്ട പല രചനകളും ആ എഴുത്ത് പ്രപഞ്ചത്തിലുണ്ട്. ഇത്തിരിനേരം ഒത്തിരികാര്യം എന്ന ആത്മകഥാപരമായ കൃതിയില്‍ അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത് തന്റെ ചലച്ചിത്രങ്ങള്‍ രൂപപ്പെട്ടതിന് പിന്നിലെ രസകരവും കൗതുകപൂർണവുമായ സാഹചര്യങ്ങളെക്കുറിച്ചാണ്.
മേനോന്‍ സിനിമകളുടെ ഫ്രഷ്‌നസ്
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരുക്കിയ ഒരു മേനോന്‍ സിനിമ ഇന്ന് കണ്ടാലും പുതിയത് പോലെ അനുഭവപ്പെടും. വല്ലാത്ത ഒരു തരം ഫ്രഷ്‌നസ് അതിനുണ്ട്. കംപ്യൂട്ടറും മൊബൈലും ഇന്റര്‍നെറ്റും അടക്കം നവസാങ്കേതിക വിദ്യയും മറ്റ് ജീവിതസാഹചര്യങ്ങളും അന്യമായ ഒരു കാലത്ത് രൂപപ്പെട്ട സിനിമകളുടെ പോലും ആസ്വാദനത്തില്‍ കാലമോ ജീവിതസാഹചര്യങ്ങളോ ഒരു തടസമായി അനുഭവപ്പെടുകയില്ല. ഒട്ടും പഴഞ്ചനായി തോന്നാത്ത, ഓരോ കാഴ്ചയിലും പുതിയ ആസ്വാദനാനുഭവം നല്‍കുന്നു മേനോന്‍ സിനിമകള്‍. പൊലീസുകാര്‍ നിക്കറിട്ട് നടക്കുന്ന കാലത്ത് ചിത്രീകരിച്ച ഏപ്രില്‍ 18 സാധാരണഗതിയില്‍ ഇന്ന് കാണുമ്പോള്‍ തമാശയായി തോന്നേണ്ടതാണ്. എന്നാല്‍ ബാഹ്യമായ സാഹചര്യങ്ങളിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധ വഴിതിരിഞ്ഞു പോകാത്ത വിധം കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും കഥനരീതിയും കൊണ്ട് മേനോന്‍ നടത്തുന്ന കണ്‍കെട്ട് വിദ്യ അനുപമമാണ്.
ചിരിയോ ചിരി, പ്രശ്‌നം ഗുരുതരം, കാര്യം നിസ്സാരം, നയം വ്യക്തമാക്കുന്നു…എന്നിങ്ങനെ ഒട്ടുമിക്ക മേനോന്‍ സിനിമകളും റിപ്പീറ്റ് വാല്യൂ ഉളളതും പുതുചിന്തകള്‍ക്ക് പ്രചോദനം നല്‍കാന്‍ പര്യാപ്തവുമാണ്. നര്‍മം മുഖമുദ്രയാക്കിയ ബാലചന്ദ്രമേനോന്റെ മറ്റൊരു മുഖം കാണാം അച്ചുവിന്റെ വീട്ടിലും സമാന്തരങ്ങളിലും മറ്റും. കാലദേശാതീതമായ ഇതിവൃത്തങ്ങള്‍ ആഖ്യാനം ചെയ്യുന്നു എന്നത് തന്നെയാവാം ഈ നിത്യനൂതനത്വത്തിന്റെ രഹസ്യം.
ഒരു പൈങ്കിളിക്കഥ ജനറേഷന്‍ ഗ്യാപ്പിന്റെയും അഭിരുചികളിലെ അന്തരത്തിന്റെയും കഥയാണ് പറയുന്നതെങ്കില്‍ മനുഷ്യന്റെ ഈഗോയും ദുരഭിമാനവും ബന്ധങ്ങളില്‍ വിളളലുകള്‍ വീഴ്ത്തുന്നതിന്റെ ചിത്രം ആലേഖനം ചെയ്യുന്നു കാര്യം നിസ്സാരത്തില്‍. പ്രശ്‌നം ഗുരുതരം മനശാസ്ത്രപരമായ ഒരു വിഷയം അപഗ്രഥിക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം തന്നെ ശുദ്ധനര്‍മ്മത്തിന്റെ പുറംതോടില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നു എന്നതാണ് ശ്രദ്ധേയം. മഹാകാര്യങ്ങള്‍ പറയുന്നു എന്ന നാട്യം മാറ്റി വച്ച് സരസമായും രസകരമായും വിഷയങ്ങള്‍ അവതരിപ്പിക്കുകയും ഇടയ്‌ക്കൊക്കെ നൊമ്പരപ്പൊട്ടുകള്‍ വാരി വിതറുകയും ചെയ്യുന്നു മേനോന്‍.
