ഹീറോസ് പടയോട്ടം
ചെന്നൈ: മൂന്നാം സീസണ് പ്രൈം വോളിബോൾ ലീഗ് റൗണ്ട് ഇന്നലെ പൂർത്തിയായപ്പോൾ കാലിക്കട്ട് ഹീറോസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് സൂപ്പർ ഫൈവിലേക്ക് മുന്നേറി. ലീഗ് റൗണ്ടിൽ തങ്ങളുടെ അവസാന മത്സരത്തിൽ കാലിക്കട്ട് ഹീറോസ് 3-0ന് ചെന്നൈ ബ്ലിറ്റ്സിനെ കീഴടക്കി. 15-13, 15-12, 15-13നായിരുന്നു ഹീറോസിന്റെ ജയം. ലീഗ് റൗണ്ടിലെ എട്ട് മത്സരങ്ങളിൽ ആറ് ജയത്തിലൂടെ 12 പോയിന്റ് നേടിയാണ് കാലിക്കട്ട് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. കാലിക്കട്ടിനൊപ്പം അഹമ്മദാബാദ് ഡിഫെൻഡേഴ്സ്, ഡൽഹി തൂഫാൻസ്, ബംഗളൂരു ടോർപിഡോസ്, മുംബൈ മിറ്റിയോഴ്സ് എന്നീ ടീമുകളും സൂപ്പർ ഫൈവിലേക്ക് മുന്നേറി.
ഇനി സൂപ്പർ 5 മൂന്നാം സീസണ് പ്രൈം വോളിബോളിൽ ഇന്നു മുതൽ സൂപ്പർ 5 പോരാട്ടങ്ങൾ അരങ്ങേറും. ലീഗ് റൗണ്ട് ചാന്പ്യന്മാരായ കാലിക്കട്ട് ഹീറോസ് ഇന്ന് ആദ്യ മത്സരത്തിൽ ഇറങ്ങും. വൈകുന്നേരം 6.30നാണ് കാലിക്കട്ടിന്റെ മത്സരം. സൂപ്പർ ഫൈവിൽ റൗണ്ട് റോബിൻ രീതിയിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടും. സൂപ്പർ ഫൈവിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ടീം നേരിട്ട് ഫൈനലിലേക്ക് മുന്നേറും. രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിൽ പ്ലേ ഓഫ് എലിമിനേറ്റർ നടക്കും. അതിൽ ജയിക്കുന്ന ടീമും ഫൈനലിലേക്ക് പ്രവേശിക്കും. 19ന് എലിമിനേറ്ററും 21ന് ഫൈനലും അരങ്ങേറും. 17വരെയാണ് സൂപ്പർ ഫൈവ് പോരാട്ടങ്ങൾ.
Source link