മുംബൈ: കാത്തിരിപ്പുകൾക്കു വിരാമം, എം.എസ്. ധോണിക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്ത് 2024 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് കളിക്കാൻ പൂർണ ആരോഗ്യവാനാണെന്ന് ബിസിസിഐ വ്യക്തമാക്കി. 2024 ഐപിഎല്ലിൽ ഋഷഭ് പന്ത് തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി ഇന്നലെയാണ് ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2022 ഡിസംബറിൽ 30ന് ഡൽഹി-ഡെറാഡൂണ് ഹൈവേയിൽവച്ചുണ്ടായ കാർ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിലായ ഋഷഭ് പന്ത്, നീണ്ട 14 മാസത്തെ പരിചരണങ്ങൾക്കും വിശ്രമത്തിനും ശേഷമാണ് ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുന്നത്. ഋഷഭ് പന്ത് തിരിച്ചെത്തുമെന്ന ഔദ്യോഗിക സ്ഥിരീകരണമെത്തിയതോടെ ഐപിഎൽ ആവേശത്തിനും തിരിതെളിഞ്ഞു. ഐപിഎൽ 2024 സീസണ് ആരംഭിക്കാൻ ഇനി വെറും ഒന്പത് ദിനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ വിക്കറ്റ് കീപ്പർ ബാറ്ററായി ഋഷഭ് പന്ത് ഫിറ്റാണെന്നാണ് ബിസിസിഐ അറിയിച്ചതെന്നതാണ് ശ്രദ്ധേയം. ‘2022 ഡിസംബർ 30ന് ജീവൻ അപായപ്പെടുത്താൻപൊന്ന റോഡ് അപകടത്തെത്തുടർന്ന് 14 മാസത്തെ വിപുലമായ പുനരധിവാസത്തിനും പരിചരണത്തിനുംശേഷം ഋഷഭ് പന്ത് ഐപിഎൽ 2024ലേക്ക് വിക്കറ്റ് കീപ്പർ ബാറ്ററായെത്താൻ ഫിറ്റാണ്’ – ഇതായിരുന്നു ബിസിസിഐ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റനാണ് ഇരുപത്താറുകാരനായ ഋഷഭ് പന്ത്. 2016 മുതൽ ഐപിഎല്ലിന്റെ ഭാഗമാണ്. ഇന്ത്യൻ ദേശീയ ടീമിന്റെ ഒന്നാം നന്പർ വിക്കറ്റ് കീപ്പർ ബാറ്ററുമായിരുന്നു. 2022 ഡിസംബർ 22ന് ബംഗ്ലാദേശിനെതിരായ മിർപുർ ടെസ്റ്റാണ് പന്ത് അവസാനമായി കളിച്ചത്. 2024 ട്വന്റി-20 ലോകകപ്പ് ഋഷഭ് പന്ത് ഐപിഎല്ലിൽ തിരിച്ചെത്തുന്നത് ഇന്ത്യൻ ടീമിന്റെ 2024 ട്വന്റി-20 ലോകകപ്പ് മുന്നൊരുക്കൾക്കും നിറമേകും. 2024 ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയെ രോഹിത് ശർമ നയിക്കുമെന്ന് ബിസിസിഐ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഋഷഭ് പന്ത് ഐപിഎല്ലിൽ കളിക്കുന്നത് ഇന്ത്യയുടെ ലോകകപ്പ് തയാറെടുപ്പിനും ബൂസ്റ്റാണെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷായും ഇന്നലെ വ്യക്തമാക്കി. ‘ഋഷഭ് പന്തിന് ട്വന്റി-20 ലോകകപ്പ് കളിക്കാൻ സാധിച്ചാൽ ടീം ഇന്ത്യയെ സംബന്ധിച്ച് വലിയൊരു കാര്യമായിരിക്കും അത്. ഐപിഎല്ലിൽ അയാൾ എന്ത് കാണിക്കുമെന്ന് ആദ്യം നമുക്ക് നോക്കാം’- ജെയ് ഷാ പറഞ്ഞു.
20 ഓവർ പരിശീലനം പരിചരണങ്ങൾ പൂർത്തിയാക്കിയശേഷം ബംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു (എൻസിഎ) ഋഷഭ് പന്തിന്റെ പരിശീലനം. കഴിഞ്ഞ മാസം പരിശീലന മത്സരം കളിച്ചിരുന്നു. എൻസിഎ ഫിസിയൊയുടെയും പരിശീലകരുടെയും മേൽനോട്ടത്തിൽ 20 ഓവർ പൂർണമായി ബാറ്റ് ചെയ്യുന്ന തരത്തിലായിരുന്നു കർണാടകയിലെ ആളൂരിൽ പരിശീലനം നടത്തിയത്. ഡൽഹി ക്യാപ്പിറ്റൽസ് സഹ ഉടമയായ പാർഥ് ജിൻഡാൽ കഴിഞ്ഞ മാസം അറിയിച്ചത് ഐപിഎൽ 2024 സീസണിന്റെ ആദ്യ പകുതിയിൽ ഋഷഭ് പന്ത് സ്പെഷലിസ്റ്റ് ബാറ്ററായി കളിക്കുമെന്നായിരുന്നു. ശരീരികാവസ്ഥ അനുസരിച്ച് രണ്ടാം പകുതിയിൽ കളിക്കുന്നത് പിന്നീട് തീരുമാനിക്കുമെന്നും പാർഥ് ജിൻഡാൽ അറിയിച്ചു. എന്നാൽ, എല്ലാ ആശങ്കകൾക്കും വിരാമമിട്ടാണ് പന്ത് പൂർണ ഫിറ്റാണെന്ന് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ഭുത രക്ഷപ്പെടൽ ജീവൻ അപായപ്പെടേണ്ട അപകടത്തെ അഭിമുഖീകരിച്ചശേഷം അദ്ഭുതകരമായ തിരിച്ചുവരവാണ് ഋഷഭ് പന്ത് നടത്തിയത്. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ റൂർക്കിക്ക് സമീപമായിരുന്നു ഋഷഭ് പന്ത് സഞ്ചരിച്ചിരുന്ന കാർ 2022 ഡിസംബർ 30ന് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 5.30നായിരുന്നു അപകടം. ഡിവൈഡറിൽ കാർ ഇടിക്കുകയായിരുന്നു. പന്തിന്റെ തലയ്ക്കും പുറത്തും ഗുരുതര പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തു. കാൽമുട്ടിലെ ലിഗമെന്റിലും കൈവിരലിലും ഉൾപ്പെടെ പൊട്ടലുണ്ടായി. പന്തിനെ ആദ്യം ഡൽഹിയിലെ ആശുപത്രിയിലായിരുന്നു ചികിത്സിച്ചത്. എന്നാൽ, പിന്നീട് ബിസിസിഐ എയർ ആംബുലൻസിൽ പന്തിനെ മുംബൈയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകി. തലച്ചോറിന്റെയും നട്ടെല്ലിന്റെയും എംആർഐ സ്കാനുകളിൽ കുഴപ്പമില്ലായിരുന്നു. എന്നാൽ, മുഖത്തുണ്ടായ മുറിവുകൾക്കുൾപ്പെടെ പ്ലാസ്റ്റിക് സർജറി നടത്തേണ്ടിവന്നു. ഋഷഭ് പന്ത് @ ഐപിഎൽ മത്സരം: 98 റണ്സ്: 2838 ഉയർന്ന സ്കോർ: 128* 100/50: 01/15 ക്യാച്ച്: 64 സ്റ്റംപിംഗ്: 18
Source link