സംവിധായകന്‍ എന്നതിലുപരി തിരക്കഥയാണ് മേനോന്റെ തുറുപ്പുചീട്ട്. കെട്ടുറപ്പുളള ശില്‍പ്പഭദ്രമായ തിരക്കഥ കയ്യൊതുക്കത്തോടെ ദൃശ്യവത്കരിക്കുന്ന മേനോന്‍ ഒരിടത്തും പ്രേക്ഷകരെ മുഷിപ്പിക്കാതെ ശ്രദ്ധിക്കുന്നു. ഇന്ന് ഏറെ പ്രഖ്യാതമായ ലാഗ് എന്ന സിനിമാറ്റിക്ക് പദം മേനോന്‍ സിനിമകള്‍ക്ക് ഒരു കാലത്തും ബാധകമായിട്ടില്ല.
അഭിനയിക്കാനറിയാത്ത നടന്‍
നടന്‍ എന്ന നിലയില്‍ മേനോന്‍ എവിടെ നില്‍ക്കുന്നു എന്നതും കാര്യമായി പരിശോധിക്കപ്പെട്ടിട്ടില്ല. മലയാളത്തിലെ എണ്ണം പറഞ്ഞ നടന്‍മാരുടെ പട്ടികയില്‍ അദ്ദേഹം ഉള്‍പ്പെടുമോയെന്ന് നിശ്ചയമില്ല. പക്ഷെ തനതായ അഭിനയശൈലിക്ക് ഉടമയായിരുന്നു മേനോന്‍. നൂറുശതമാനം സ്വാഭാവികത നിലനിര്‍ത്തിയ സൂക്ഷ്മാഭിനയത്തിന്റെ വക്താവുമായിരുന്നു. സ്വന്തം കുറവുകള്‍ മറച്ചു വച്ച് സന്തോഷം അഭിനയിക്കുകയും സഹജീവികളെ ഉത്സാഹഭരിതരാക്കുകയും ചെയ്യുന്ന ബാലു എന്ന മെഡിക്കല്‍ റെപ്പ് മേനോന്‍ സൃഷ്ടിച്ച കഥാപാത്രമാണ്. എന്നാല്‍ മറ്റ് സംവിധായകരുടെ സിനിമകളില്‍ അഭിനയിച്ചപ്പോഴും മേനോന്‍ നടന്‍ എന്ന നിലയില്‍ മികവ് കാട്ടി. ക്ലാസ്‌മേറ്റ്‌സ്, ഇസബല്ല, സസ്‌നേഹം, കുടുംബപുരാണം എന്നിങ്ങനെ ഒരു സിനിമയിലും അദ്ദേഹം സ്വയം അനുകരിച്ചില്ല. മലയാളത്തിലെ പല വലിയ നടന്‍മാരും സ്വന്തം ശൈലിയുടെ തടവുകാരായി പരിമിതപ്പെട്ടപ്പോള്‍ മേനോന്‍ വൈവിധ്യങ്ങള്‍ക്കായി നിലകൊണ്ടു. സമാന്തരങ്ങളില്‍ അതുവരെ കാണാത്ത ഒരു ബാലചന്ദ്രമേനോനെ നാം കണ്ടു. അതിന് മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.
കേള്‍ക്കാത്ത ശബ്ദത്തിലും കുറുപ്പിന്റെ കണക്ക് പുസ്തകത്തിലും കാര്‍ക്കശ്യക്കാരന്റെ കടുംപിടുത്തങ്ങളും ക്ഷിപ്രകോപവും കുടുംബപുരാണത്തിലെ അറുപിശുക്കന്‍ കൃഷ്ണനുണ്ണി ഭാര്യയുമായുളള സ്വകാര്യ നിമിഷങ്ങളില്‍ പോലും പണത്തിന്റെ കണക്കുകള്‍ ഓര്‍ക്കുന്നതും മറ്റും നാടകീയതയുടെ സ്പര്‍ശമില്ലാതെ അതീവസ്വാഭാവികമായി മേനോന്‍ അവതരിപ്പിച്ച് ഫലിപ്പിച്ചു.
