ആസിഫ് അലി സർദാരി പാക്കിസ്ഥാൻ പ്രസിഡന്റ്
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) നേതാവ് ആസിഫ് അലി സർദാരി പാക്കിസ്ഥാന്റെ 14ാമതു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 2008 മുതൽ 2013 വരെയും സർദാരി പ്രസിഡന്റായിരുന്നു. പാർലമെന്റും നാലു പ്രവിശ്യാ അസംബ്ലികളും ഉൾപ്പെടുന്ന ഇലക്ടറൽ കോളജിൽ ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ നിർത്തിയ മുഹമ്മദ് ഖാൻ അചക്സായിയെയാണു സർദാരി തോൽപ്പിച്ചത്. പാർലമെന്റിൽ സർദാരിക്ക് 255ഉം മുഹമ്മദ് ഖാന് 119ഉം വോട്ടുകളാണു ലഭിച്ചത്. സിന്ധ്, ബലൂചിസ്ഥാൻ, പഞ്ചാബ് പ്രവിശ്യകളിൽ സർദാരിയും ഖൈബർ പക്തൂൺഖ്വായിൽ മുഹമ്മദ് ഖാനും ജയിച്ചു.
പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ സഖ്യകക്ഷി സർക്കാരിന് പിപിപി നല്കുന്ന പിന്തുണയ്ക്കു പകരമാണ് സർദാരിക്കു പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്തത്. വധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവും പിപിപി സഹചെയർമാൻ ബിലാവൽ ഭൂട്ടോയുടെ പിതാവുമാണ് സർദാരി. നിലവിലെ പ്രസിഡന്റ് ആരിഫ് അൽവിയുടെ കാലാവധി കഴിഞ്ഞവർഷം അവസാനിച്ചിരുന്നു. എന്നാൽ പുതിയ ഇലക്ടറൽ കോളജ് രൂപീകൃതമാകാത്ത പശ്ചാത്തലത്തിൽ അദ്ദേഹം പദവിയിൽ തുടരുകയായിരുന്നു.
Source link