1882ൽ ആദ്യമായി ഓസ്ട്രേലിയയോട് പരാജയപ്പെട്ടപ്പോഴാണ് ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചെന്ന വാർത്ത ആദ്യമായി അച്ചടിച്ചത്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള പോരാട്ടത്തിന് ആഷസ് എന്ന പേര് പിന്നാലെ വീണെന്നത് ചരിത്രം. ന്യൂസിലൻഡുകാരനായ ബ്രണ്ടൻ മക്കല്ലത്തിന്റെ പരിശീലനത്തിനും ബെൻ സ്റ്റോക്സിന്റെ ക്യാപ്റ്റൻസിക്കും കീഴിൽ ബാസ്ബോൾ (ആക്രമിച്ചു കളിച്ച് ജയിക്കുക) പരീക്ഷിക്കാൻ തുടങ്ങിയശേഷം ഇംഗ്ലണ്ട് ഒരു ടെസ്റ്റ് പരന്പര തോൽക്കുന്നത് ഇതാദ്യമാണ്. അതും 4-1ന് ദയനീയമായി. 1882ൽ കുറിക്കപ്പെട്ടതുപോലെ ബാസ്ബോൾ ഇന്ത്യയിൽ മരിച്ചെന്നു പറഞ്ഞാലും തെറ്റില്ല. 2022 ഏപ്രിൽ 28നാണ് ബെൻ സ്റ്റോക്സ് ഇംഗ്ലീഷ് ടെസ്റ്റ് ക്യാപ്റ്റനായത്. പുതിയ പരിശീലകനായ ബ്രണ്ടൻ മക്കല്ലവും സ്റ്റോക്സും ചേർന്നുള്ള കൂട്ടുകെട്ടിന്റെ ആദ്യ ടെസ്റ്റ് പരന്പര ന്യൂസിലൻഡിന് എതിരേയായിരുന്നു. 2022 ജൂണ്‍ രണ്ടിന് ആരംഭിച്ച മൂന്ന് മത്സര പരന്പര ഇംഗ്ലണ്ട് 3-0ന് സ്വന്തമാക്കി. 2021 ഓഗസ്റ്റ് – സെപ്റ്റംബറിൽ ഇന്ത്യ നടത്തിയ പര്യടനത്തിലെ ശേഷിച്ച ഒരു മത്സരമായിരുന്നു പിന്നീടു നടന്നത്. അഞ്ച് മത്സര പരന്പരയിലെ ആദ്യ നാല് ടെസ്റ്റ് പൂർത്തിയായപ്പോൾ 2-1ന് ഇന്ത്യയായിരുന്നു മുന്നിൽ. എന്നാൽ, 2022 ജൂലൈ ഒന്നിന് ആരംഭിച്ച അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് ജയം നേടി. അതോടെ പരന്പര 2-2ന് സമനിലയിൽ.
തുടർന്ന് 2022 ഓഗസ്റ്റ്-സെപ്റ്റംബറിൽ ഹോം സീരീസിൽ ദക്ഷിണാഫ്രിക്കയെയും (2-1) ഡിസംബറിൽ എവേ സീരീസിൽ പാക്കിസ്ഥാനെയും (3-0) കീഴടക്കി ബാസ്ബോളിലൂടെ ഇംഗ്ലണ്ട് പരന്പര സ്വന്തമാക്കി. ന്യൂസിലൻഡിനെതിരേ 1-1 സമനിലയും ആഷസിൽ 2-2 സമനിലയും അയർലൻഡിനെതിരേ 1-0ന് പരന്പരയും സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തിയത്. ഹൈദരാബാദിൽ നടന്ന ആദ്യടെസ്റ്റിൽ ഇംഗ്ലണ്ട് 28 റണ്‍സിന് ഇന്ത്യയെ കീഴടക്കി. അതോടെ ബാസ്ബോൾ ഇന്ത്യയിലും വെന്നിക്കൊടി പാറിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ, തുടർന്നുള്ള നാല് ടെസ്റ്റിലും ബാസ്ബോൾ ചാന്പൽ, ഇംഗ്ലണ്ടും. 2022 ജൂണ്‍ മുതലാണ് ബാസ്ബോൾ കാലഘട്ടമായി വിശേഷിപ്പിക്കപ്പെടുന്നത്. ഇക്കാലത്തിനിടെ ഇംഗ്ലണ്ട് ആദ്യമായാണ് ഒരു ടെസ്റ്റ് പരന്പര തോൽക്കുന്നത്. ഇന്ത്യയിൽ എത്തുന്നതുവരെ ആറ് പരന്പര കളിച്ചതിൽ നാലും ഇംഗ്ലണ്ട് ജയിച്ചിരുന്നു, കളിച്ച 18 ടെസ്റ്റിൽ 13ലും വെന്നിക്കൊടി പാറിച്ചു. നാല് തോൽവി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യൻ പര്യടനം അവസാനിക്കുന്പോൾ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ജയപരാജയ കണക്ക് 14-8 എന്നായി.
Source link