പിന്നിട്ട വഴികളിലെ അപൂര്‍വത
സിനിമകള്‍ സംവിധാനം ചെയ്യാന്‍ പരിചയമോ പരിശീലനമോ ഇക്കാലത്ത് ആവശ്യമില്ല. ഷൂട്ടിങ് സെറ്റില്‍ പോയിട്ടില്ലാത്തവരും ഒന്നോ രണ്ടോ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത പരിചയം മാത്രമുള്ളവരും വമ്പന്‍ സിനിമകള്‍ ഒരുക്കുന്ന കാലമാണിത്. ഇന്റര്‍നെറ്റിലൂടെ ചലച്ചിത്രനിര്‍മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ അടക്കമുളളവ പഠിക്കാന്‍ കഴിയുന്ന ഇക്കാലത്ത് പരമ്പരാഗത രീതിയിലുളള ചലച്ചിത്രപഠനം നിര്‍ബന്ധമില്ല. എന്നാല്‍ മേനോന്‍ സിനിമയില്‍ വരുമ്പോള്‍ പതിറ്റാണ്ടുകളോളം സഹസംവിധായകരായി മുതിര്‍ന്ന സംവിധായകര്‍ക്ക് കീഴില്‍ പരിശീലനം നേടിയവരോ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയവരോ മാത്രമാണ് സ്വതന്ത്രസംവിധായകരായത്. എന്നിട്ടും മേനോന്റെ ആത്മവിശ്വാസത്തെ ഇത്തരം പരിമിതികള്‍ തെല്ലൂം തളര്‍ത്തിയില്ല. ഫിലിം ജേർണലിസ്റ്റ് എന്ന നിലയില്‍ ലൊക്കേഷനുകളില്‍ പോയി കണ്ടും കേട്ടുമുളള പരിചയം മാത്രം കൈമുതലാക്കി ഉത്രാടരാത്രി എന്ന ആദ്യ സിനിമ ഒരുക്കിയ മേനോന്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിര്‍മിച്ച് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച് ദേശീയ പുരസ്‌കാരം നേടിയ ആദ്യത്തെ വ്യക്തി എന്ന റിക്കോര്‍ഡിന് ഉടമയാണ്.
മേനോന്റെ പ്രതിഭയുടെ ആഴം വെളിവാക്കുന്ന ഒരു അനുഭവകഥയുണ്ട്. ഒരിക്കല്‍ മമ്മൂട്ടി അഭിനയിക്കേണ്ട ഒരു സിനിമയുടെ ഷൂട്ടിങ് തീയതി മാറിപ്പോയി. ഏതാണ്ട് പതിനെട്ട് ദിവസത്തോളം അദ്ദേഹത്തിന് ഒഴിവുണ്ട്. മമ്മൂട്ടി, മേനോനെ വിളിച്ച് 18 ദിവസം കൊണ്ട് ഒരു പടം തീര്‍ക്കാമോയെന്ന് ചോദിച്ചു. ചിത്രീകരണത്തിനു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. വേറെ ഏത് സംവിധായകനാണെങ്കിലും ആ സാഹസത്തിന് നില്‍ക്കില്ല. ഒട്ടും ആലോചിക്കാതെ മേനോന്‍ യേസ് പറഞ്ഞു. പൂര്‍ണമായ തിരക്കഥ പോലുമില്ലാതെ കേവലം ഒരു കഥാതന്തുവിന്റെ മാത്രം പിന്‍ബലത്തില്‍ മമ്മൂട്ടിയെ പോലൊരു മഹാനടന് നല്‍കിയ ആ യേസ് ആയിരുന്നു ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമ.
