‘പ്രേമലു’ തെലുങ്ക് പതിപ്പ് ഹിറ്റായതിനു പുറമെ തമിഴ് പതിപ്പും റിലീസിനൊരുങ്ങുന്നു. പ്രമുഖ നിർമാണ–വിതരണ കമ്പനിയായ റെഡ് ജയന്റ് പിക്ചേഴ്സ് ആണ് ചിത്രം തമിഴ്നാട്ടില്‍ വിതരണത്തിനെത്തിക്കുന്നത്. മാർച്ച് 15ന് ചിത്രം റിലീസ് ചെയ്യും. അതേസമയം ചിത്രത്തെ പ്രശംസിച്ച് മഹേഷ് ബാബുവും രംഗത്തുവന്നിരുന്നു.
‘‘പ്രേമലുവിനെ തെലുങ്ക് പ്രേക്ഷകരിലേക്കു കൊണ്ടുവന്നതിന് നന്ദി എസ്എസ് കാര്‍ത്തികേയ. ശരിക്ക് ആസ്വദിച്ചു. ഒരു സിനിമകണ്ട് അവസാനമായി ഇത്ര അധികം ചിരിച്ചത് എപ്പോഴാണെന്ന് എനിക്ക് ഓര്‍മയില്ല. എന്റെ കുടുംബത്തിന് ഒന്നടങ്കം ഇഷ്ടപ്പെട്ടു. എല്ലാ യുവതാരങ്ങളുടേയും ഗംഭീര പ്രകടനം. ടീമിന് ഒന്നാകെ ആശംസകള്‍.’’–മഹേഷ് ബാബു കുറിച്ചു.
തെലുങ്ക് പ്രേക്ഷകർ ചിത്രം ഏറ്റെടുത്തതിനെ തുടർന്ന് രാജമൗലിയുടെ നേതൃത്വത്തിൽ സിനിമയുടെ സക്സസ് മീറ്റും സംഘടിപ്പിച്ചിരുന്നു. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയയാണ് പ്രേമലു തെലുങ്ക് പതിപ്പ് വിതരണത്തിനെത്തിച്ചത്. മാർച്ച് എട്ടിനാണ് തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്.
ഈ വർഷം നൂറു കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് ‘പ്രേമലു’. കേരളത്തിൽ മാത്രമല്ല അന്യഭാഷകളിലും വിദേശത്തും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. തെലുങ്ക് അടക്കമുള്ള സ്ഥലങ്ങളിലെ വൻ സ്വീകാര്യതയാണ് ഈ സുവർണനേട്ടത്തിലെത്താൻ ചിത്രത്തെ സഹായിച്ചത്.
Thank you @ssk1122 for bringing #Premalu to the Telugu audience… Thoroughly enjoyed it…. Can’t remember the last time when I laughed so much while watching a film… The entire family loved it 😁 Top class acting by all the youngsters 🤗🤗🤗Congratulations to the entire team!!— Mahesh Babu (@urstrulyMahesh) March 12, 2024
കേരളത്തിൽ നിന്നു മാത്രം 56 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. വിദേശത്തു നിന്നും മുപ്പതുകോടിക്കു മുകളിൽ ലഭിച്ചു. തിയറ്റർ കലക്‌ഷനിലൂടെ 100 കോടി ക്ലബ്ബിലെത്തുന്ന അഞ്ചാമത്തെ മലയാള ചിത്രം കൂടിയാണിത്. ലൂസിഫർ, പുലിമുരുകന്‍, 2018, മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് ഇതിനു മുമ്പ് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച സിനിമകൾ.
ഭീഷ്മ പർവം, കുറുപ്പ്, മധുര രാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, മാളികപ്പുറം എന്നീ സിനിമകളാണ് 100 കോടി ക്ലബ്ബിൽ ഇടംനേടിയെന്ന് അവകാശപ്പെടുന്ന മറ്റ് മലയാള സിനിമകൾ. ജൂഡ് ആന്തണിയുടെ ‘2018’ ആണ് മലയാളത്തിൽ ഏറ്റവുമധികം കലക്‌ഷൻ നേടിയ സിനിമ. 160 കോടിയുമായി തൊട്ടുപുറകിലാണ് മഞ്ഞുമ്മൽ ബോയ്സ്.
നസ്‌ലിന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേമലു ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിർമിമച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്‌ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്‌ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്, വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Source link