ഇന്തോനേഷ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 26 പേർ മരിച്ചു
സുമാത്ര: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. 11 പേരെ കാണാതായി. ശക്തമായ കാലവർഷത്തിൽ നദികൾ കരകവിഞ്ഞതോടെ പശ്ചിമ സുമാത്ര പ്രവിശ്യയിലെ ഒമ്പത് ജില്ലകളും നഗരങ്ങളും വെള്ളത്തിനടിയിലായി. വ്യാഴാഴ്ച മുതൽ മേഖലയിൽ ശക്തമായ മഴയാണ്. വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് മലയോരഗ്രാമങ്ങൾ ഒറ്റപ്പെട്ടു. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതും പാലങ്ങളും റോഡുകളും തകർന്നതും മൂലം ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസപ്പെട്ടതായി ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
വെള്ളപ്പൊക്കം ദുരിതംവിതച്ച പടിഞ്ഞാറൻ സുമാത്രയിലെ പഡാങ് പരിയമാൻ, പെസിസിർ സെലാറ്റൻ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവഹാനി സംഭവിച്ചത്. മണ്ണിടിച്ചിലിൽ 14 വീടുകൾ തകർന്നതായി ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു. പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിൽ 37,000ത്തിലധികം വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി.
Source link