മമ്മൂട്ടിയും ശാന്തികൃഷ്ണയും മുഖ്യവേഷത്തില്‍ അഭിനയിച്ച ചിത്രം പറഞ്ഞ ദിവസത്തിനുളളില്‍ ചിത്രീകരണം പൂര്‍ത്തിയായെന്ന് മാത്രമല്ല തിയറ്ററില്‍ വിജയം കൈവരിക്കുകയും ചെയ്തു. സിനിമ രൂപപ്പെട്ട ബാഹ്യസാഹചര്യങ്ങള്‍ മാത്രമാണിത്. അതിനുമപ്പുറം നയം വ്യക്തമാക്കുന്നു എന്ന സിനിമയ്ക്ക് ചില സവിശേഷതകള്‍ കൂടിയുണ്ട്. ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതം യഥാർഥമായി ആഖ്യാനം ചെയ്യപ്പെട്ട ആദ്യചിത്രം കൂടിയാണിത്. കടുത്ത ചായക്കൂട്ടുകളില്ലാതെ തികഞ്ഞ യാഥാർഥ്യബോധത്തോടെ ഒരു രാഷ്ട്രീയക്കാരനെ വരച്ചുകാട്ടിയ നയം വ്യക്തമാക്കുന്നു ഇന്നും പ്രസക്മായ സിനിമയാണ്. അത് രൂപപ്പെട്ട കാലവും സമയവും ഒന്നും സിനിമയുടെ മികവിന് വിലങ്ങു തടിയായില്ല എന്നത് ബാലചന്ദ്രമേനോന്‍ എന്ന ചലച്ചിത്രകാരന്റെ ആഴം വെളിവാക്കുന്നു.
ഇതാക്കെ പറയുമ്പോഴും ദാര്‍ശനികവും തത്ത്വചിന്താപരവുമായ തലങ്ങളുളളതല്ല മേനോന്‍ ആഖ്യാനം ചെയ്യുന്ന ഇതിവൃത്തങ്ങള്‍. മറിച്ച് സാര്‍വജനീനമായ മാനുഷിക വികാരങ്ങളും പ്രതിസന്ധികളും അവസ്ഥാപരിണതികളുമാണ് എക്കാലവും അദ്ദേഹത്തിന്റെ അസംസ്‌കൃത വസ്തു. അതിനെ തന്റേതായ തലത്തില്‍ ഒരു രാസപ്രക്രിയയ്ക്കു വിധേയമാക്കി മേനോന്‍ അവതരിപ്പിക്കുന്നു. ഒട്ടും മുഷിവില്ലാതെ…മടുപ്പില്ലാതെ…ചിരിക്കൊപ്പം ചിന്തയും ഉണര്‍ത്തുന്ന ഈ സിനിമകള്‍ മനസിനെ സ്പര്‍ശിക്കുന്നു. ചിലപ്പോഴെങ്കിലും വിമലീകരിക്കുന്നു. എവിടെയൊക്കെയോ നമ്മുടെ അനുഭവങ്ങളുമായി താദാത്മ്യം പ്രാപിക്കാനും മേനോന്‍ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് കഴിയുന്നു.
എന്നിട്ടും അക്കാദമിക് തലത്തില്‍ ഉന്നതനായ ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ മേനോന്‍ പരിഗണിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല പലപ്പോഴും ക്രൂരമായി നിരാകരിക്കപ്പെടുകയും ചെയ്യുന്നു. അതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന് അറിയില്ല. ആഖ്യാനത്തില്‍ ഗൗരവം ഭാവിച്ചുകൊണ്ട് ഉപരിപ്ലവമായ വിഷയങ്ങള്‍ ഉപരിതലസ്പര്‍ശിയായി പറഞ്ഞു പോകുന്ന പല സിനിമകളും ഉദാത്തമെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാലത്ത് സരസതയുടെ മുഖാവരണത്തിലൂടെ പ്രസാദമധുരമായി ആഴമേറിയ ജീവിതസത്യങ്ങള്‍ ആലേഖനം ചെയ്ത മേനോന്‍ സിനിമകള്‍ അവ അര്‍ഹിക്കുന്ന തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയതിനെ മലയാള സിനിമയുടെ ദുര്യോഗം എന്ന് മാത്രമേ വിശേഷിപ്പിക്കാന്‍ കഴിയൂ. പക്ഷേ ആരൊക്കെ അവഗണിച്ചാലും മലയാളി പ്രേക്ഷകരുടെ ആസ്വാദനതലത്തില്‍ എക്കാലവും ഒരു കുളിര്‍തെന്നലായി ഓരോ ബാലചന്ദ്രമേനോന്‍ സിനിമയും നിറഞ്ഞു നില്‍ക്കുക തന്നെ ചെയ്യും.
Source link